
ഏറ്റുമാനൂർ ∙ വീട്ടുവളപ്പിൽ നിന്നു മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവത്തിൽ വീട്ടുടമ ചേർത്തല പള്ളിപ്പുറം ചൊങ്ങുംതറയിൽ സി.എം.സെബാസ്റ്റ്യനെ (68) ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. അതിരമ്പുഴയിൽ നിന്നു കാണാതായ കാക്കനാട്ടുകാലായിൽ ജെയ്നമ്മയുടെ (ജെയിൻ മാത്യു – 55) തിരോധാനവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.
ജെയ്നമ്മയുമായി പ്രതിക്കു മുൻപരിചയം ഉണ്ടായിരുന്നുവെന്ന് അന്വേഷണസംഘം പറഞ്ഞു. കൊലപാതകം, തെളിവു നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്.
പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
ചേർത്തലയിൽ നിന്നു കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങളുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. കത്തിച്ചശേഷം കുഴിച്ചിട്ട
നിലയിൽ കണ്ടെത്തിയ തലയോട്ടി, വാരിയെല്ലുകൾ, കാലിലെ എല്ലുകൾ തുടങ്ങിയവയാണു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. മൃതദേഹാവശിഷ്ടം ജെയ്നമ്മയുടേതാണോ എന്നു കണ്ടെത്താൻ ഡിഎൻഎ പരിശോധന വേണ്ടിവരുമെന്നാണു ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നത്.
ജെയ്നമ്മയുടെ സഹോദരങ്ങളായ സാവിയോ മാണി, ആൻസി എന്നിവരുടെ രക്തസാംപിളുകൾ അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. ഇതും മൃതദേഹത്തിൽനിന്നു ശേഖരിച്ച സാംപിളുകളും തിരുവനന്തപുരത്തെ ലാബിലേക്ക് അയയ്ക്കും.
കാക്കനാട്ടുകാലായിൽ കെ.എം.മാത്യുവിന്റെ (മറ്റക്കര അപ്പച്ചൻ) ഭാര്യയാണു ജെയ്നമ്മ.
2024 ഡിസംബർ 23ന് ആണു ജെയ്നമ്മയെ കാണാതായത്. ധ്യാനകേന്ദ്രത്തിൽ പോയെന്നാണു വീട്ടുകാർ കരുതിയത്.
ദിവസങ്ങൾ കഴിഞ്ഞിട്ടും തിരികെയെത്താതെ വന്നതോടെയാണു സഹോദരങ്ങൾ പരാതി കൊടുത്തത്. ഫോൺ സ്വിച്ച് ഓഫ് ആയ നിലയിലായിരുന്നു.
വഴിത്തിരിവായത് മൊബൈൽ ലൊക്കേഷൻ, റീചാർജ്
ആലപ്പുഴ പട്ടണക്കാട് സ്വദേശിനിയായ മറ്റൊരു യുവതിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് സെബാസ്റ്റ്യൻ പൊലീസ് നിരീക്ഷണത്തിലായിരുന്നു.
സെബാസ്റ്റ്യന്റെ ഭാര്യവീട് ഏറ്റുമാനൂരിനു സമീപം വെട്ടിമുകളിലാണ്. ജെയ്നമ്മയുമായി ഏറ്റുമാനൂരിൽ വച്ചു പരിചയമുണ്ടാകാനുള്ള സാധ്യതയാണു പൊലീസ് പറയുന്നത്.
സെബാസ്റ്റ്യന്റെയും ജെയ്നമ്മയുടെയും മൊബൈൽ ലൊക്കേഷനുകൾ വിവിധ സ്ഥലങ്ങളിൽ ഒന്നിച്ചുവന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയെന്നും ഇതാണു കേസിൽ ഇയാളുടെ അറസ്റ്റിലേക്കു നയിച്ചതെന്നുമാണ് സൂചന. ഇതിനു പുറമേ, ഈ മാസം 22നു സെബാസ്റ്റ്യൻ ഒരു കടയിൽനിന്നു മൊബൈൽ ഫോൺ റീചാർജ് ചെയ്യുന്ന സിസിടിവി ദൃശ്യം പൊലീസിനു ലഭിച്ചു.
ഈ ഫോൺ ജെയ്നമ്മയുടേതാണെന്നാണ് നിഗമനം. കഴിഞ്ഞയാഴ്ച ജെയ്നമ്മയുടെ ഫോണിൽനിന്നു സഹോദരിയുടെ ഫോണിലേക്കു മിസ്ഡ് കോൾ വന്നിരുന്നു.
സൈബർ സെൽ സഹായത്തോടെ നടത്തിയ പരിശോധനയിൽ ഫോൺ ലൊക്കേഷൻ മേലുകാവിലാണെന്ന് കണ്ടെത്തി. തുടർന്നു മേഖലയിലെ സിസിടിവി ക്യാമറകൾ പരിശോധിച്ചപ്പോഴാണു സെബാസ്റ്റ്യന്റെ ദൃശ്യങ്ങൾ കണ്ടെത്തിയത്.
‘കാണാതായ’ കേസിനു ശേഷം സെബാസ്റ്റ്യൻ നാട്ടുകാരെ കാണാതായി
ചേർത്തല ∙ ബിന്ദു പത്മനാഭനുമായി ബന്ധപ്പെട്ട
കേസിൽ പ്രതിയായതോടെയാണു സെബാസ്റ്റ്യൻ ബന്ധുക്കളോടും നാട്ടുകാരോടും അകന്നത്. പള്ളിപ്പുറം പഞ്ചായത്ത് ഒൻപതാം വാർഡ് ചെങ്ങുംതറയിൽ സെബാസ്റ്റ്യന് അതുവരെ പ്രദേശങ്ങളിലുള്ളവരോടു വലിയ സഹകരണമുണ്ടായിരുന്നു.
‘പാലക്കാട്ട്’ എന്നും വീട്ടുപേരുള്ളതിനാൽ നാട്ടുകാർ ‘പാലക്കാട്ട് അമ്മാവൻ’ എന്നാണു സെബാസ്റ്റ്യനെ വിളിച്ചിരുന്നത്. സാമ്പത്തിക ഭദ്രതയുള്ള കുടുംബമാണു സെബാസ്റ്റ്യന്റേതെന്നു നാട്ടുകാർ പറയുന്നു.
വസ്തുക്കച്ചവടവും വാഹനക്കച്ചവടവും നടത്തിയിരുന്നു. ആശ്രയമില്ലാത്തവരെയും ഒറ്റപ്പെട്ടു കഴിയുന്ന സ്ത്രീകളെയും പരിചയപ്പെട്ട്, വീടും സ്ഥലവും വിൽക്കാൻ സഹായിക്കാമെന്നു പറഞ്ഞ് ഇയാൾ കബളിപ്പിച്ചു പണം തട്ടിയിരുന്നതായി സംശയിക്കാവുന്ന വിവരങ്ങൾ പൊലീസിനു ലഭിച്ചിരുന്നു.
ഡ്രൈവറായും ജോലി ചെയ്തിരുന്നു.
അക്കാലത്താണു ബിന്ദു പത്മനാഭനെ പരിചയപ്പെട്ടത്. ബിന്ദുവിന്റെ ഭൂമി തട്ടിയെടുത്ത കേസിൽ ഇയാളെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും ബിന്ദുവിന്റെ തിരോധാനവുമായി ബന്ധമുണ്ടെന്നതിനു തെളിവുകൾ ലഭിച്ചിരുന്നില്ല.
ബിന്ദുവിനെ കാണാതായതും സ്ഥലം കൈമാറിയതും ഒരേ കാലത്താണെന്നാണു പൊലീസിന്റെ നിഗമനം. സ്ഥലം കൈമാറ്റം ചെയ്ത കേസിൽ 13 പേരെ അറസ്റ്റ് ചെയ്തിരുന്നു.
അന്നു മുതൽ സെബാസ്റ്റ്യൻ പൊലീസിന്റെ നിരീക്ഷണത്തിലാണ്. പൊലീസും പിന്നീടു ക്രൈം ബ്രാഞ്ചും പലതവണ സെബാസ്റ്റ്യന്റെ വീട്ടിൽ പരിശോധന നടത്തിയിരുന്നു.
ഇതിനിടയിൽ സെബാസ്റ്റ്യന്റെ സഹായിയായ ഓട്ടോറിക്ഷ തൊഴിലാളി പള്ളിപ്പുറം സ്വദേശി മനോജിനെ പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. രണ്ടാം ദിവസം മനോജ് ആത്മഹത്യ ചെയ്തു.
സെബാസ്റ്റ്യനെ ചോദ്യം ചെയ്തപ്പോഴൊക്കെ പരസ്പരവിരുദ്ധമായ മൊഴികളാണു നൽകിയത്.
ദുരൂഹത പാർക്കുന്ന വീട്
രണ്ട് ഏക്കറിലേറെ വിസ്തൃതിയുള്ള പറമ്പിലാണു സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്. ഇടറോഡിൽനിന്നു 100 മീറ്ററോളം ഉള്ളിലാണിത്.
വീടും പരിസരവും കാടുപിടിച്ചു കിടക്കുന്നു. ബിന്ദു പത്മനാഭന്റെ തിരോധാനത്തിൽ സെബാസ്റ്റ്യൻ സംശയനിഴലിലായതോടെ നാട്ടുകാർ ഈ വീട്ടിലേക്കു പോകാതായി.
ഏറ്റുമാനൂരിൽ താമസിക്കുന്ന സെബാസ്റ്റ്യൻ ചിലപ്പോഴൊക്കെ ഇവിടെ വന്നുപോയിരുന്നെന്നു നാട്ടുകാർ. കഴിഞ്ഞയാഴ്ചയും എത്തിയിരുന്നു.
സെബാസ്റ്റ്യന്റെ വിദേശത്തുള്ള സഹോദരൻ നാട്ടിലെത്തുമ്പോൾ വല്ലപ്പോഴും ഇവിടെ എത്താറുണ്ടെന്നു നാട്ടുകാർ പറയുന്നു. സെബാസ്റ്റ്യൻ ഏറ്റുമാനൂരിൽ ഭാര്യയുടെ വീട്ടിലാണു താമസിക്കുന്നത്.
സെബാസ്റ്റ്യനൊപ്പം ചിലപ്പോൾ സ്ത്രീകളും ഇവിടെ വരുന്നതു കണ്ടിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നു.
സെബാസ്റ്റ്യനും ജെയ്നമ്മയുമായി വർഷങ്ങളായി പരിചയമുണ്ടെന്ന് സൂചന
ചേർത്തല ∙ ബിന്ദു പത്മനാഭൻ കേസിൽ 2017ൽ സെബാസ്റ്റ്യനെ അറസ്റ്റ് ചെയ്ത സമയത്ത് സെബാസ്റ്റ്യനെ ജാമ്യത്തിൽ ഇറക്കാൻ ജെയ്നമ്മ എത്തിയെന്ന് സൂചന. സെബാസ്റ്റ്യനും ജെയ്നമ്മയുമായി വർഷങ്ങളായി ബന്ധമുള്ളതായുള്ള സൂചനകളും അന്വേഷണ സംഘത്തിനു ലഭിച്ചു.
ഇരുവരുടെയും ടവർ ലൊക്കേഷൻ പലപ്പോഴും ഒരുമിച്ച് പള്ളിപ്പുറത്താണെന്നും കണ്ടെത്തിയിട്ടുണ്ട്.
ബിന്ദു പത്മനാഭൻ തിരോധാനത്തിൽ അന്വേഷണം വീണ്ടും സജീവമായി
ആലപ്പുഴ ∙ കോട്ടയം അതിരമ്പുഴ സ്വദേശി ജെയ്ൻ മാത്യുവിന്റെ (ജെയ്നമ്മ) തിരോധാനവുമായി ബന്ധപ്പെട്ട് ചേർത്തല പള്ളിപ്പുറം സ്വദേശി സി.എം.സെബാസ്റ്റ്യൻ അറസ്റ്റിലായതോടെ ബിന്ദു പത്മനാഭനെ കാണാതായ കേസിന്റെ അന്വേഷണം കൂടുതൽ സജീവമായി. വ്യാജരേഖയുണ്ടാക്കി ബിന്ദു പത്മനാഭന്റെ സ്വത്തുക്കൾ തട്ടിയെടുത്ത കേസിൽ പ്രതിയാണ് സെബാസ്റ്റ്യൻ.
ബിന്ദുവിനെ കാണാതായതുമായി ബന്ധപ്പെട്ട് സ്റ്റേറ്റ് ക്രൈം ബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിനോടു സെബാസ്റ്റ്യൻ ഒട്ടും സഹകരിച്ചിരുന്നില്ല. ഇയാൾക്കു നുണ പരിശോധന നടത്തുന്നതു കോടതി തള്ളുകയും ചെയ്തിരുന്നു.
ബിന്ദുവിന്റെ തിരോധാനത്തിൽ സെബാസ്റ്റ്യനെതിരെ ശക്തമായ സംശയമുണ്ടെങ്കിലും ഇയാൾക്കെതിരെ വ്യക്തമായ തെളിവുകൾ ഇതുവരെ ലഭിച്ചിട്ടില്ല.
പുതിയ സാഹചര്യത്തിൽ അന്വേഷണത്തിനു സഹായകമായ വിവരങ്ങൾ ലഭിച്ചേക്കുമെന്നാണു ക്രൈം ബ്രാഞ്ചിന്റെ പ്രതീക്ഷ. ബിന്ദുവിന്റെ സഹോദരൻ പ്രവീണിന്റെ ഡിഎൻഎ സാംപിൾ 5 വർഷം മുൻപ് ക്രൈം ബ്രാഞ്ച് ശേഖരിച്ചിരുന്നു.
ചേർത്തല കടക്കരപ്പള്ളി ആലുങ്കൽ പത്മ നിവാസിൽ പരേതനായ പത്മനാഭ പിള്ളയുടെ മകൾ ബിന്ദു പത്മനാഭനെ (52) 2006 മുതൽ തന്നെ കാണാതായിട്ടുണ്ടെന്നാണു ക്രൈംബ്രാഞ്ചിന്റെ നിഗമനം. എന്നാൽ, പുറത്തറിഞ്ഞതു ബിന്ദുവിനെ കാണാനില്ലെന്നു 2017 സെപ്റ്റംബറിൽ സഹോദരൻ പ്രവീൺ പൊലീസിൽ പരാതി നൽകിയപ്പോൾ മാത്രമാണ്.
മാതാപിതാക്കളുടെ മരണത്തിനു ശേഷം വീടുമായും സഹോദരനുമായും ബന്ധമില്ലാതെ കഴിയുന്നതിനിടെയാണു ബിന്ദുവിനെ കാണാതായത്.
അക്കാലത്തു ബിന്ദുവിന് ഏറ്റവും അടുപ്പമുണ്ടായിരുന്നതു സെബാസ്റ്റ്യനുമായാണെന്നു പൊലീസ് കണ്ടെത്തിയിരുന്നു. 2003 മുതൽ ബിന്ദു സെബാസ്റ്റ്യനുമായി അടുത്ത ബന്ധം പുലർത്തിയിരുന്നെന്നും ബിന്ദു പലതവണ സെബാസ്റ്റ്യന്റെ വീട്ടിൽ പോയിട്ടുണ്ടെന്നും മൊഴികൾ ലഭിച്ചു.
ബിന്ദുവിന്റെ പേരിലുള്ള ഇടപ്പള്ളിയിലെ ഭൂമി വ്യാജരേഖയുണ്ടാക്കി വിറ്റെന്ന കേസിലാണു സെബാസ്റ്റ്യൻ പ്രതിയായത്.
തോക്കുചൂണ്ടൽ കേസ്: പ്രതിയെയും ചോദ്യം ചെയ്തു
ആലപ്പുഴ ∙ കോട്ടയം അതിരമ്പുഴ സ്വദേശി ജെയ്ൻ മാത്യുവിന്റെ (ജെയ്നമ്മ) തിരോധാനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സി.എം.സെബാസ്റ്റ്യന്റെ ഉറ്റമിത്രവും ക്രിമിനൽ കേസ് പ്രതിയുമായ ആലപ്പുഴ കഞ്ഞിക്കുഴി സ്വദേശിയെ ഇന്നലെ കോട്ടയം ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. ആലപ്പുഴയിൽ യുവവ്യവസായിയെ കാർ തടഞ്ഞു തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാൾ.
സെബാസ്റ്റ്യന്റെ സഹായി ചേർത്തല സ്വദേശിയായ ഓട്ടോറിക്ഷാ ഡ്രൈവറെയും ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വീട്ടുവളപ്പിൽ കത്തിക്കരിഞ്ഞ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് ചേർത്തല പള്ളിപ്പുറം ചെങ്ങുംതറയിൽ സെബാസ്റ്റ്യൻ അറസ്റ്റിലായിരുന്നു. ഇയാളുടെ സുഹൃത്തും സ്ഥലക്കച്ചവടക്കാരനുമാണ് കഞ്ഞിക്കുഴി എസ്എൽപുരം സ്വദേശി.
ഇയാളുടെ വീട്ടിൽ ഇന്നലെ ക്രൈംബ്രാഞ്ച് പരിശോധന നടത്തി. തിങ്കളാഴ്ച രാത്രി കസ്റ്റഡിയിലെടുത്ത ഇയാളെ ഇന്നലെ വൈകിട്ടോടെ അന്വേഷണസംഘം വിട്ടയച്ചു.
ജെയ്നമ്മയുടെ തിരോധാനത്തിൽ പ്രതി സെബാസ്റ്റ്യന് ഇയാളുടെ സഹായം ലഭിച്ചിട്ടുണ്ടോ എന്നാണു ക്രൈം ബ്രാഞ്ച് പരിശോധിക്കുന്നത്.
2024 മേയ് 11നു രാത്രി കണ്ണൂർ സ്വദേശിയായ യുവവ്യവസായിയെ കണിച്ചുകുളങ്ങരയിൽ തോക്കു ചണ്ടി ഭീഷണിപ്പെടുത്തുകയും കാറിന്റെ ചില്ലു തകർക്കുകയും ചെയ്തതായാണ് ഇയാൾക്കെതിരായ കേസ്. പ്രതികൾക്കായി സിപിഎം നേതാക്കൾ ഇടപെട്ടതോടെ സംഭവം വിവാദമായിരുന്നു.
ദേശീയപാത നിർമാണത്തിനാവശ്യമായ കല്ലും മണലും വിതരണം ചെയ്ത 2 കരാറുകാർ തമ്മിൽ ലാഭവിഹിതം പങ്കുവയ്ക്കുന്നതിനെച്ചൊല്ലിയുള്ള തർക്കമായിരുന്നു ആക്രമണത്തിനു പിന്നിൽ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]