പുളിങ്കുന്ന് ∙ കൂറുമാറി എൽഡിഎഫിനൊപ്പം ചേർന്ന് പുളിങ്കുന്ന് പഞ്ചായത്ത് പ്രസിഡന്റായ ഔസേപ്പച്ചൻ വെമ്പാടന്തറയെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നു ഡിസിസി പ്രസിഡന്റ് ബി.ബാബുപ്രസാദ് സസ്പെൻഡ് ചെയ്തു. കോൺഗ്രസിന്റെ കുട്ടനാട് നോർത്ത് ബ്ലോക്ക് കമ്മിറ്റി ട്രഷറർ ആയിരുന്ന ഔസേപ്പച്ചനെ ആ സ്ഥാനത്തു നിന്നും പുറത്താക്കി. കൂറുമാറ്റ നിരോധന നിയമപ്രകാരം നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു തിരഞ്ഞെടുപ്പു കമ്മിഷനെ ഉടൻ സമീപിക്കുമെന്നു പാർട്ടി നേതൃത്വം അറിയിച്ചു.
തിരഞ്ഞെടുപ്പു കമ്മിഷനിൽ പരാതി നൽകാനുള്ള രേഖകൾക്കായി ഇന്നു പഞ്ചായത്തിൽ അപേക്ഷ നൽകും. കക്ഷി റജിസ്റ്ററിന്റെ പകർപ്പ്, പ്രസിഡന്റ് തിരഞ്ഞെടുപ്പു സമയത്തെ മിനിറ്റ്സിന്റെ പകർപ്പ് അടക്കം ലഭ്യമാക്കേണ്ടതുണ്ട്.
അതേസമയം എന്തു നടപടിയും നേരിടാൻ തയാറാണെന്നും മരിക്കും വരെ കോൺഗ്രസുകാരനായി തുടരുമെന്നും ഔസേപ്പച്ചൻ പറഞ്ഞു. 16 അംഗ ഭരണസമിതിയിൽ യുഡിഎഫ്– 7, എൽഡിഎഫ്– 6, എൻഡിഎ– 3 എന്നിങ്ങനെയായിരുന്നു കക്ഷിനില.
യുഡിഎഫ് സ്ഥാനാർഥിയായി 10–ാം വാർഡിൽ നിന്നു വിജയിച്ച ഔസേപ്പച്ചൻ കൂറുമാറിയതോടെ ഭൂരിപക്ഷം എൽഡിഎഫിനായി. എൻഡിഎ വോട്ടെടുപ്പിൽ നിന്നു വിട്ടുനിന്നു.
ഔസേപ്പച്ചൻ അനുകൂലമായി വോട്ട് ചെയ്തതോടെ സിപിഎമ്മിലെ ആശാദാസ് വൈസ് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു.
വോട്ടെടുപ്പിനു മുൻപ് നാടകീയ രംഗങ്ങൾ
പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായ ജോഷി കൊല്ലാറയ്ക്കു വോട്ടു ചെയ്യണമെന്നു കാട്ടിയുള്ള വിപ്പ് കൂറുമാറിയ ഔസേപ്പച്ചന്റെ വീട്ടിലെത്തി നൽകാൻ ശ്രമിച്ചെങ്കിലും ഔസേപ്പച്ചനെ കാണാനായില്ല. ഫോണിൽ ബന്ധപ്പെട്ടിട്ടും ലഭിക്കാതിരുന്നതിനെ തുടർന്ന് ഔസേപ്പച്ചന്റെ വീട്ടിൽ വിപ്പിന്റെ പകർപ്പു പതിച്ചിട്ടാണു പ്രവർത്തകർ തിരിച്ചുപോയത്. ഫോൺ സ്വിച്ച് ഓഫ് ആക്കിയ ശേഷം പുളിങ്കുന്നിൽ നിന്നു സുഹൃത്തിന്റെ വീട്ടിലേക്കു മാറിയ ഔസേപ്പച്ചനെ കണ്ടെത്താൻ കോൺഗ്രസ് പ്രവർത്തകർക്കു സാധിച്ചില്ല.
ഔസേപ്പച്ചനു നൽകിയ വിപ്പിന്റെ പകർപ്പ് പഞ്ചായത്ത് സെക്രട്ടറിക്കും കോൺഗ്രസ് കൈമാറിയിരുന്നു. വോട്ടെടുപ്പു നടന്ന ദിവസം പഞ്ചായത്തിൽ എത്തിയ ഔസേപ്പച്ചനു കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കൂടിയായ ജോഷി കൊല്ലാറ വിപ്പ് നൽകിയെങ്കിലും അതു തട്ടിക്കളഞ്ഞാണു യോഗം നടന്ന ഹാളിലേക്ക് ഔസേപ്പച്ചൻ കയറിയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

