
എടത്വ ∙ തലവടി ആനപ്രമ്പാൽ ഗവ. എൽപി സ്കൂളിലെ കെട്ടിടത്തിനു നൽകിയിരുന്ന താൽക്കാലിക ഫിറ്റ്നസ് കാലാവധിയും അവസാനിക്കുന്നു.
31 നു ശേഷം കുട്ടികളുടെ പഠനം പെരുവഴിയിലാകും. സ്കൂളിൽ 3 കെട്ടിടങ്ങൾ ഉണ്ടെങ്കിലും രണ്ടു കെട്ടിടങ്ങൾക്ക് ഫിറ്റ്നസ് ഇല്ലാതായിട്ട് വർഷങ്ങൾ കഴിഞ്ഞു. പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ഫിറ്റ്നസ് കാലാവധി ഒരുവർഷം മുൻപ് ഇല്ലാതായതാണ്.
കെട്ടിടത്തിന്റെ ഷീറ്റ് മാറ്റി പുതുക്കിപ്പണിത് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് വാങ്ങണമെന്ന് പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ നിർദേശിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ താൽക്കാലികമായി ഓഗസ്റ്റ് 31 വരെ പ്രവർത്തിക്കാൻ അനുവദിക്കുകയും ചെയ്തു.
കെട്ടിടത്തിന്റെ അറ്റകുറ്റപ്പണിക്കായി 5 ലക്ഷത്തിലധികം രൂപ അനുവദിക്കുകയും ചെയ്തിരുന്നതാണ്.
എന്നാൽ കരാറുകാരൻ നിർമാണ പ്രവർത്തനം നടത്താൻ തയാറായില്ല. തലവടി പഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്കൂൾ ആയതിനാൽ രക്ഷാകർത്താക്കളും നാട്ടുകാരും എസ് എം സി പ്രവർത്തകരും ഒട്ടേറെ തവണ പഞ്ചായത്തിനെ സമീപിച്ചെങ്കിലും നടപടി എടുത്തില്ല.
താൽക്കാലിക ഫിറ്റ്നസ് അവസാനിക്കുന്നതോടെ കുട്ടികളെ എങ്ങോട്ടു മാറ്റുമെന്ന ആശങ്കയിലാണ് അധ്യാപകരും രക്ഷാകർത്താക്കളും.
ഫിറ്റ്നസ് ഇല്ലാതെ ഏതു നിമിഷവും തകർന്നു വീഴാവുന്ന രണ്ടു കെട്ടിടങ്ങൾ ക്ലാസുകൾ നടക്കുന്ന കെട്ടിടത്തിനു സമീപം ഉണ്ട്. 2022 ൽ ഈ കെട്ടിടങ്ങൾ പൊളിച്ചു നീക്കുന്നതിന് കരാർ നൽകിയിരുന്നതാണ്.
2025 ആയിട്ടും ഇത് പൊളിച്ചു നീക്കിയിട്ടില്ല. ഇപ്പോൾ കരാറുകാരന്റെ കാലാവധി അവസാനിക്കുകയും ചെയ്തു.
ഇനി വീണ്ടും കരാർ നൽകണമെങ്കിൽ നിലവിലെ കരാറുകാരൻ ഫൈൻ അടച്ചില്ലെങ്കിൽ മാത്രമേ സാധിക്കൂ. താൽക്കാലിക ഫിറ്റ്നസ് ഉള്ള കെട്ടിടം അറ്റകുറ്റപ്പണി നടത്തിയാലും പൊളിച്ചു നീക്കാത്ത കെട്ടിടം ഉടൻ പൊളിക്കാൻ പറ്റാത്ത അവസ്ഥയിലുമാണ്.
സംരക്ഷണ സമിതി പ്രതിഷേധം ഇന്ന്
എടത്വ ∙ തലവടി ആനപ്രമ്പാൽ ഗവ.എൽപി സ്കൂളിന്റെ പ്രവർത്തനം ഇല്ലാതാക്കാനുള്ള ശ്രമം പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ നടത്തുന്നു എന്നാരോപിച്ച് സ്കൂൾ മാനേജിങ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്കൂൾ സംരക്ഷണ സമിതി രൂപീകരിച്ചു.
സാധാരണക്കാരുടെ കുട്ടികൾ പഠിക്കുന്ന തലവടി ഉപജില്ലയിലെ മികച്ച നിലവാരം പുലർത്തുന്ന സ്കൂളിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താൻ 2022 –23 അധ്യയന വർഷം മുതൽ നിരന്തരം പഞ്ചായത്തുമായി ബന്ധപ്പെട്ടിട്ടും നടപടി സ്വീകരിക്കാൻ പഞ്ചായത്ത് തയാറാകാത്തതാണ് സംരക്ഷണ സമിതി രൂപീകരിക്കാൻ കാരണമായത്. മാത്രമല്ല 31 ന് കെട്ടിടത്തിനു ലഭിച്ചിട്ടുള്ള താൽക്കാലിക ഫിറ്റ്നസ് ഇല്ലാതാകുകയും ചെയ്യും. ഇന്ന് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പഞ്ചായത്തിൽ എത്തി പ്രതിഷേധം അറിയിക്കാനും തീരുമാനിച്ചു.
എസ് എം സി അധ്യക്ഷ എ.ആർ. രാജിമോൾ അധ്യക്ഷത വഹിച്ചു.
എം പി ടി എ പ്രസിഡന്റ് സുജ ബിനു കുമാർ, വൈസ് പ്രസിഡന്റ് വീണ ദേവ്, മറിയം സഖറിയ എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]