ആലപ്പുഴ ∙ അടങ്ങാത്ത മനുഷ്യഗാഥകളുടെ കവി വയലാർ രാമവർമയുടെ ജീവൻ രാഘവപ്പറമ്പിൽ അവസാനിച്ചിട്ട് ഇന്ന് 50 വർഷം. രാഘവപ്പറമ്പിലേക്ക് അനുവാചകരുടെ തീർഥയാത്രകൾ നിലയ്ക്കുന്നില്ല.
അവ വയലാറിന്റെ ജന്മ, ചരമവാർഷികങ്ങളിൽ മാത്രം സംഭവിക്കുന്നതല്ല. വയലാറിന്റെ കവിതകളും പാട്ടുകളും മലയാളിമനസ്സുകളിലൂടെ എന്നും ഒഴുകുന്നതു പോലെ അതു തുടരുന്നു.
1975 ഒക്ടോബർ 27ന്, പുന്നപ്ര – വയലാർ രക്തസാക്ഷിത്വത്തിന്റെ വാർഷിക ദിനത്തിലാണു വിപ്ലവകവി വിടപറഞ്ഞത്. കവിയുടെ വേർപാടിന്റെ നിമിഷങ്ങൾ വ്യക്തമായി ഓർക്കുന്നുണ്ട് ഭാര്യ ഭാരതി തമ്പുരാട്ടി.
ഓർമക്കുറിപ്പുകളിൽ അവർ അതു വിവരിച്ചിട്ടുമുണ്ട്.
അമ്മയുടെ അസുഖമറിഞ്ഞ് ഒക്ടോബർ 18നോ 19നോ അദ്ദേഹം ചെന്നൈയിൽനിന്നു വീട്ടിലെത്തി. അമ്മയെ പരിചരിച്ച് അടുത്തുതന്നെയുണ്ടായിരുന്നു.
അമ്മ സുഖം പ്രാപിച്ചപ്പോഴേക്കും കവിയെ കരൾരോഗം കഠിനമായി ആക്രമിച്ചു തുടങ്ങി. രക്തം ഛർദിച്ചു ശരീരം കുഴഞ്ഞു.
ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർ രോഗത്തെ നിയന്ത്രിക്കാൻ കഠിനയത്നം നടത്തി. ചെന്നൈയിലായിരുന്ന മലയാറ്റൂർ രാമകൃഷ്ണന്റെ നിർദേശപ്രകാരം ആലപ്പുഴ കലക്ടർ ആശുപത്രിയിലെത്തി.
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്നു ഡോ. പി.കെആർ.വാരിയരും ഡോ.
കൃഷ്ണകുമാറും എത്തി. അവരെല്ലാം എത്ര ശ്രമിച്ചിട്ടും രോഗം മൂർഛിക്കുകയായിരുന്നു.
അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി.
തിരുവനന്തപുരത്തെ ആശുപത്രി പരിസരം ആളുകളെക്കൊണ്ടു നിറഞ്ഞു. മുഖ്യമന്ത്രി സി.അച്യുതമേനോനും മന്ത്രിമാരും ഉൾപ്പെടെ ഒട്ടേറെ പ്രമുഖർ.
‘ഗംഗാധരൻകുട്ടീ, എന്റെ അമ്മ…’ – മരണത്തിനു തൊട്ടുമുൻപു പ്രിയസുഹൃത്തു കൂടിയായ ഡോ. ഗംഗാധരന്റെ കൈപിടിച്ചു വയലാർ അവസാനമായി പറഞ്ഞ വാക്കുകൾ.
അമ്മയോടായിരുന്നു വയലാറിന് ഏറ്റവും സ്നേഹം. ഡോക്ടർമാരുടെ പരിശ്രമങ്ങളും പുറത്തുനിന്നവരുടെ പ്രാർഥനകളും വിഫലമായി.
27നു പുലർച്ചെ 4.30ന്, ജീവിച്ചു കൊതി തീരാത്ത തീരം വിട്ടു കവി യാത്രയായി. കവിയുടെ ജന്മനാട്ടിൽ വിപ്ലവകാരികൾ ചോര ചൊരിഞ്ഞതിന്റെ 29ാം വാർഷികമായിരുന്നു.
നാടെങ്ങുമുയർന്ന ചെങ്കൊടികൾ കവിയുടെ വിയോഗവാർത്ത വന്നതോടെ താഴ്ത്തി. ഗ്രാമത്തിലാകെ കറുത്ത കൊടികൾ പകരം ഉയർന്നു.
ആശുപത്രിയിൽനിന്നു സിപിഐ ഓഫിസിലേക്കാണു കവിയുടെ ശരീരം ആദ്യം കൊണ്ടുപോയത്.
പിന്നെ വിജെടി ഹാളിൽ. സംസ്ഥാനത്തു പൊതുഅവധി പ്രഖ്യാപിച്ചു.
രാവിലെ 9നു വിലാപയാത്രയായി ഭൗതികശരീരം വയലാറിലേക്കു കൊണ്ടുപോകാനായിരുന്നു തീരുമാനം. പക്ഷേ, ഉച്ചകഴിഞ്ഞും ജനപ്രവാഹം തുടർന്നു.
മൂന്നു മണിക്കാണു വിലാപയാത്ര തുടങ്ങിയത്. വഴിയിലെല്ലാം ആളുകൾ അന്ത്യയാത്രാമൊഴി ചൊല്ലാൻ കാത്തുനിന്നു.
വിലാപയാത്ര വയലാറിലെത്തിയപ്പോൾ രാത്രി പത്തര. വയലാറെന്ന നാടാകെ രാഘവപ്പറമ്പിൽ ഒന്നിച്ചു കൂടിയതുപോലെ ജനക്കൂട്ടം.
11 മണിക്കു മകൻ ശരത്ചന്ദ്രവർമ കവിയുടെ ചിതയ്ക്കു തീകൊളുത്തി. നക്ഷത്രമണ്ഡലങ്ങളോളം പടർന്ന ഭാവനയുടെ ഉടമയ്ക്കു പിറന്ന മണ്ണിൽ വിലയം.
വയലാർ രാമവർമയുടെ ഓർമകൾ ഉറങ്ങുന്ന വയലാർ രാഘവപ്പറമ്പിലെ ചന്ദ്രകളഭത്തിൽ ഇന്നു രാവിലെ 8 മുതൽ വയലാർ അനുസ്മരണവും കവി സമ്മേളനവും നടക്കും.
പുരോഗമന കലാസാഹിത്യ സംഘം, ഇന്ത്യൻ പീപ്പിൾസ് തിയറ്റർ അസോസിയേഷൻ, യുവകലാസാഹിതി എന്നിവ ചേർന്നാണു പരിപാടി നടത്തുന്നത്. പുന്നപ്ര വയലാർ സമരവാർഷികത്തിന്റെ ഭാഗമായി വയലാർ രക്തസാക്ഷി മണ്ഡലത്തിൽ ഇന്ന് ഉച്ചയ്ക്ക് 2ന് വയലാർ രാമവർമ അനുസ്മരണ സാഹിത്യ സമ്മേളനം നടക്കും.
വയലാറിന്റെ ഓർമയിൽ ഒഎൻവി എഴുതി ‘സാഗരമേ ശാന്തമാക നീ…’
ആലപ്പുഴ∙ തിരുവനന്തപുരം ഗവ.
മെഡിക്കൽ കോളജ് ആശുപത്രിയിൽ വയലാർ രാമവർമയുടെ അവസാനയാത്രയ്ക്കു സാക്ഷിയായ കവി ഒ.എൻ.വി കുറുപ്പ് 3 വർഷത്തിനു ശേഷം പാട്ടുകൊണ്ട് ആ ഓർമയ്ക്കു ശ്രദ്ധാഞ്ജലിയർപ്പിച്ചു. 1978ൽ പുറത്തിറങ്ങിയ മദനോത്സവം എന്ന സിനിമയ്ക്കായി ഒഎൻവി എഴുതിയ ‘സാഗരമേ ശാന്തമാക നീ’ എന്ന ഗാനത്തിൽ വയലാറിന്റെ വേർപാടിന്റെ വേദനയുണ്ട്.
പാടിന്റെ അനുപല്ലവിയിലെ ‘തളിർത്തൊത്തിലാരോ പാടി തരൂ ഒരു ജന്മം കൂടി’ എന്ന വരികൾ, വയലാറിന്റെ ‘ഈ മനോഹര തീരത്തുതരുമോ ഇനിയൊരു ജന്മം കൂടി’ എന്ന അനശ്വരഗാനത്തെ ഓർമിപ്പിക്കുന്നതാണ്. സാഗരമേ ശാന്തമാക നീ സാന്ധ്യരാഗം മായുന്നിതാ, പാതി പാടും മുൻപേ വീണു ഏതോ കിളിനാദം കേണു തുടങ്ങിയ വരികളില്ലെല്ലാം ഗാനങ്ങൾ കൊണ്ടു ഹൃദയം കവർന്നൊരാൾ വിട
പറഞ്ഞകലുന്നതിന്റെ വേദന പടരുന്നുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

