
ആലപ്പുഴ ∙ മൂന്നു മാസമായി ഞങ്ങൾ ജീവിക്കുന്നത് വെള്ളത്തിലാണ്. വീടിനകത്തും പുറത്തുമായി മുട്ടോളം വെള്ളം.
മഴ രണ്ടുദിവസം വിട്ടുനിന്നാൽ ജലനിരപ്പ് അൽപം കുറഞ്ഞേക്കും. അത്രമാത്രം – പുളിങ്കുന്ന് കൃഷിഭവൻ പരിധിയിൽ ആയിരത്തോളം ഏക്കർ വിസ്തൃതിയുള്ള അയ്യനാട് പാടശേഖരത്തിനുള്ളിലെ അഞ്ഞൂറോളം കുടുംബങ്ങളുടെ ജീവിതമാണിത്.
‘‘എപ്പോഴും വെള്ളത്തിലൂടെ നടന്ന് അസുഖമാണ്.
തണുപ്പ് സഹിക്കാനാകാതെ വരുമ്പോൾ കസേരയിൽ കാൽ കയറ്റി വച്ച് ഇരിക്കും. പാടത്തു രണ്ടാം കൃഷി ഇറക്കാൻ വൈകുന്നു.
ഈ വെള്ളം ഒന്നു വറ്റിച്ചു തന്നെങ്കിൽ’’– വീട്ടിലേക്കു ഒഴുകിക്കയറുന്ന പോളകൾക്കിടയിൽ നിന്നുകൊണ്ട് 92 വയസ്സുകാരി മങ്കൊമ്പ് ചതുർഥ്യാകരി അഞ്ചിൽചിറയിൽ രുക്മിണി പറഞ്ഞു. ശാരീരിക അസ്വസ്ഥതയുണ്ടായ പുഷ്പമംഗലത്ത് സി.വിശ്വംഭരന്റെ ഭാര്യ അമ്മിണിയെ രണ്ടര കിലോമീറ്റർ അകലെയുള്ള ആശുപത്രിയിൽ എത്തിക്കാൻ വേണ്ടിവന്നത് 2 മണിക്കൂർ.
വെള്ളക്കെട്ട് കാരണം വാഹനങ്ങൾ വരാത്തതിനാൽ ചെറുവള്ളത്തിൽ ഇരുത്തി റോഡ് വരെ എത്തിച്ചാണ് ആശുപത്രിയിൽ കൊണ്ടുപോയത്.പുഞ്ചക്കൃഷിക്കു ശേഷം ഏപ്രിലിൽ പാടശേഖരത്തിൽ വെള്ളം കയറ്റിയതിനു പിന്നാലെ വേനൽമഴയും അതു തോരും മുൻപേ കാലവർഷവുമെത്തിയതോടെയാണ് ഇവരുടെയെല്ലാം ജീവിതം വെള്ളക്കെട്ടിലായത്. അയ്യനാട് പാടശേഖരത്തിൽ പുതുതായി ഉയർത്തിപ്പണിത വീടുകളിൽ മാത്രമാണു വെള്ളം കയറാതിരുന്നത്.
പക്ഷേ വീടിനു പുറത്തിറങ്ങിയാൽ ഇവരും വെള്ളത്തിലാകും. കുട്ടികൾ സ്കൂളിലേക്കും മുതിർന്നവർ ജോലിക്കും പോകുന്നത് ഈ വെള്ളക്കെട്ടിലൂടെയാണ്.
ജീവിതം വെള്ളത്തിനകത്താണെങ്കിലും കുടിക്കാൻ ശുദ്ധജലമില്ല.
മുറ്റത്തു പടുത വലിച്ചുകെട്ടി അതിലൂടെ ഒഴുകിവരുന്ന മഴവെള്ളം സംഭരിച്ചാണു മിക്കവരും കഴിച്ചുകൂട്ടുന്നത്. ‘‘പാത്രത്തിൽ മഴവെള്ളം പിടിച്ചു ടാങ്ക് നിറച്ചിടും.
മഴ ശക്തമാകുമ്പോൾ മുട്ടറ്റം വെള്ളത്തിൽ നിന്നാണു ടാങ്കിൽ വെള്ളം നിറയ്ക്കുന്നത്.’’ അഞ്ചിൽചിറയിൽ ഷൈനി പറഞ്ഞു. പായൽ പിടിച്ച മേൽക്കൂരയിൽ നിന്നു വീഴുന്ന മഴവെള്ളം തുണികൊണ്ട് അരിച്ചു പാചകത്തിന് ഉപയോഗിക്കുന്നവരുമുണ്ട്.
കുട്ടനാട്ടിൽ രണ്ടാംകൃഷി ഇറക്കാത്ത പാടശേഖരങ്ങളുടെ ഉള്ളിൽ താമസിക്കുന്നവരുടെ ഗതി ഇതാണ്. പ്രശ്നങ്ങൾ പലതവണ ജനപ്രതിനിധികളെയും അധികൃതരെയും അറിയിച്ചിരുന്നു.
ഇനിയും എത്ര നാൾ ഇങ്ങനെ വെള്ളത്തിൽ – നിറകണ്ണുകളോടെ അവർ ചോദിക്കുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]