ആലപ്പുഴ∙ ട്രോളിങ് നിരോധനം കഴിഞ്ഞു ട്രോളർ ബോട്ടുകളും വലിയ വള്ളങ്ങളും മീൻപിടിത്തത്തിനു പോകാൻ തയാറായി. നാളെ അർധരാത്രി വരെയാണു ട്രോളിങ് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്.
നാളെ അർധരാത്രി കഴിയുന്നതോടെ അഴീക്കൽ, ചെല്ലാനം ഹാർബറുകളിൽ നിന്നു ട്രോളർ ബോട്ടുകൾ ആഴക്കടലിലേക്കു പോകും. ട്രോളിങ് നിരോധന കാലത്തു 2 മുതൽ 5 ലക്ഷം രൂപ വരെ അറ്റകുറ്റപ്പണികൾക്കു ചെലവാക്കിയാണ് ഓരോ ബോട്ടും തയാറാക്കിയത്.
ഓരോ ബോട്ടിലും 10ലേറെ തൊഴിലാളികളാണു ജോലി ചെയ്യുന്നത്.
വീണ്ടും ട്രോളർ ബോട്ടുകൾ മീൻപിടിത്തം തുടങ്ങുന്നതോടെ ഈ കുടുംബങ്ങൾക്കു വരുമാനമാർഗമാകും.ജില്ലയിൽ അറുപതോളം ട്രോളർ ബോട്ടുകളാണുള്ളത്. ഇവയിലും മറ്റു ജില്ലകളിലെ വള്ളങ്ങളിലുമായി ജോലി ചെയ്യുന്ന 1000–1500 മത്സ്യത്തൊഴിലാളികളാണു ജില്ലയിലുള്ളത്.
ജില്ലയിൽ ആകെയുള്ള മത്സ്യത്തൊഴിലാളികളുടെ 5 ശതമാനത്തോളമാണിത്. ജൂൺ 10 മുതൽ 52 ദിവസമാണു ട്രോളിങ് നിരോധനം ഏർപ്പെടുത്തിയത്.
അതേസമയം, ട്രോളിങ് നിരോധന കാലത്തു ചില വള്ളങ്ങൾ വളർച്ചയെത്താത്ത മീനുകളെ പിടികൂടിയതു മത്സ്യസമ്പത്തിൽ കുറവു വരുത്തും.
വളർച്ചയെത്താത്ത അയല, കിളിമീൻ, മത്തി തുടങ്ങിയവയെ കടലിന്റെ അടിത്തട്ടിൽ പോയാണു ചില വള്ളങ്ങൾ പിടിച്ചു വിറ്റത്. വിവരം അറിഞ്ഞു ചെന്ന തോട്ടപ്പള്ളി ഫിഷറീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യാനുള്ള ശ്രമവും നടന്നിരുന്നു.
മീൻകുഞ്ഞുങ്ങൾ കുറയുന്നത് തുടർന്നുള്ള മാസങ്ങളിൽ ലഭിക്കേണ്ട മീനിന്റെ അളവിലും കുറവുണ്ടാക്കും.
ഇതു ട്രോളർ ബോട്ടുകളെയും പരമ്പരാഗത മത്സ്യബന്ധന മേഖലയെയും ഒരുപോലെ ബാധിക്കുമെന്ന ആശങ്കയുണ്ട്.
ആഴക്കടലിലേക്കും മത്സ്യബന്ധന യാനങ്ങൾ എത്തുന്നതോടെ തീരക്കടലിൽ കൂടുതൽ മീൻ ലഭിക്കുമെന്ന പ്രതീക്ഷയും പരമ്പരാഗത മത്സ്യത്തൊഴിലാളികൾ പങ്കുവയ്ക്കുന്നു. ട്രോളിങ് നിരോധന കാലം പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കു ഗുണകരമാണെങ്കിലും പ്രതീക്ഷിച്ചത്ര ഗുണം ഇത്തവണ കിട്ടിയില്ല.
ശക്തമായ മഴയും കാറ്റും കാരണമുള്ള നിയന്ത്രണങ്ങൾ കാരണം ആകെ 10–15 ദിവസം മാത്രമാണു പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കു കടലിൽ പോകാനായത്. കടലിൽ പോയ ദിവസങ്ങളിൽ മത്സ്യലഭ്യതയും വിലയും കുറവായിരുന്നു.
ഒരു കുട്ട മത്തിക്ക് 280 രൂപയാണു ലഭിച്ച ഏറ്റവും ഉയർന്ന വിലയെന്നും ട്രോളിങ് ബോട്ടുകൾ കടലിൽ ഇറങ്ങുന്നതോടെ വില വീണ്ടും കുറയുമെന്നും പരമ്പരാഗത മത്സ്യത്തൊഴിലാളികൾ പറയുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]