മാന്നാർ ∙ വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ പമ്പാനദിയിലെ ഉപദേശിക്കടവ് പാലം നിർമാണം പൂർത്തിയായെങ്കിലും അപ്രോച്ച് റോഡ് പൂർത്തിയാകാത്തതിനാൽ ഈ വർഷവും പരുമല തീർഥാടകർക്ക് ദുരിതയാത്ര. പാലത്തിന്റെ മറുകരയായ വളഞ്ഞവട്ടം ഭാഗത്തെ റോഡ് നിർമാണം പൂർത്തിയായി.
പരുമല ഭാഗത്ത് പാലം മുതൽ സിൻഡസ് മോസ് സ്കൂൾ വരെയുള്ള ഭാഗവും നിർമാണം പൂർത്തിയായി കഴിഞ്ഞു. 8 മീറ്റർ വീതിയിലാണ് റോഡ് നിർമാണം നടത്തിയിരിക്കുന്നത്.
എന്നാൽ സിൻഡസ് മോസ് സ്കൂൾ മുതൽ തിക്കപ്പുഴ വരെയുള്ള ഒന്നര കിലോമീറ്ററോളം വരുന്ന റോഡിന്റെ നിർമാണം അനിശ്ചിതത്വത്തിലാണ്. കാൽനടയാത്ര പോലും സാധ്യമല്ലാത്ത വിധമാണ് റോഡ് തകർന്നുകിടക്കുന്നത്.
ഈ ഭാഗത്തെ റോഡ് കൂടി ഗതാഗതയോഗ്യമാക്കിയാൽ മാത്രമേ കോടികൾ മുടക്കി നിർമിച്ച പാലത്തിന്റെ പ്രയോജനം നാട്ടുകാർക്കുണ്ടാകുകയുള്ളു.
നിലവിൽ പൊളിഞ്ഞു കിടക്കുന്ന ഭാഗം കടപ്ര പഞ്ചായത്തിന്റെ പരിധിയിലാണ്. ഈ ഭാഗം പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് 8 മീറ്റർ വീതിയിൽ നിർമിക്കുന്നതിന് എസ്റ്റിമേറ്റും എടുത്തതാണ്.
ഈ നിർമാണത്തിനുള്ള ഭരണാനുമതി ലഭിച്ചെങ്കിലും ഇതുവരെ ആരംഭിച്ചിട്ടില്ല. 2025ലെ പരുമല പെരുന്നാളിന് ഈ പാലത്തിലൂടെ തീർഥാടകരെ കടത്തിവിടുമെന്ന് പെരുന്നാൾ അവലോകന യോഗത്തിൽ അധികൃതർ പ്രഖ്യാപിച്ചിരുന്നു.
എന്നാൽ അത് വാക്കുമാത്രമായി ഒതുങ്ങി.
റോഡ് ഗതഗാതയോഗ്യമാക്കാൻ താൽക്കാലിക സംവിധാനമെങ്കിലുമൊരുക്കിയാൽ തിരുവല്ല ഭാഗത്തുനിന്നു നൂറുകണക്കിനു തീർഥാടകർക്കും വാഹനങ്ങൾക്കും ഉപദേശിക്കടവ് പാലം വഴി പരുമലയിലെത്താം. പരുമല തീർഥാടകർക്കു മാത്രമല്ല തിരുവല്ല ഭാഗത്തുനിന്നു പനയന്നാർക്കാവ് ക്ഷേത്രം, പരുമല ആശുപത്രി, പമ്പാ കോളജ് എന്നിവിടങ്ങളിലേക്കും മാന്നാർ, ചെങ്ങന്നൂർ മേഖലകളിലേക്കുമുള്ള യാത്രക്കാർക്ക് ഏറെ പ്രയോജനകരമാകുന്നതാണ് പാലം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

