
ആലപ്പുഴ∙ പുന്നമടയിലെ ജലപ്പൂരത്തിന് ഇനി മൂന്നു നാൾ. 71ാമതു നെഹ്റു ട്രോഫി വള്ളംകളി മത്സരം 30നു രാവിലെ 11ന് ആരംഭിക്കും.
ഉച്ചയ്ക്കു രണ്ടിനു മുഖ്യമന്ത്രി പിണറായി വിജയൻ വള്ളംകളി ഉദ്ഘാടനം ചെയ്യും. തുടർന്നു ചുണ്ടൻവള്ളങ്ങളുടെ ഹീറ്റ്സ്, ഫൈനൽ മത്സരങ്ങളും ചെറുവള്ളങ്ങളുടെ ഫൈനൽ മത്സരങ്ങളും നടക്കും.
21 ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ 71 വള്ളങ്ങളാണു 9 വിഭാഗങ്ങളിലായി മത്സരിക്കുന്നത്. സിംബാബ്വെയിലെ വ്യവസായ വാണിജ്യ ഡപ്യൂട്ടി മന്ത്രി രാജേഷ് കുമാർ ഇന്ദുകാന്ത് മോദി, സിംബാബ്വെ അംബാസഡർ സ്റ്റെല്ല നികോമോ എന്നിവർക്കൊപ്പം ഓസ്ട്രേലിയൻ ഹൈക്കമ്മിഷണറും വള്ളംകളിയുടെ മുഖ്യാതിഥികളായേക്കും.
സി–ഡിറ്റ് തയാറാക്കിയ ഹോളോഗ്രാം പതിച്ച ടിക്കറ്റുള്ളവർക്കു മാത്രമാണു ഗാലറികളിലേക്കു പ്രവേശനം അനുവദിക്കുക. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, കൊല്ലം, എറണാകുളം ജില്ലകളിലെ സർക്കാർ ഓഫിസുകൾ വഴിയും നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഓൺലൈനായും ടിക്കറ്റ് വിൽപന നടത്തുന്നുണ്ട്. വള്ളംകളി കാണാനെത്തുന്നവർക്കായി ജലഗതാഗത വകുപ്പിന്റെ കൂടുതൽ ബോട്ടുകളും കെഎസ്ആർടിസി ബസുകളും ഏർപ്പെടുത്തിയിട്ടുണ്ട്.
അയൽ ജില്ലകളിലെ കെഎസ്ആർടിസി ഡിപ്പോകളിൽ നിന്നു രാവിലെ ആലപ്പുഴയിലേക്കും വൈകിട്ടു തിരികെയും പ്രത്യേക സർവീസുകളുണ്ടാകും.
ഇതിനു പുറമേ വള്ളംകളി കാണുന്നതിനായി കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ പ്രത്യേക പാക്കേജ് സംവിധാനവും ഹെൽപ് ഡെസ്കും ഒരുക്കിയിട്ടുണ്ടെന്നു കലക്ടർ അലക്സ് വർഗീസ് പറഞ്ഞു. വള്ളംകളിയുടെ ഭാഗമായി 30നു രാവിലെ 9 മുതൽ ആലപ്പുഴ നഗരത്തിൽ കെഎസ്ആർടിസി ബസുകൾ ഉൾപ്പെടെയുള്ളവയ്ക്കു ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
വള്ളംകളി വരുമാനം റെക്കോർഡിലേക്ക്; പ്രതീക്ഷിക്കുന്ന വരുമാനം 5 കോടി
ആലപ്പുഴ∙ നെഹ്റു ട്രോഫി വള്ളംകളിക്ക് 5 കോടിയോളം രൂപയുടെ വരുമാനം പ്രതീക്ഷിക്കുന്നെന്നു കലക്ടർ അലക്സ് വർഗീസ്. സംസ്ഥാന വിനോദ സഞ്ചാര വകുപ്പിൽ നിന്ന് ഒരു കോടിയും കേന്ദ്ര വിനോദ സഞ്ചാര മന്ത്രാലയത്തിൽ നിന്ന് 50 ലക്ഷവും ഗ്രാന്റായി ലഭിക്കും.
80 ലക്ഷത്തിലധികം രൂപയുടെ ടിക്കറ്റ് വിൽപനയാണു പ്രതീക്ഷിക്കുന്നത്. ഓണക്കാലമായതിനാൽ ഒരു കോടിയുടെ വരെ ടിക്കറ്റ് വിൽപന നടന്നേക്കാം.
പരസ്യ വരുമാനത്തിൽ നിന്ന് 1.51 കോടി രൂപ സമാഹരിച്ചു കഴിഞ്ഞു.
ഇനിയും അരക്കോടിയിലേറെ രൂപ ലഭിക്കാനുണ്ട്. ഇതുകൂടിയാകുമ്പോൾ നെഹ്റു ട്രോഫിയുടെ ചരിത്രത്തിലെ റെക്കോർഡ് വരുമാനമാകുമെന്നു കലക്ടർ പറഞ്ഞു. അതേസമയം ചില സർക്കാർ ഓഫിസുകളിലെത്തുന്നവരെ നിർബന്ധിച്ചു നെഹ്റു ട്രോഫി വള്ളംകളിയുടെ ടിക്കറ്റ് എടുപ്പിക്കുന്നതായി ആരോപണം ഉയർന്നു. വില്ലേജ് ഓഫിസുകളിൽ എത്തുന്നവരെക്കൊണ്ട് 500 രൂപ നിരക്കിലുള്ള വിക്ടറി ലൈൻ ടിക്കറ്റുകളാണ് എടുപ്പിക്കുന്നത്.
ടിക്കറ്റ് എടുത്തില്ലെങ്കിൽ സർട്ടിഫിക്കറ്റുകളും മറ്റും ലഭ്യമാക്കാൻ വൈകുമെന്നു പറഞ്ഞാണു നിർബന്ധിക്കുന്നെന്നാണ് ആക്ഷേപം.
സുരക്ഷയ്ക്ക് 1500 പൊലീസ്
ആലപ്പുഴ∙ നെഹ്റു ട്രോഫി വള്ളംകളിയോടനുബന്ധിച്ചു സുരക്ഷാ ഡ്യൂട്ടിക്കും ഗതാഗത ക്രമീകരണങ്ങൾക്കുമായി 1500 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. പുന്നമടയും പരിസര പ്രദേശങ്ങളും 15 സെക്ടറുകളായി തിരിച്ചു ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ 16 ഡിവൈഎസ്പി, 40 ഇൻസ്പെക്ടർ, 360 എസ്ഐ എന്നിവരുൾപ്പെടുന്ന സംഘത്തെയാണു നിയോഗിക്കുന്നത്.
കായലിലും 50 ബോട്ടുകളിലായി പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. നഗരവും പുന്നമട
ഭാഗവും പൂർണമായും സിസിടിവി ക്യാമറ നിരീക്ഷണത്തിലാക്കും.
ജനത്തിരക്കിനിടയിൽ മാല മോഷണം. പോക്കറ്റടി, മറ്റു സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ എന്നിവ തടയുന്നതിനായി കൂടുതൽ ഷാഡോ പൊലീസ് ഉദ്യോഗസ്ഥരെയും സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥരെയും നിയമിക്കുമെന്നും ജില്ലാ പൊലീസ് മേധാവി എം.പി.മോഹനചന്ദ്രൻ പറഞ്ഞു.29നു രാത്രി മുതൽ പുന്നമടയിലും പരിസരത്തും പൊലീസിനെ വിന്യസിച്ചു തുടങ്ങും.
30നു രാവിലെ 6 മുതൽ ടിക്കറ്റോ പാസോ ഇല്ലാത്ത ആരെയും പവിലിയൻ ഭാഗത്തേക്കു കടത്തിവിടില്ല. രാവിലെ 8നു ശേഷം ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെ മത്സര ട്രാക്കിൽ പ്രവേശിക്കുന്ന വള്ളങ്ങളെയും ബോട്ടുകളെയും പിടിച്ചുകെട്ടുകയും പെർമിറ്റും ഡ്രൈവറുടെ ലൈസൻസും മൂന്നു വർഷത്തേക്കു റദ്ദാക്കാൻ നടപടി സ്വീകരിക്കുകയും ചെയ്യും.
അനൗൺസ്മെന്റ്/പരസ്യബോട്ടുകൾ രാവിലെ 8നു ശേഷം ട്രാക്കിലും പരിസരത്തും സഞ്ചരിക്കാൻ പാടില്ല.
10നു ശേഷം ഡിടിപിസി ജെട്ടി മുതൽ പുന്നമടക്കായലിലേക്കും തിരിച്ചും ബോട്ട് സർവീസ് അനുവദിക്കില്ല. കായലിൽ ചാടി മത്സരം തടസ്സപ്പെടുത്താൻ ശ്രമിക്കുന്നവരെ മത്സരം അലങ്കോലപ്പെടുത്തിയതായി കണ്ട് അറസ്റ്റ് ചെയ്യും. മദ്യക്കുപ്പികൾ പരസ്യമായി കൊണ്ടു നടക്കുന്നവരെയും പരസ്യ മദ്യപാനം നടത്തുന്നവരെയും ലഹരിക്കടിമപ്പെട്ടു ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ പ്രവർത്തിക്കുന്നവരെയും കണ്ടെത്താൻ ഷാഡോ പൊലീസിനെ വിന്യസിക്കും.
നെഹ്റു പവിലിയനിലേക്കും തിരിച്ചുമുള്ള യാത്രയിൽ തിക്കും തിരക്കും ഉണ്ടാക്കരുത്.
ഡ്രോൺ റൂൾ 2021 പ്രകാരം നെഹ്റു ട്രോഫി ജലമേള നടക്കുന്ന ട്രാക്കിനു 100 മീറ്റർ ചുറ്റളവിലുള്ള പ്രദേശം താൽക്കാലിക റെഡ് സോൺ ആയി പ്രഖ്യാപിച്ചിട്ടുണ്ട്. ഔദ്യോഗിക ആവശ്യത്തിനല്ലാതെ ഡ്രോൺ ക്യാമറകൾ പ്രവർത്തിപ്പിക്കുന്നവരുടെ ഡ്രോൺ/ഹെലി ക്യാമറ പിടിച്ചെടുക്കുമെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു.
നഗരത്തിൽ ഗതാഗത നിയന്ത്രണം
ആലപ്പുഴ ∙ നെഹ്റു ട്രോഫി വള്ളംകളിയോട് അനുബന്ധിച്ച് 30നു രാവിലെ 6 മുതൽ ആലപ്പുഴ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
∙ ജനറൽ ആശുപത്രി ജംക്ഷനു വടക്കുവശം മുതൽ കൈചൂണ്ടി ജംക്ഷൻ, കൊമ്മാടി ജംക്ഷൻ വരെയുള്ള റോഡരികുകളിൽ പാർക്കിങ് അനുവദിക്കില്ല.
പാർക്കു ചെയ്യുന്ന വാഹനങ്ങൾ റിക്കവറി വാഹനം ഉപയോഗിച്ചു നീക്കും. ∙ 7 മുതൽ വൈകിട്ട് 7 വരെ പൊലീസ് കൺട്രോൾ റൂം ജംക്ഷൻ മുതൽ കിഴക്കോട്ട് തത്തംപള്ളി കായൽ കുരിശടി ജംക്ഷൻ വരെ വാഹന ഗതാഗതം അനുവദിക്കില്ല.
∙ വള്ളംകളി കാണാൻ തണ്ണീർമുക്കം, എറണാകുളം ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ കൊമ്മാടി, ശവക്കോട്ടപ്പാലം, കോൺവന്റ് സ്ക്വയർ വഴി ആലപ്പുഴ ബീച്ച്, പൊലീസ് പരേഡ് ഗ്രൗണ്ട്, കനാൽ ബങ്ക് റോഡ് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം.
∙ തെക്ക് നിന്നു വരുന്ന വാഹനങ്ങൾ എസ്ഡി കോളജ് ഗ്രൗണ്ട്, ചിൻമയ സ്കൂൾ ഗ്രൗണ്ട്, ചുടുകാട് പമ്പ് ഹൗസ്, ടിഡി സ്കൂൾ ഗ്രൗണ്ട് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം. ∙ ചങ്ങനാശേരി ഭാഗത്തു നിന്നു കൈതവന ഭാഗത്തുകൂടി വരുന്ന വാഹനങ്ങൾ തിരുവമ്പാടി സ്കൂൾ ഗ്രൗണ്ട്, കാർമൽ സ്കൂൾ ഗ്രൗണ്ട് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം.
∙ കോടതിപ്പാലത്തിന്റെ നിർമാണ പ്രവൃത്തികൾ കൂടി നടക്കുന്നതിനാൽ രാവിലെ 9 മുതൽ രാത്രി 9 വരെ ആലപ്പുഴ നഗരത്തിൽ വാഹന ഗതാഗതം നിയന്ത്രിക്കും. കെഎസ്ആർടിസി ഓർഡിനറി ബസുകളും ആലപ്പുഴ സ്റ്റാൻഡിൽ യാത്ര അവസാനിപ്പിക്കുന്ന ബസുകളും ഒഴികെയുള്ള ബസുകൾ ബൈപാസിലൂടെയാകും സർവീസ് നടത്തുക.
കളർകോട്, കൊമ്മാടി എന്നീ ഫീഡർ സ്റ്റേഷനുകളിൽ നിന്നു കെഎസ്ആർടിസി ബസ് സ്റ്റാൻഡിലേക്ക് ഓർഡിനറി ബസ് സർവീസ് ഉണ്ടാകും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]