ആലപ്പുഴ ∙ പാലത്തിന് അപ്രോച്ച് റോഡ് നിർമിക്കാനായി വെട്ടിപ്പൊളിച്ച ഭാഗത്ത് രൂപപ്പെട്ട കുഴിയിൽ ബൈക്ക് വീണ് യുവാവ് മരിച്ചു.
ചങ്ങനാശേരി മനയ്ക്കച്ചിറ എസി ഉന്നതി പതിനെട്ടിൽച്ചിറ വീട്ടിൽ അജിമോൻ–പ്രീത ദമ്പതികളുടെ മകൻ ഹെവിൻ അജിമോൻ(23) ആണ് മരിച്ചത്. അപ്രോച്ച് റോഡ് നിർമിക്കാനായി വെട്ടിപ്പൊളിച്ച റോഡ് പുനർനിർമിക്കാതെ അധികൃതർ അനാസ്ഥ തുടരുന്നതാണ് അപകടത്തിനിടയാക്കിയതെന്നു നാട്ടുകാർ ആരോപിച്ചു.
ഹെവിനൊപ്പം ബൈക്കിൽ ഉണ്ടായിരുന്ന ചങ്ങനാശേരി മാമ്മൂട് പരുത്തിക്കളം വീട്ടിൽ ജോൺസൺ–ലീന ദമ്പതികളുടെ മകൻ ജോജോയെ(19) ഗുരുതര പരുക്കിനെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കും.
ഇന്നലെ പുലർച്ചെ ഒന്നരയോടെയായിരുന്നു അപകടം. ജോജോയുടെ സുഹൃത്തിന്റെ വിവാഹ നിശ്ചയത്തിന് പങ്കെടുക്കാൻ ഹെവിന്റെ ബൈക്കിൽ പോകുകയായിരുന്നു ഇരുവരും.
ആറാട്ടുവഴി പാലത്തിന്റെ കിഴക്കേക്കരയിൽ അപ്രോച്ച് റോഡ് നിർമിക്കാൻ റോഡ് വെട്ടിപ്പൊളിച്ച ഭാഗത്തെ കുഴിയിൽ ബൈക്ക് വീണു നിയന്ത്രണം തെറ്റി ചെളിക്കുഴിയിൽ പതിച്ച് കോൺക്രീറ്റ് നടപ്പാതയിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ കഴുത്തിനും നെഞ്ചിനും ക്ഷതമേറ്റ ഹെവിൻ അപകടസ്ഥലത്തു തന്നെ മരിച്ചു. ജോജോ തെറിച്ച് എസി കനാലിൽ വീഴുകയായിരുന്നു.
അതുവഴി വന്ന മറ്റ് വാഹനങ്ങളിൽ എത്തിയവരും നോർത്ത് പൊലീസ് ചേർന്നാണ് ഇരുവരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. തിരുവല്ല പാഴ്സൽ സർവീസിൽ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു ഹെവിൻ.
പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുത്തു. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.
സഹോദരങ്ങൾ: ഹർഷ്, ഹയന.
അപകടകാരണം അധികൃതരുടെ അനാസ്ഥയെന്ന് നാട്ടുകാർ
ആലപ്പുഴ ∙ ഒരാഴ്ച വെയിൽ കിട്ടിയാൽ അപ്രോച്ച് റോഡ് നിർമിക്കുമെന്നു പറഞ്ഞു നാല് മാസം മുൻപ് വെട്ടിപ്പൊളിച്ച റോഡിലെ കുഴിയിൽ വീണു യുവാവിനു ദാരുണാന്ത്യം സംഭവിച്ചത് അധികൃതരുടെ അനാസ്ഥയെന്നു നാട്ടുകാർ. ആറാട്ടുവഴി പാലത്തിന്റെ കിഴക്കേക്കരയിൽ അപ്രോച്ച് റോഡ് നിർമിക്കാൻ വെട്ടിപ്പൊളിച്ച റോഡിലെ കുഴിയിൽ ബൈക്ക് വീണതിനെ തുടർന്നാണ് ഹെവിൻ അജിമോൻ മരിച്ചതെന്ന് ആറാട്ടുവഴി, ചാത്തനാട് പ്രദേശവാസികൾ പറഞ്ഞു.
“ബൈക്ക് കുഴിയിൽ വീണ് നിയന്ത്രണം തെറ്റി ഇടിച്ചതാണ്.
റോഡ് വെട്ടിപ്പൊളിച്ച ശേഷം ഇവിടെ ഗ്രാവൽ നിറച്ചിരുന്നു. അത് മഴയിൽ ചെളിക്കുണ്ടായപ്പോൾ ഞങ്ങൾ നാട്ടുകാർ പ്രതിഷേധിച്ചു.
അപ്പോൾ ചെളി വാരിക്കൊണ്ടുപോയി. നാല് മാസത്തിനിടെ ഒട്ടേറെ അപകടങ്ങളുണ്ടായി.
കുഴിയിൽ വീണ ഒരു യുവാവ് ഇതുവരെ എഴുന്നേറ്റിട്ടില്ല. കഴിഞ്ഞദിവസം രാത്രി ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടർ അപകടത്തിൽപെട്ടിരുന്നു.”
കെ.എസ്.ജോയ്, കുന്നേൽ, ചാത്തനാട് (പ്രദേശവാസി)
ആറാട്ടുവഴി, കളപ്പുര പാലങ്ങളുടെ അപ്രോച്ച് റോഡ് നിർമാണ നടപടികൾ തുടങ്ങിയിട്ട് 4 മാസങ്ങളായി.
സംരക്ഷണ ഭിത്തിയുടെ പണി തീർന്നതല്ലാതെ അപ്രോച്ച് റോഡിന്റെ നിർമാണം നടന്നിട്ടില്ല. ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചാലേ അപ്രോച്ച് നിർമാണം വേഗം പൂർത്തിയാക്കാനാകൂ എന്ന പേരിൽ സെപ്റ്റംബർ 11 മുതൽ രാത്രി വാഹനഗതാഗതം നിയന്ത്രിച്ചെങ്കിലും മഴയുടെ കാരണം പറഞ്ഞ് ഇതുവരെയും നിർമാണം നടത്തിയില്ല. ഇതിനിടെ, വെട്ടിപ്പൊളിച്ച റോഡിൽ നിരവധി കുഴികളുണ്ടായി.
മഴയിൽ റോഡ് ചെളിക്കുളമായി. ഈ കുഴികളിൽ വീണ് അപകടങ്ങളുണ്ടാകുന്നതും നിത്യസംഭവമായി. അപകടവിവരം അറിഞ്ഞെത്തിയ അധികൃതർ ഇന്നലെത്തന്നെ റോഡിലെ കുഴികൾ സിമന്റുപയോഗിച്ച് താൽക്കാലികമായി അടച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

