ആലപ്പുഴ ∙ രാവിലെ മുതൽ പല തവണ ട്രാക്ക് പരിശോധിച്ച്, ട്രാക്ക് എൻട്രി നടത്തി, ഹീറ്റ്സിൽ മത്സരിച്ച മഴ മടങ്ങി; പിന്നെ തുഴഞ്ഞതെല്ലാം ആവേശം, പെയ്തതെല്ലാം ആരവങ്ങൾ.രാവിലെ തുടങ്ങിയ ചെറുവള്ളങ്ങളുടെ ഹീറ്റ്സ് മുതൽ കരകൾ തുള്ളിച്ചാടുകയായിരുന്നു. ഉച്ച കഴിഞ്ഞു നെഹ്റു പവിലിയനിലെ വിശിഷ്ടാതിഥികൾക്ക് അഭിമുഖമായി വള്ളങ്ങൾ വലതുവശം കൊണ്ടു വാരിപ്പിടിച്ചു മാസ് ഡ്രില്ലിനൊരുങ്ങി.
കറുത്ത മുഖം മാറ്റി പ്രകൃതി ചെറുതായി ചിരിച്ചു. സിംബാബ്വെ ഡപ്യൂട്ടി മന്ത്രി രാജേഷ് കുമാർ ഇന്ദുകാന്ത് മോദി വെള്ളക്കൊടി വീശിയതോടെ വെള്ളത്തിൽ കുടമാറ്റം.
ആദ്യ വിസിലിൽ തുഴക്കാരുടെ സല്യൂട്ട്.
പിന്നെ തുഴകൾ ഒന്നായുയർത്തി അവരുടെ ആരവം. ഇടത്തും വലത്തുമായി തുഴകൾ നീട്ടിപ്പിടിക്കുന്നതിന്റെ ഒറ്റത്താളം.
ശേഷം ഓടങ്ങൾ സ്റ്റാർട്ടിങ് പോയിന്റിലേക്കു പുറപ്പെട്ടു; പുന്നമടക്കായലിനെ നാലായി വരഞ്ഞ ട്രാക്കുകളിലൂടെ കുതിച്ചു വരാൻ.കഴിഞ്ഞ തവണത്തെ ജേതാവായ കാരിച്ചാൽ ചുണ്ടന്റെ ക്യാപ്റ്റൻ അലൻ മൂന്നുതൈക്കൽ എല്ലാ വള്ളങ്ങൾക്കുമായി പ്രതിജ്ഞ ചൊല്ലി. പുന്നമടയിൽനിന്നു ഫിനിഷിങ് പോയിന്റിലേക്ക്, തെളിഞ്ഞ ട്രാക്കുകളിലൂടെ മൂന്നു സ്പീഡ് ബോട്ടുകൾ പാഞ്ഞുവന്നു.
കനൂയിങ്, കയാക്കിങ് താരങ്ങളായ ശിവാനിയും കൃതിയും എയ്ഞ്ചലും അവയിൽ വെള്ളക്കൊടി പറത്തി. വരാനിരിക്കുന്ന കുതിപ്പുകളുടെ മുന്നറിയിപ്പ്.
ചുണ്ടൻവള്ളങ്ങളുടെ ആദ്യ ഹീറ്റ്സിനൊപ്പം മഴയും കളിക്കിറങ്ങി.
മഴയെ ഗൗനിക്കാതെ നാലു വള്ളങ്ങളിലെ തുഴക്കാർ ഫിനിഷിങ് പോയിന്റ് മാത്രം ലക്ഷ്യം വച്ചു തുഴഞ്ഞു. കാരിച്ചാൽ ചുണ്ടൻ അനായാസം ഒന്നാമതെത്തി.
പറഞ്ഞു വച്ചതുപോലെ മഴ മാറി. അപ്പോഴും, ഇനിയും വരുമെന്ന ഓർമപ്പെടുത്തൽ പോലെ ആകാശം അൽപം ഇരുണ്ടുനിന്നു.രണ്ടാം ഹീറ്റ്സിൽ തീപിടിത്തമായിരുന്നു.
നടുവിലേപ്പറമ്പൻ ഫിനിഷിങ് പോയിന്റ് കടക്കുമ്പോൾ ഒരു തുഴയുടെ അകലത്തിൽ ചെറുതന ചുണ്ടനുണ്ടായിരുന്നു. മൂന്നാം ഹീറ്റ്സ് അതിലേറെ തീഷ്ണമായിരുന്നു.
മേൽപാടം ചുണ്ടൻ വെള്ളത്തിലൂടെ പറന്നു, ജയിച്ചു. തൊട്ടുപിന്നിൽ തലവടിച്ചുണ്ടനുണ്ടായിരുന്നു.
കരകൾ കൂറെക്കൂടി ഉച്ചത്തിൽ ആരവമിട്ടു.നാലാം ഹീറ്റ്സ് ചുട്ടുപഴുത്തു.
നടുഭാഗവും നിരണവും ഇഞ്ച് കണക്കിൽ കായലിനെ പിന്തള്ളി. നടുഭാഗം ജയിച്ചു കടന്നുപോയതു മില്ലി സെക്കൻഡുകളുടെ മാത്രം വ്യത്യാസത്തിൽ.
അയഞ്ഞതായിരുന്നു അഞ്ചാം ഹീറ്റ്സ്. പായിപ്പാടൻ ആടിപ്പാടി ജയിച്ചെന്നു പറയാം.
സെന്റ് പയസ് ടെൻത് ഏറെ പിന്നിലായിരുന്നു.ആറാമത്തെ (അവസാനത്തെ) ഹീറ്റ്സിലും കായലും കരകളും വലിഞ്ഞു മുറുകിയില്ല. വീയപുരം ചുണ്ടൻ തുഴഞ്ഞു നേടി.
ഏക എതിരാളി ആയാപറമ്പ് പാണ്ടി അടുത്തെങ്ങും ഉണ്ടായിരുന്നില്ല. എന്നിട്ടും വീയപുരം ആഞ്ഞുതന്നെ തുഴഞ്ഞു.
ശേഷം, മികച്ച സമയം കുറിച്ച ചുണ്ടൻവള്ളങ്ങൾ ലൂസേഴ്സ് ഫൈനലുകളിലും തനി ഫൈനലിലും കുതിക്കാനായി സ്റ്റാർട്ടിങ് പോയിന്റിനു സമീപം പതുങ്ങി. കൂൾ ഓഫ് ടൈം.
കായലിന്റെ നെട്ടായത്തെ ചെറുവള്ളങ്ങൾ വീണ്ടും ഏറ്റെടുത്തു.
ചുണ്ടൻ ഫൈനൽ കാത്തിരിക്കുന്ന കാണികൾ ചെറുവള്ളങ്ങളിലെ വേഗക്കാർക്കു വേണ്ടിയും ആരവമിട്ടു.ഫൈനൽ! പുന്നമടയിൽനിന്ന് ആ തേരോട്ടം തുടങ്ങിയപ്പോൾത്തന്നെ പുരുഷാരം കരകളിൽ ആർപ്പും ആരവവുംകൊണ്ടു തിട്ട
കെട്ടി.മേൽപാടം, നിരണം, നടുഭാഗം, വീയപുരം – നാലു ചാട്ടുളികൾ പാഞ്ഞുവരുന്നുണ്ട്. നാലിന്റെയും മുൻനിരയിൽ വളഞ്ഞുകുത്തിയിരുന്ന തുഴക്കാർ കായലിനെ കുത്തിയെറിഞ്ഞു.
പിന്നിൽ, പീലി വിരിയുന്നതുപോലെ നീളൻ പങ്കായങ്ങൾ താളത്തിൽ ഉയർന്നു, താഴ്ന്നു.
നാലാം ട്രാക്കിലൂടെ വീയപുരം ചുണ്ടൻ വെള്ളത്തിനെയും വായുവിനെയും നെടുകെ പിളർന്നു. ഓരോ തുഴയിലും ഇടിമിന്നലുകൾ പിറന്നു.
0.698 സെക്കൻഡിന്റെ തുഴക്കയറ്റം വീയപുരം ചുണ്ടനായിരുന്നു. നെഹ്റു ട്രോഫി വള്ളംകളിയുടെ 71ാം പതിപ്പിൽ, വെള്ളിക്കപ്പ് വാങ്ങി ഒരു കരയുടെ ആവേശം തുഴയുയർത്തി.
വെളിച്ചം മങ്ങിയിട്ടില്ല. തോറ്റ കൂട്ടത്തിൽ മഴയുമുണ്ടായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]