എടത്വ ∙ അമ്പലപ്പുഴ- തിരുവല്ല സംസ്ഥാനപാതയിൽ കേളമംഗലം പറത്തറ പാലവും അപ്രോച്ച് റോഡും തമ്മിലുള്ള ഉയരവ്യത്യാസം അപകടക്കെണിയാകുന്നു. ഒരപകടം എങ്കിലും ഉണ്ടാകാത്ത ദിവസങ്ങൾ ഇല്ലെന്നാണു പ്രദേശവാസികൾ പറയുന്നത്.
തിങ്കളാഴ്ച രാത്രി അമ്പലപ്പുഴ ഭാഗത്തുനിന്നു വരികയായിരുന്ന കാർ പാലത്തിലേക്ക് ഇടിച്ചു കയറി നിയന്ത്രണം തെറ്റി എതിർ കരയിലെ വലിയ മരത്തിൽ ഇടിച്ചു തകർന്നു. പരുക്കേറ്റ യാത്രക്കാരെ അതുവഴി വന്ന വാഹനത്തിൽ ആശുപത്രിയിൽ ആക്കി.
രണ്ടാഴ്ച മുൻപ് അമ്പലപ്പുഴ ഭാഗത്തുനിന്നു വന്ന കാർ ഇതേ രീതിയിൽ നിയന്ത്രണം തെറ്റി പാലത്തിന്റെ കൈവരികൾ തകർത്തിരുന്നു.
ഏതാനും മാസം മുൻപു മിനി ലോറി ഇടിച്ച് പാലത്തിന്റെ തെക്കുവശത്തെ കൈവരി പൂർണമായും തകർന്നിരുന്നു. അടുത്തകാലത്താണ് രണ്ടു കൈവരികളും പുനർനിർമിച്ചത്.
ഇതു കൂടാതെ എടത്വയിൽനിന്ന് ജോലി കഴിഞ്ഞു സ്കൂട്ടറിൽ പോകുകയായിരുന്ന യുവതി പാലത്തിന്റെ പടിഞ്ഞാറേ കരയിൽ ഇറങ്ങുന്നതിനിടെ നിയന്ത്രണം തെറ്റി വീഴുകയും ഗുരുതര പരുക്ക് ഏൽക്കുകയും ചെയ്തിരുന്നു.
ഒരു മാസം മുൻപ് പാലത്തിന്റെ കിഴക്കു ഭാഗത്ത് അപ്രോച്ച് റോഡിൽ ടാറിങ് നടത്തിയെങ്കിലും പൊട്ടിപ്പൊളിഞ്ഞിരിക്കുകയാണ്. ഇരുവശത്തുനിന്നും വേഗത്തിൽ വരുന്ന വാഹനങ്ങൾ പാലത്തിലേക്കുള്ള അപ്രോച്ച് റോഡിന്റെ ഉയരവ്യത്യാസം അറിയാതെ ഇടിച്ചു കയറിയാണ് അപകടം ഉണ്ടാകുന്നത്.
അപ്രോച്ച് നന്നാക്കി ഉയരവ്യത്യാസം ഇല്ലാതാക്കുകയും അപകട മുന്നറിയിപ്പ് സിഗ്നൽ സ്ഥാപിക്കുകയും വേണം എന്നാണ് ആവശ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

