ചേർത്തല∙ ദുരൂഹ സാഹചര്യത്തിൽ രണ്ടു സ്ത്രീകളെ കാണാതായ കേസിൽ പ്രതിസ്ഥാനത്തുള്ള വസ്തുഇടനിലക്കാരന്റെ വീട്ടുവളപ്പിൽ നിന്നു കത്തിക്കരിഞ്ഞ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുത്തു. കോട്ടയം ഏറ്റുമാനൂർ അതിരമ്പുഴ കോട്ടമുറി ഭാഗം കാക്കനാട്ടുകാലായിൽ വീട്ടിൽ ജെയിൻ മാത്യുവിന്റെ (ജെയ്നമ്മ -55) തിരോധാനവുമായി ബന്ധപ്പെട്ടു ക്രൈംബ്രാഞ്ച് കോട്ടയം യൂണിറ്റ് നടത്തിയ അന്വേഷണത്തിലാണു ചേർത്തല പള്ളിപ്പുറം ചെങ്ങുംതറവീട്ടിൽ സി.എം.സെബാസ്റ്റ്യന്റെ(65) വീട്ടുവളപ്പിൽ നിന്നു കത്തിച്ചു കുഴിച്ചിട്ട നിലയിലുള്ള മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്.
വീടിനുള്ളിൽ രക്തക്കറയും കണ്ടെത്തി.
സെബാസ്റ്റയനും ഇയാളുടെ സഹായിയായ ഓട്ടോ ഡ്രൈവറും കസ്റ്റഡിയിലുണ്ടെന്നാണു സൂചന. ചേർത്തല കടക്കരപ്പള്ളി ആലുങ്കൽ പത്മനിവാസിൽ ബിന്ദു പത്മനാഭനെ 2002 മുതൽ കാണാതായ കേസിലും പ്രതിയാണു സെബാസ്റ്റ്യൻ. 2024 ഡിസംബർ 23നാണ് ജെയ്നമ്മയെ കാണാതായത്.
പാലായിൽ ധ്യാനത്തിനു പോകുകയാണെന്നു പറഞ്ഞാണു ജെയ്നമ്മ വീട്ടിൽ നിന്നിറങ്ങിയത്.
4 ദിവസം കഴിഞ്ഞിട്ടും തിരിച്ചെത്താതായതോടെ ഭർത്താവ് അപ്പച്ചനും സഹോദരൻ സാവിയോ മാണിയും പൊലീസിൽ പരാതി നൽകി. പക്ഷേ അന്വേഷണത്തിൽ പുരോഗതിയുണ്ടായില്ല.
ഈ വർഷം ഏപ്രിലിൽ ഹൈക്കോടതി നിർദേശത്തെത്തുടർന്ന് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തു.
കാണാതായ ദിവസങ്ങളിൽ ജെയ്നമ്മയുടെ മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ ചേർത്തല പള്ളിപ്പുറത്തായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തി. സമാനമായ മറ്റൊരു തിരോധാനക്കേസിൽ പ്രതിസ്ഥാനത്തുള്ള സെബാസ്റ്റ്യന്റെ വീട് ഈ പരിസരത്താണ് എന്നറിഞ്ഞ ക്രൈംബ്രാഞ്ച് രണ്ടു മാസം മുൻപ് ഇയാളെ ചോദ്യം ചെയ്തിരുന്നു.
വിശദമായ പരിശോധനയിൽ, ജെയ്നമ്മയെ കാണാതായ ദിവസങ്ങളിൽ ഇരുവരുടെയും മൊബൈൽ ഫോണുകൾ ഒരേ ടവറിന്റെ പരിധിയിൽ ഉണ്ടായിരുന്നതായി കണ്ടെത്തി.സെബാസ്റ്റ്യനും ജെയ്നമ്മയുടെ തമ്മിലുള്ള ഫോൺ കോൾ രേഖകൾ കൂടി പരിശോധിച്ച ശേഷം ക്രൈംബ്രാഞ്ച് സെബാസ്റ്റ്യനെ വിശദമായി ചോദ്യം ചെയ്തു.
ഇതിനു പിന്നാലെയാണു പള്ളിപ്പുറത്തെ വീടും പരിസരവും പരിശോധിക്കാൻ തീരുമാനിച്ചത്. കോട്ടയം ക്രൈംബ്രാഞ്ച് എസ്പി: ഗിരീഷ് പി.സാരഥി, അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി: സാജൻ സേവ്യർ എന്നിവരുടെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘം ഇന്നലെ പള്ളിപ്പുറത്തെ വീട്ടുവളപ്പിൽ നടത്തിയ പരിശോധനയിലാണ് മൃതദേഹഭാഗങ്ങൾ കുഴിച്ചിട്ട
നിലയിൽ വൈകിട്ടു നാലോടെ കണ്ടെത്തിയത്.
മൃതദേഹഭാഗങ്ങളുടെ ഫൊറൻസിക് പരിശോധന ഇന്നലെ രാത്രി വൈകി പൂർത്തിയായി. ഡിഎൻഎ പരിശോധനയ്ക്കു ശേഷമേ മൃതദേഹം ആരുടേതാണ് എന്നു സ്ഥിരീകരിക്കാനാവൂ.
ഇതിനായി ജെയ്നമ്മയുടെ ബന്ധുക്കളുടെ ഡിഎൻഎ സാംപിളുകൾ ശേഖരിക്കും. ജെയ്നമ്മയുടെ സഹോദരനും സഹോദരിയും ഇന്നലെ രാത്രിയോടെ ആലപ്പുഴയിലെത്തി.
ചേർത്തല കടക്കരപ്പള്ളി സ്വദേശി ബിന്ദു പത്മനാഭന്റെ തിരോധാനക്കേസ് അന്വേഷിക്കുന്ന ആലപ്പുഴ ക്രൈം ബ്രാഞ്ച് എസ്പി: എം.പി.ഷൗക്കത്തലിയും പരിശോധന നടക്കുന്ന സമയം പള്ളിപ്പുറത്തെ വീട്ടുവളപ്പിലെത്തിയിരുന്നു.
ബിന്ദുപത്മനാഭനെ 2002 മുതൽ കാണാനില്ലെന്നു കാട്ടി 2017 ലാണ് സഹോദരൻ പ്രവീൺ പൊലീസിൽ പരാതി നൽകിയത്. സെബാസ്റ്റ്യനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തിരുന്നു.
പിന്നീട് അന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ടെങ്കിലും ഇതുവരെ കേസിനു തുമ്പുണ്ടാക്കാനായില്ല.
2017 മുതൽ സെബാസ്റ്റ്യൻ നിരീക്ഷണത്തിൽ
ചേർത്തല ∙ രണ്ടു സ്ത്രീകളെ കാണാതായ കേസുകളിൽ രണ്ടു കേസുകളിലും അന്വേഷണം നടക്കുന്നതിനിടെയാണ് സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തുള്ള വീട്ടിൽ നിന്ന് മൃതദേഹ അവശിഷ്ടങ്ങൾ ലഭിച്ചത്. കോട്ടയം ഏറ്റുമാനൂർ സ്വദേശി ജെയ്നമ്മയുടേതാകാനാണ് കൂടുതൽ സാധ്യതയെന്നാണ് ക്രൈംബ്രാഞ്ച് നിഗമനം.
ചേർത്തല കടക്കരപ്പള്ളി സ്വദേശി ബിന്ദുപത്മനാഭനെ(47) കാണാതായ സംഭവത്തിൽ ജില്ലാ ക്രൈംബ്രാഞ്ചും ഇവിടെ സമാനപരിശോധന നടത്തിയിരുന്നു.
ബിന്ദു പത്മനാഭനെ കാണാതായ പരാതിയുണ്ടായ 2017 മുതൽ സെബാസ്റ്റ്യൻ വിവിധ അന്വേഷണ സംഘങ്ങളുടെ നിരീക്ഷണത്തിലായിരുന്നു.
പലതവണ പൊലീസും പിന്നീടു ക്രൈംബ്രാഞ്ചും സെബാസ്റ്റ്യന്റെ പള്ളിപ്പുറം ചെങ്ങുംതറയിൽ പരിശോധനകൾ നടത്തിയിരുന്നു. വീടിന്റെ പലഭാഗത്തും കുഴിച്ചും വീടിനുള്ളിൽ പലരീതിയിലും നടത്തിയ പരിശോധനകളിലൊന്നും തെളിവുകളൊന്നും ലഭിച്ചില്ല. 2017 അവസാനം ഇയാളെ പൊലീസ് പിടികൂടി ചോദ്യം ചെയ്തെങ്കിലും ഇയാൾ പരസ്പര വിരുദ്ധമായ മൊഴികളാണ് നൽകിയത്. നുണപരിശോധനയ്ക്ക് അനുമതി തേടി കോടതിയെ സമീപിച്ചെങ്കിലും സെബാസ്റ്റ്യൻ വിസമ്മതിച്ചതിനാൽ അതും നടന്നില്ല.
6 മാസം മുൻപ് പൊലീസ് പള്ളിപ്പുറത്ത് അന്വേഷണം നടത്തി
ചേർത്തല∙ ഏറ്റുമാനൂരിൽ നിന്നു കാണാതായ ജെയ്നമ്മ ചേർത്തല പള്ളിപ്പുറത്ത് എത്തിയതിനെക്കുറിച്ച് 6 മാസം മുൻപ് പൊലീസ് പള്ളിപ്പുറത്ത് അന്വേഷണം നടത്തിയിരുന്നു.
കാണാതായ ദിവസങ്ങളിൽ ജെയ്നമ്മയുടെ ടവർ ലൊക്കേഷൻ പള്ളിപ്പുറത്തായിരുന്നതിനാലാണ് ഇത്.
പള്ളിപ്പുറത്തെ വാട്സാപ് ഗ്രൂപ്പുകളിൽ 6 മാസം മുൻപ് പൊലീസിന്റെ നിർദേശപ്രകാരം ജെയ്നമ്മയുടെ ചിത്രം സഹിതം അറിയിപ്പ് നൽകിയിരുന്നെന്ന് ചേന്നംപള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. സുധീഷ് പറഞ്ഞു.
എന്നാൽ വിവരമൊന്നും ലഭിച്ചില്ല. ഏപ്രിലിൽ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചതോടെയാണ് സെബാസ്റ്റ്യനെ സംശയിക്കുന്നതും അന്വേഷണം ഇയാളിൽ കേന്ദ്രീകരിക്കുന്നതും.
കാണാതായ ദിവസങ്ങളിൽ ജെയ്നമ്മയുടെയും സെബാസ്റ്റ്യന്റെയും ടവർ ലൊക്കേഷൻ ഒരു സ്ഥലത്താണ് എന്നു കണ്ടെത്തിയത് നിർണായകമായി. കഴിഞ്ഞ ദിവസം ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വീട്ടുവളപ്പിൽ പരിശോധന നടത്തിയത്.
വീടിനുള്ളിൽ രക്തക്കറ
ചേർത്തല∙ പള്ളിപ്പുറത്തു മൃതദേഹഭാഗങ്ങൾ കണ്ടെത്തിയ പുരയിടത്തിലെ വീടിനുള്ളിൽ രക്തക്കറ കണ്ടെത്തി.
ഇന്നലെ രാത്രി ക്രൈംബ്രാഞ്ച് സംഘം നടത്തിയ പരിശോധനയിലാണ് സ്വീകരണമുറിയിൽ രക്തക്കറ കണ്ടെത്തിയത്. ഫൊറൻസിക്, വിരലടയാള വിദഗ്ധരും വീട്ടിനുള്ളിൽ പരിശോധന നടത്തി.
കഴിഞ്ഞദിവസവും ജെയ്നമ്മയുടെ ഫോണിൽ നിന്ന് കോൾ എത്തി
ഏറ്റുമാനൂർ∙ കാണാതായ ജെയ്നമ്മയുടെ ഫോണിൽ നിന്നു കഴിഞ്ഞ ഞായറാഴ്ചയും സഹോദരിക്കു കോൾ വന്നു. മിസ്ഡ് കോൾ ആണ് എത്തിയത്.
തുടർന്ന് ഇവർ വിവരം ക്രൈംബ്രാഞ്ചിനെ അറിയിക്കുകയായിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ടവർ ലൊക്കേഷൻ മേലുകാവിൽ ആണെന്നു കണ്ടെത്തി.
തുടർന്നു അന്വേഷണ സംഘവും ബന്ധുക്കളും അന്വേഷണം നടത്തിയെങ്കിലും വിവരമൊന്നും ലഭിച്ചില്ല.
അന്വേഷണം വഴി തെറ്റിക്കാനും ജെയ്നമ്മ മേലുകാവ് ഭാഗത്ത് ഉണ്ടെന്നു വിശ്വസിപ്പിക്കാനും സെബാസ്റ്റ്യന്റെ അറിവോടെയാണ് ഫോൺവിളി ആസൂത്രണം ചെയ്തതതെന്ന് അന്വേഷണ സംഘം പറയുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]