
ആലപ്പുഴ ∙ കോടതിപ്പാലം പുനർനിർമാണത്തിന്റെ ഭാഗമായി നിലവിലെ പാലത്തിലൂടെയുള്ള വാഹനങ്ങളുടെ ഗതാഗതവും ആളുകളുടെ സഞ്ചാരവും ഇന്നലെ മുതൽ പൂർണമായി നിരോധിച്ചു. വാഹനങ്ങൾ വഴിതിരിച്ചുവിടുന്നതിനുള്ള പരീക്ഷണയോട്ടം ഇന്നും തുടരും.
പരീക്ഷണയോട്ടം വിജയിച്ചാൽ ഈ വഴികളിലൂടെ ആയിരിക്കും നാളെമുതൽ വാഹനങ്ങൾ പോകുന്നത്. പ്രധാനമായും കെഎസ്ആർടിസി, സ്വകാര്യ ബസുകളാണ് നിശ്ചയിച്ചിട്ടുള്ള പുതിയ വഴികളിലൂടെ തിരിച്ചുവിട്ടത്. 27 കേന്ദ്രങ്ങളിലാണ് ഗതാഗത നിയന്ത്രണം നടത്തിയത്.
ഇതിൽ 17 കേന്ദ്രങ്ങളിൽ പൊലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നു.
പാലം ഒഴിവാക്കിയുള്ള ഗതാഗതം പൂർണമാകുന്നതോടെ തെക്കേക്കരയിലെ പൈലിങ് ജോലികൾ ആരംഭിക്കും. വടക്കേക്കരയിൽ മത്സ്യകന്യകയുടെ ശിൽപം നിൽക്കുന്ന സ്ഥലത്തടക്കം രണ്ട് പൈലിങ്ങുകൾ കൂടി നടത്താനുണ്ട്.
മത്സ്യകന്യക അവിടുന്ന് മാറ്റുന്നതു സംബന്ധിച്ച തീരുമാനം പൂർണമായും ഇതുവരെയും കൈക്കൊണ്ടിട്ടില്ല.തണ്ണീർമുക്കം, മുഹമ്മ, മണ്ണഞ്ചേരി ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങളും ആ ഭാഗങ്ങളിലേക്ക് തിരികെ പോകുന്ന വാഹനങ്ങളും കൈചൂണ്ടി ജംക്ഷനിൽ നിന്നു തിരിച്ചുവിട്ടു. കൊമ്മാടി പാലം കയറാതെ എഎസ് തോടിന്റെ കിഴക്കേ റോഡിലൂടെയാണ് വാഹനങ്ങൾ തിരിച്ചുവിട്ടത്.
റോഡ് പൂർണമായി അടച്ചു; പ്രതിഷേധത്തിനൊടുവിൽ ഇളവ്
വൈഎംസിഎ പാലത്തിനു സമീപം തെക്കേക്കരയിൽ റോഡ് മുഴുവനായി അടച്ചുകെട്ടിയതിനെതിരേ പ്രദേശവാസികളും വ്യാപാരികളും രംഗത്തെത്തി.
രാവിലെ പത്ത് മണിയോടെയാണ് നിർമാണകമ്പനിക്കാരെത്തി റിബൺ സ്ഥാപിച്ച് റോഡ് അടച്ചുകെട്ടിയത്. നേരത്തെ കലക്ടറുടെ മീറ്റിങ്ങിൽ എടുത്ത തീരുമാനത്തിനു വിരുദ്ധമായിട്ടാണ് കമ്പനിക്കാർ റോഡ് അടച്ചുകെട്ടിയതെന്നു പ്രദേശവാസികൾ ചൂണ്ടിക്കാട്ടി.
നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്ന് പൊലീസ് സ്ഥലത്തെത്തി നിർമാണ കമ്പനിക്കാരുമായി ചർച്ച നടത്തി. തുടർന്ന് നാല് മീറ്റർ സ്ഥലം ഒഴിവാക്കി ബാക്കിയുള്ള ഭാഗത്ത് ബാരിക്കേഡ് സ്ഥാപിക്കുകയായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]