ചാരുംമൂട്∙ താലൂക്ക് വികസനസമിതി യോഗത്തിലെ തീരുമാനങ്ങൾ പ്രഹസനമാകുന്നതായി ആരോപണം. ചാരുംമൂട് മേഖലയിലെ വിവിധ ആവശ്യങ്ങൾ വികസനസമിതി യോഗത്തിൽ അംഗങ്ങൾ ഉന്നയിച്ചെങ്കിലും ഇതുവരെയും നടപടി എടുത്തിട്ടില്ല.
എംഎൽഎ നിർദേശിച്ചിട്ടും വകുപ്പുതല ഉദ്യോഗസ്ഥർ തീരുമാനങ്ങൾ എടുക്കാൻ തയാറാകുന്നില്ലെന്നാണ് ആരോപണം. കനാൽ വശങ്ങളിൽ വീടുകൾക്ക് ഭീഷണിയായി നിൽക്കുന്ന വൃക്ഷങ്ങൾ മുറിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടും കെഐപി നടപടി സ്വീകരിക്കുന്നില്ല.
അപകടാവസ്ഥയിൽ നിലനിൽക്കുന്ന വൃക്ഷങ്ങൾ മുറിച്ചുമാറ്റണമെന്ന് യോഗത്തിൽ എംഎൽഎ കെഐപിയോട് ആവശ്യപ്പെട്ടിരുന്നു.
പാലമേൽ പഞ്ചായത്തിൽ പതിനൊന്നാം വാർഡിലെ പൊതുകുളം മലിനമാക്കിയതുമായി ബന്ധപ്പെട്ട സംഭവത്തിൽ ആസ്തി റജിസ്റ്റർ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ചുമതലപ്പെടുത്തിയിരുന്നു.
എന്നാൽ നടപടികളൊന്നും ആയിട്ടില്ല. 1995ൽ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ഈ കുളത്തിന് നിർമാണ പ്രവർത്തനങ്ങൾ നടത്തിയെന്നും ഇവർ ആരോപിച്ചു. കെ–പി റോഡിൽ റോഡിന്റെ ഇരുവശങ്ങളിലും സ്കൂളിന്റെ മുൻവശങ്ങളിലും അപകടാവസ്ഥയിൽ നിലകൊള്ളുന്ന വൃക്ഷങ്ങൾ വെട്ടിമാറ്റണമെന്ന് നിരന്തരമായി യോഗത്തിൽ ആവശ്യം ഉയരുന്നുണ്ടെങ്കിലും ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല.
ചാരുംമൂട് ജംക്ഷനിൽ കാത്തിരിപ്പുകേന്ദ്രത്തിന് മുൻവശത്ത് ഗതാഗതതടസ്സം ഇല്ലാത്ത രീതിയിൽ ബസുകൾ നിർത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യണമെന്ന് യോഗത്തിൽ ആവശ്യം ഉയർന്നിരുന്നു.
മോട്ടർ വാഹനവകുപ്പിന് നിർദേശം നൽകിയെങ്കിലും ഇതുവരെയും പരിഹാരം കണ്ടിട്ടില്ല. നൂറനാട് സബ് റജിസ്ട്രാർ ഓഫീസിലെ വാർഷിക മീറ്റിങ് വിളിച്ചു ചേർക്കണമെന്ന് മേയിൽ കൂടിയ താലൂക്ക് വികസനസമിതിയിൽ എംഎൽഎ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ ഇത് സംബന്ധിച്ച തുടർനടപടികളൊന്നും എടുത്തിട്ടില്ല. പാലമേൽ പഞ്ചായത്തിലെ മറ്റപ്പള്ളി ആശാൻ കലുങ്ക് റോഡിന്റെ നിർമാണ പ്രവർത്തനത്തിലെ അപാകത പരിഹരിക്കണമെന്നും യോഗത്തിൽ ആവശ്യം ഉയർന്നു. നടപടി സ്വീകരിക്കുമെന്ന് ആലപ്പുഴ ജില്ലാ പഞ്ചായത്തിലെ പിഎംജെഎസ്വൈ എൻജിനീയർമാർ നിർദേശിച്ചിരുന്നു.
ഇതും പൂർത്തീകരിച്ചിട്ടില്ല.
ചാരുംമൂട് ജംക്ഷനിൽ സ്ഥാപിച്ചിട്ടുള്ള ഫ്ലെക്സ് ബോർഡുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മൂന്ന് യോഗങ്ങൾ കഴിഞ്ഞിട്ടും ഇതുവരെയും നടപടികൾ സ്വീകരിച്ചിട്ടില്ല. ചാരുംമൂട് ജംക്ഷൻ കേന്ദ്രീകരിച്ച് വൈകുന്നേരങ്ങളിൽ നൂറനാട് പൊലീസ് പട്രോളിങ് ശക്തമായി നടപ്പാക്കി അപകടങ്ങൾക്കും ഗതാഗതക്കുരുക്കുകൾക്കും അനധികൃത പാർക്കിങ്ങിനും പരിഹാരം കാണണമെന്ന് വിവിധ യോഗങ്ങളിൽ മേഖലയിൽ നിന്നുള്ള ജനപ്രതിനിധികളായ മനോജ് സി.ശേഖർ, ചാരുംമൂട് സാദത്ത്, സുബേർ എന്നിവർ ആവശ്യപ്പെട്ടു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]