
ആലപ്പുഴ ∙ ചാംപ്യൻസ് ബോട്ട് ലീഗിൽ (സിബിഎൽ) നിന്നു നെഹ്റു ട്രോഫി വള്ളംകളിയെ ഒഴിവാക്കുന്നതു വള്ളംകളികളുടെ സാമ്പത്തിക വരുമാനം കുറയുകയും നടത്തിപ്പു ചെലവ് കൂടുകയും ചെയ്യും. ഏറ്റവും പ്രചാരമുള്ള വള്ളംകളിയെന്ന നിലയിൽ നെഹ്റു ട്രോഫി വള്ളംകളിയാണു സിബിഎലിലെ മുഖ്യ ആകർഷണം.
കൂടുതൽ വള്ളങ്ങൾ മത്സരിക്കുന്നതും കൂടുതൽ ജനപങ്കാളിത്തമുള്ളതും നെഹ്റു ട്രോഫിക്കാണ്. അതിനാൽ തന്നെ നെഹ്റു ട്രോഫി വള്ളംകളി കൂടി കണക്കിലെടുത്താണു പരസ്യദാതാക്കൾ പണം നൽകുന്നത്.
എന്നാൽ നെഹ്റു ട്രോഫി ഒഴിവാകുന്നതോടെ വലിയ തുക മുടക്കാൻ പരസ്യദാതാക്കൾ മടി കാണിക്കുന്നുണ്ട്. സമാനമായി സിബിഎലിലെ പ്രഥമ വള്ളംകളി എന്നതു നെഹ്റു ട്രോഫിയുടെ സ്പോൺസർഷിപ്പിനെയും തുണയ്ക്കുന്നുണ്ട്.
സിബിഎലിൽ നിന്ന് ഒഴിവാകുന്നതിനാൽ ഈ സാധ്യതയും മങ്ങും. കഴിഞ്ഞ വർഷം സിബിഎലിൽ നിന്നു നെഹ്റു ട്രോഫിക്കുള്ള 46 ലക്ഷം രൂപ ലഭിക്കാതെ വന്നതിനാലാണു 34 ലക്ഷത്തോളം രൂപ കടമുണ്ടായതും.
ഇതിനൊപ്പം സിബിഎലും നെഹ്റു ട്രോഫിയും രണ്ടാകുന്നതോടെ രണ്ടിന്റെയും നടത്തിപ്പു ചെലവു കൂടുകയും ചെയ്യും.
സിബിഎലിൽ നിന്നു ബോണസ്, സമ്മാനത്തുക ഇനങ്ങളിൽ നെഹ്റു ട്രോഫിക്കു ലഭിച്ചിരുന്ന 46 ലക്ഷം രൂപ കുറയും. സിബിഎലിലെ ബോണസിനെക്കാൾ ഉയർന്ന തുകയാണു നെഹ്റു ട്രോഫിയിൽ നൽകേണ്ടത് എന്നതിനാൽ ഇതിനു പകരം 61 ലക്ഷത്തോളം രൂപ അധികമായി കണ്ടെത്തേണ്ടതുണ്ട്.
സിബിഎലിൽ നിന്നു നെഹ്റു ട്രോഫി ഒഴിവാകുന്നതോടെ, ഉദ്ഘാടന മത്സരം സംഘടിപ്പിക്കാൻ വൻതുക സിബിഎലും മുടക്കേണ്ടി വരും. കൂടുതൽ അതിഥികളെയും കലാപരിപാടികളും ഉൾപ്പെടെ നടത്തി വലിയ ശ്രദ്ധ നേടാനാകും ശ്രമം.
ഇതിനനുസരിച്ചു ചെലവുമേറും.
നെഹ്റു ട്രോഫി വള്ളംകളിക്ക് 46 ലക്ഷം രൂപയാണു സിബിഎൽ മുടക്കുന്നതെങ്കിലും ഒരു കോടിയോളം ചെലവിട്ടു തയാറാക്കുന്ന സൗകര്യങ്ങളും വലിയ ജനക്കൂട്ടവും സിബിഎലിനു ലഭിക്കും. മൂന്നാം സീസൺ മുതൽ പൂർണമായും തനതു വരുമാനത്തിൽ സിബിഎൽ സംഘടിപ്പിക്കുമെന്നായിരുന്നു പ്രഥമ സീസൺ ഉദ്ഘാടന വേദിയിലെ പ്രഖ്യാപനം.
എന്നാൽ അഞ്ചാം സീസണിലേക്കു കടക്കുമ്പോഴും സർക്കാർ സാമ്പത്തിക സഹായമില്ലാതെ ലീഗ് നടത്താനായിട്ടില്ല. പിരിഞ്ഞു നിൽക്കുന്നതു സിബിഎലിനും നെഹ്റു ട്രോഫിക്കും നഷ്ടം മാത്രമേ നൽകൂ എന്നതിനാൽ നെഹ്റു ട്രോഫി വള്ളംകളിയെ സിബിഎലിലെ ഒന്നാം മത്സരമായി ഉൾപ്പെടുത്തണമെന്നാണു വള്ളംകളി പ്രേമികളും ക്ലബ്ബുകളും വള്ളസമിതികളും ആവശ്യപ്പെടുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]