
ആലപ്പുഴ∙ ടി.വി.തോമസ് സ്മാരക ടൗൺഹാൾ അടച്ചിട്ട് രണ്ടു വർഷം. നവീകരണത്തിനെന്ന പേരിലാണു 2023 ഓഗസ്റ്റിൽ ടൗൺഹാൾ അടച്ചത്.
പിന്നീട് മുഴുവനായി പൊളിച്ച് 15 കോടി ചെലവഴിച്ച് പുതിയ ടൗൺഹാൾ നിർമിക്കാൻ തീരുമാനമെടുത്തു. പദ്ധതി രേഖ തയാറാക്കിയതൊഴിച്ചാൽ ടൗൺഹാളിന്റെ നിർമാണത്തിനായി ഇതുവരെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.
വിവാഹ ചടങ്ങുകൾക്കും രാഷ്ട്രീയ പാർട്ടികളുടെ പൊതുയോഗങ്ങൾക്കും മറ്റും വേദിയായിരുന്ന ടൗൺഹാൾ ഇപ്പോൾ ഹരിത കർമസേന ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ തരം തിരിക്കാനാണ് ഉപയോഗിക്കുന്നത്.
ചെറിയ തുക ഈടാക്കി ടൗൺഹാളിന്റെ മുറ്റം രാഷ്ട്രീയ പാർട്ടികളുടെ പരിപാടികൾക്കും വ്യാപാര മേളകൾക്കും വാടകയ്ക്ക് നൽകുന്നുണ്ട്
. മുൻമുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ ഭൗതിക ശരീരം പൊതുദർശനത്തിനായി ടൗൺഹാളിൽ വയ്ക്കുന്നതിനായിരുന്നു ആദ്യം തീരുമാനിച്ചതെങ്കിലും നിലവിലെ ശോചനീയാവസ്ഥ മൂലം പിന്നീട് റിക്രിയേഷൻ ഗ്രൗണ്ടിലേക്കു മാറ്റുകയായിരുന്നു. 2023–24 പദ്ധതിയിൽ ഉൾപ്പെടുത്തി നിർമാണം തുടങ്ങാനായിരുന്നു നഗരസഭ ധനകാര്യ സ്ഥിരസമിതി ആദ്യം തീരുമാനിച്ചത്.
മൂന്നു നിലകളിലായി ശീതീകരിച്ച ടൗൺഹാൾ നിർമാണത്തിനായി 15 കോടി രൂപ വായ്പ എടുക്കാൻ കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ കൗൺസിൽ യോഗം അനുമതിയും നൽകി.
സംസ്ഥാന സർക്കാരിന്റെ ഏജൻസിയായ കെൽ തയാറാക്കിയ രൂപരേഖ അംഗീകരിച്ച് കേന്ദ്ര അർബൻ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് സ്കീം പ്രകാരം 15 കോടി രൂപ നാഷനൽ ഹൗസിങ് ബാങ്കിൽ നിന്നും വായ്പ എടുത്ത് നിർമാണം പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
തുകയുടെ 15 ശതമാനം തുകയായ 2.5 കോടി രൂപ നഗരസഭ വഹിക്കണം. ഭൂഗർഭ നിലയിൽ പാർക്കിങ്, താഴത്തെ നിലയിൽ 1200 പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം, ഒന്നാം നിലയിൽ ഏഴ് സ്യൂട്ടും മിനി ഓഡിറ്റോറിയവും അടങ്ങുന്ന ആധുനിക സൗകര്യങ്ങളോടെയുള്ള ടൗൺഹാൾ നിർമാണത്തിനാണു നഗരസഭ ലക്ഷ്യമിടുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]