ചെങ്ങന്നൂർ ∙ ഐഎച്ച്ആർഡി എൻജിനീയറിങ് കോളജിലെ ബസിന്റെ അറ്റകുറ്റപ്പണിക്കിടെ സ്ഫോടനം ഉണ്ടായി മെക്കാനിക് മരിച്ച സംഭവത്തിൽ ടർബോ ചാർജർ പൊട്ടിത്തെറിച്ചിട്ടില്ലെന്നും ഫ്ലൈവീൽ ആണ് പൊട്ടിത്തെറിച്ചതെന്നും മോട്ടർവാഹന വകുപ്പ്. ഇന്നലെ മോട്ടർവാഹന വകുപ്പും ഫൊറൻസിക് വിഭാഗവും പരിശോധന നടത്തിയിരുന്നു.
വ്യാഴം വൈകിട്ട് ആറരയോടെ കോളജ് ഓഡിറ്റോറിയത്തിനു സമീപമായിരുന്നു അപകടം. സ്ഫോടനത്തിൽ യന്ത്രഭാഗങ്ങൾ തെറിച്ചു പരുക്കേറ്റ ചങ്ങനാശേരി മാമ്മൂട് വെളിയം കട്ടത്തറ കുഞ്ഞുമോൻ (60) മരിച്ചിരുന്നു.
ഇന്നലെ രാവിലെ ചെങ്ങന്നൂർ ജോയിന്റ് ആർടിഒ ആർ.പ്രസാദ്, എഎംവിഐ എസ്.അഭിലാഷ്, എഎംവിഐമാരായ ജയറാം, അശോക് എന്നിവരുടെ നേതൃത്വത്തിൽ വാഹനം പരിശോധിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ച വിദ്യാർഥികളുമായി പോകുന്നതിനിടെ ബസിന്റെ എൻജിനിൽ നിന്നു പുക ഉയർന്നിരുന്നു. പരിശോധനയിൽ ടർബോ ചാർജർ തകരാറിലായതായി കണ്ടെത്തുകയും യൂണിറ്റ് ഇളക്കി എടുത്ത് ചങ്ങനാശേരിയിലെ വർക്ഷോപ്പിൽ എത്തിക്കുകയും ചെയ്തിരുന്നു.
നന്നാക്കിയ ശേഷം വീണ്ടും ഘടിപ്പിച്ച് വാഹനം സ്റ്റാർട്ട് ചെയ്തതിനു പിന്നാലെയായിരുന്നു അപകടം.
ടർബോ ചാർജറിലെ ഓയിൽ, എയർ ഇൻടേക്ക് സിസ്റ്റത്തിനുള്ളിൽ കടന്ന് കൂടുതൽ ജ്വലനം നടക്കുകയും ആർപിഎം ക്രമാതീതമായി വർധിച്ചതുമാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനമെന്നും വിശദമായ പരിശോധനയ്ക്കു ശേഷമേ കൃത്യമായ വിവരം പറയാൻ കഴിയൂവെന്നും ജോയിന്റ് ആർടിഒ പറഞ്ഞു.
ചെങ്ങന്നൂർ എസ്എച്ച്ഒ എ.സി.വിപിന്റെ നേതൃത്വത്തിൽ പൊലീസും ഫൊറൻസിക് സംഘവും വാഹനത്തിനുള്ളിലും സമീപത്തും പരിശോധന നടത്തി. സ്ഫോടകവസ്തുക്കൾ ഒന്നും തന്നെ കണ്ടെത്താനായില്ല.
ബസിന്റെ നിർമാതാക്കളായ അശോക് ലെയ്ലൻഡ് കമ്പനിയുടെ എൻജിനീയറിങ് വിഭാഗം ഉദ്യോഗസ്ഥരും ഇന്നു പരിശോധന നടത്തുമെന്നു ജോയിന്റ് ആർടിഒ പറഞ്ഞു.
സംസ്കാരം ഇന്ന്
ചങ്ങനാശേരി ∙ കോളജ് ബസിന്റെ അറ്റകുറ്റപ്പണിക്കിടെയുണ്ടായ സ്ഫോടനത്തിൽ മരിച്ച മെക്കാനിക് മാമ്മൂട് കട്ടത്തറ ജേക്കബിന്റെ (കുഞ്ഞുമോൻ–59) സംസ്കാരം ഇന്നു 2.30നു വസതിയിലെ ശുശ്രൂഷയ്ക്കു ശേഷം മാമ്മൂട് ലൂർദ് മാതാ പള്ളിയിൽ നടക്കും. വ്യാഴാഴ്ച ചെങ്ങന്നൂർ ഐഎച്ച്ആർഡി എൻജിനീയറിങ് കോളജ് ബസിന്റെ അറ്റകുറ്റപ്പണിക്കിടെയാണ് അപകടമുണ്ടായത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

