
ആലപ്പുഴ∙ ‘‘ഞാൻ വള്ളംകളി ഇതുവരെ ടിവിയിലേ കണ്ടിട്ടുള്ളൂ. പക്ഷേ ഇത്തവണ വള്ളത്തിലെ പരിശീലനത്തിൽ പങ്കെടുത്തതോടെ ഞാനും വള്ളംകളി ആരാധകനായി’’– കാരിച്ചാൽ ചുണ്ടന്റെ ക്യാപ്റ്റനും സിനിമ നടനുമായ രഞ്ജിത് സജീവ് പറയുന്നു.
സിനിമാതാരം ചുണ്ടന്റെ ക്യാപ്റ്റനാകുന്നതും പുതുമയുള്ള വിശേഷമാണ്.ഗോളം, ഖൽബ്, മൈക്ക് തുടങ്ങിയ സിനിമകളിലൂടെ പ്രശസ്തനായ യുവനടൻ ‘ഹാഫ്’ എന്ന സിനിമയുടെ ചിത്രീകരണത്തിരക്കുകൾക്കിടയിലാണു രാജസ്ഥാനിൽ നിന്നു കരുവാറ്റയിലെ പരിശീലന ക്യാംപിൽ എത്തിയത്. കൊല്ലത്തും കോട്ടയത്തും കുടുംബവേരുകളുള്ള താരത്തിനു വള്ളംകളിയുടെ ആവശം ഒട്ടും ചോരാതെയുണ്ട്. കാരിച്ചാലിന്റെ തുഴച്ചിലുകാരെ കണ്ടു പ്രോത്സാഹിപ്പിക്കാനാണു വന്നതെങ്കിലും രഞ്ജിത് മടങ്ങിയില്ല.
വള്ളത്തിലെ പരിശീലനത്തിൽ ഉൾപ്പെടെ സജീവമായി പങ്കെടുത്തു. കാരിച്ചാൽ ചുണ്ടനിൽ സ്വന്തം ടീം ഇതാദ്യമായാണു തുഴയുന്നതെങ്കിലും ട്രാക്ക് എൻട്രിയിലെ മികച്ച പ്രകടനം മറ്റു ടീമുകളെ അമ്പരപ്പിച്ചിരുന്നു.
‘‘അത്ലറ്റിക്സ് ഉൾപ്പെടെ കായിക ഇനങ്ങൾ ഇഷ്ടമാണ്.
അങ്ങനെയാണു വള്ളംകളിയിലേക്ക് എത്തിയത്. ടീമിനെ സ്പോൺസർ ചെയ്യുമ്പോഴും വള്ളംകളിയെന്ന വികാരമോ വള്ളത്തിൽ നിൽക്കുമ്പോഴുള്ള ആവേശമോ മത്സരത്തിന്റെ വീറുംവാശിയുമോ ഒന്നും അറിയില്ലായിരുന്നു.
ടീമിനൊപ്പം ചേർന്നതോടെ കഥ മാറി. അവരുടെ ആവേശം ഞാനും അറിഞ്ഞു.
മത്സര സമയത്തും വള്ളത്തിൽ കയറണമെന്നാണു കരുതുന്നത്’’– രഞ്ജിത് പറഞ്ഞു.
മികച്ച ടീമാണു കാരിച്ചാലിന്റേത്. കടുത്ത പരിശീലനത്തിലൂടെയാണു കടന്നുപോയത്.
പുന്നമടയിൽ കാരിച്ചാലിന്റെ തേരോട്ടം കാണാൻ കാത്തിരിക്കുന്നവർ നിരാശപ്പെടില്ല– ക്യാപ്റ്റന്റെ ഉറപ്പ്.ആലപ്പുഴ നഗരത്തിലാണു ഖൽബ് ഷൂട്ട് ചെയ്തത്. അങ്ങനെ മുല്ലയ്ക്കൽ തെരുവും ആലപ്പുഴ ബീച്ചുമൊക്കെ പരിചയമായി.
വള്ളംകളി കഴിഞ്ഞാൽ ഹാഫിന്റെ ലൊക്കേഷനിലേക്കു മടങ്ങും. ഒരാഴ്ചത്തെ കൂടി ജോലിയുണ്ട്– രഞ്ജിത് പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]