ചാക്കോ കൊലക്കേസിലെ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ ബ്രൂണെയിൽ കണ്ടെത്തിയെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വാർത്തകൾ വ്യാജമെന്ന് സ്ഥിരീകരിച്ചതോടെ ട്രോളുകൾ സജീവം. കുറുപ്പിന്റേതെന്ന പേരിൽ പ്രചരിച്ച ചിത്രം യഥാർത്ഥത്തിൽ തൃശൂർ സ്വദേശി ദാമോദര മേനോന്റേത് ആണെന്ന് പിന്നീട് വ്യക്തമാവുകയായിരുന്നു.
ഈ ഫോട്ടോ ഉൾപ്പെടെയുള്ളവ ഉപയോഗിച്ചുള്ള ഹാസ്യരൂപത്തിലുള്ള പോസ്റ്റുകളാണ് ഇപ്പോൾ നവമാധ്യമങ്ങളിൽ വ്യാപകമായിരിക്കുന്നത്. ആലപ്പുഴ കായലിലൂടെ ഹൗസ് ബോട്ടിൽ എത്തുന്നതും അത്തപ്പൂക്കളം തീർക്കുന്നതുമെല്ലാം നിർമിത ബുദ്ധിയുടെ (AI) സഹായത്തോടെ നിർമ്മിച്ച് ചിലർ പങ്കുവെച്ചിട്ടുണ്ട്.
ഈ പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ സുകുമാരക്കുറുപ്പ് എന്ന പേരിൽ നിരവധി വ്യാജ പ്രൊഫൈലുകളും ഇതിനോടകം രൂപീകരിക്കപ്പെട്ടിട്ടുണ്ട്. അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിനൊപ്പം നിൽക്കുന്നതുപോലെയുമുള്ള ചിത്രങ്ങളും, ബ്രൂണെയിൽ പോർച്ചുഗൽ ജഴ്സി അണിഞ്ഞ് ഫുട്ബോൾ മത്സരം വീക്ഷിക്കുന്ന തരത്തിലുള്ള ചിത്രങ്ങളും ട്രോളുകളിൽ ഉൾപ്പെടുന്നു.
കൂടാതെ, സുകുമാരക്കുറുപ്പ് കടയിൽ നിന്ന് മന്തി കഴിക്കുന്നതും മൊബൈൽ ഫോൺ വാങ്ങാൻ എത്തുന്നതുപോലെയുമുള്ള ദൃശ്യങ്ങൾ നിർമ്മിച്ച് ചിലർ പരസ്യ ആവശ്യങ്ങൾക്കായി പോലും ഉപയോഗിച്ചിട്ടുണ്ട്. അതേസമയം, വർഷങ്ങൾക്ക് മുൻപ് തന്നെ ഹൃദ്രോഗിയായിരുന്ന കുറുപ്പ് ഇത്രയും കാലം ജീവിച്ചിരിക്കാൻ സാധ്യതയില്ലെന്ന തരത്തിലുള്ള ഗൗരവകരമായ ചർച്ചകളും സൈബർ ഇടങ്ങളിൽ സജീവമായി നടക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

