ആലപ്പുഴ ∙ ജില്ലാക്കോടതി പാലം പുനർനിർമാണ പദ്ധതിയിൽ ഫ്ലൈ ഓവറിന്റെ പണി തുടങ്ങി. ആകെയുള്ള 168 പൈലിങ് പ്രവൃത്തികളിൽ 97 എണ്ണത്തിന്റെ നിർമാണം പൂർത്തിയായി.
പുനർനിർമാണത്തെ ബാധിക്കുമെന്നതിനാൽ താൽക്കാലിക പാലം പൊളിച്ചുനീക്കണമെന്നാണു നിർമാണക്കമ്പനിയുടെ തീരുമാനം. വാടത്തോടിന്റെ വടക്കേക്കരയിൽ പുന്നമട ഭാഗത്തേക്കുള്ള റോഡിൽ തോടിന്റെ തീരത്താണ് ഫ്ലൈ ഓവർ നിർമാണം തുടങ്ങിയത്.
ഫ്ലൈ ഓവറിന്റെ താഴെ കിഴക്കുപടിഞ്ഞാറായി റോഡിന്റെയും റൗണ്ട് എബൗട്ട് മാതൃകയിലുള്ള പാലത്തിൽ നിന്നു പുന്നമട ഭാഗത്തേക്ക് പോകാനുള്ള റാംപ് റോഡിന്റെയും റാംപ് റോഡിനോട് ചേർന്ന് ഓടയുടെയും നിർമാണം പുരോഗമിക്കുന്നു.
വാഹനങ്ങളുടെ വേഗം നിയന്ത്രിക്കുന്നതിനാണു റൗണ്ട് എബൗട്ട് മാതൃകയിൽ പാലം നിർമിക്കുന്നത്.
തോടിന്റെ ഇരു കരകളിലും നാല് വശങ്ങളിലേക്കു ഫ്ലൈ ഓവറുകൾ നിർമിക്കും. അടിപ്പാതയും, റാംപ് റോഡുകളും പാലവും ഉൾപ്പെടെ 600 മീറ്റർ നീളം ഉണ്ടായിരിക്കും.
പ്രധാന പാലത്തിനു മാത്രം 90 മീറ്റർ നീളവും 60 മീറ്റർ വീതിയുമുണ്ട്. മുല്ലയ്ക്കൽ ചിറപ്പ്, കിടങ്ങാംപറമ്പ് ഉത്സവം പ്രമാണിച്ച് കലക്ടർ മുൻകയ്യെടുത്തായിരുന്നു താൽക്കാലിക നടപ്പാലം നിർമിച്ചത്.
മൂന്നു മാസത്തേക്ക് നടപ്പാലം പൊളിച്ചുമാറ്റാൻ പാടില്ലെന്നാണ് വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാൽ നിർമാണ ആവശ്യത്തിനായി കൂറ്റൻ യന്ത്രങ്ങളും മറ്റ് സാമഗ്രികളും കൊണ്ടുവരികയും പോകുകയും ചെയ്യുമ്പോൾ സുരക്ഷയെ ബാധിക്കുമെന്നതിനാൽ താൽക്കാലിക പാലം ജനുവരി ഒന്നിനു ശേഷം പൊളിച്ചു മാറ്റാനാണ് നിർമാണ കമ്പനിയുടെ തീരുമാനം.
എന്നാൽ ഇക്കാര്യത്തിൽ എംഎൽഎയും കലക്ടറും തീരുമാനം അറിയിക്കണമെന്ന നിലപാടിലാണ് പാലത്തിന്റെ നിർമാണച്ചുമതല നിർവഹിക്കുന്ന കെആർഎഫ്ബി പൊതുമരാമത്ത് വിഭാഗം ഉദ്യോഗസ്ഥർ.
ഒന്നര വർഷത്തിനകം പൂർത്തിയാക്കും: എംഎൽഎ
ആലപ്പുഴ∙നഗരത്തിന്റെ വളർച്ചയിൽ വലിയ പങ്കുവഹിക്കാനുള്ള ജില്ലാ കോടതി പാലത്തിന്റെ നിർമാണം ഒന്നര വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് പി.പി. ചിത്തരഞ്ജൻ എംഎൽഎ അറിയിച്ചു.
ആലപ്പുഴ ബീച്ച് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര- സംസ്ഥാന സർക്കാരുകൾ 92 കോടി രൂപ ചെലവഴിച്ചാണ് ആലപ്പുഴയുടെ പ്രധാന കനാലുകളുടെ ഇരുകരകളിലും സൗന്ദര്യവൽക്കരണം നടത്തുന്നത്.
സൈക്കിൾ ട്രാക്ക്, ഓപ്പൺ ജിം തുടങ്ങി ധാരാളം സംവിധാനങ്ങൾ കനാൽ കരകളിൽ സജ്ജമാക്കും.
കടൽപ്പാലവുമായി ബന്ധപ്പെട്ട് വിനോദസഞ്ചാരവകുപ്പ് നിർമാണ പ്രവർത്തനങ്ങൾക്ക് പുതിയ രീതി അവലംബിക്കും. പാലത്തിൽ റസ്റ്ററന്റുകൾ ഉണ്ടാകും.
ടൂറിസ്റ്റുകൾക്ക് അവിടേക്ക് നടന്നുപോയി ഭക്ഷണം കഴിക്കാൻ കഴിയുന്ന തരത്തിൽ മനോഹരമായ വലിയ നിർമാണ പ്രവർത്തനമാണ് നടത്തുക. ഒന്നോ രണ്ടോ മാസത്തിനുള്ളിൽ ഇതിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കും.
ബൈപാസിന്റെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ആ പണി പൂർത്തീകരിച്ച ശേഷം മാത്രമേ ബീച്ചിന്റെ നവീകരണ പ്രവർത്തനങ്ങൾ ജനങ്ങൾ ആഗ്രഹിക്കുന്ന നിലയിൽ പൂർത്തീകരിക്കാൻ കഴിയൂ. ജൂൺ, ജൂലൈ മാസത്തോടു കൂടി ദേശീയപാതയുടെ പണി പൂർത്തീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും എംഎൽഎ കൂട്ടിച്ചേർത്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

