
ബൈക്കുകൾ കൂട്ടിമുട്ടി അപകടം; തർക്കം പരിഹരിക്കാൻ എത്തിയ പൊലീസ് ലഹരി പിടികൂടി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചേർത്തല ∙ ഇരുചക്രവാഹനങ്ങൾ കൂട്ടിമുട്ടിയതിനെത്തുടർന്ന് തർക്കമുണ്ടായതോടെ പൊലീസ് ഇടപെട്ട് നടത്തിയ പരിശോധനയ്ക്കൊടുവിൽ ലഹരി മരുന്നു വിൽപനക്കാരനായ യുവാവിനെ പൊലീസ് പിടികൂടി. യുവാവിന്റെ കയ്യിൽ നിന്നും പൂച്ചാക്കൽ സ്റ്റേഷൻ ഓഫിസർ പി.എസ്.സുബ്രഹ്മണ്യന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം 9.53ഗ്രാം എംഡിഎംഎയും 6.41ഗ്രാം ഹെറോയിനും നിരോധിത പുകയില ഉൽപന്നങ്ങളും പിടിച്ചെടുത്തു.
സംഭവവുമായി ബന്ധപ്പെട്ട് എറണാകുളം തോപ്പുംപടി ഭാഗം പ്ലാപ്പള്ളി വീട്ടിൽ സനീഷാണ് (40) പിടിയിലായത്. വെള്ളിയാഴ്ച വൈകിട്ട് പാണാവള്ളി തൃച്ചാറ്റുകുളം ജംക്ഷനു സമീപം വാഹനങ്ങൾ കൂട്ടിമുട്ടിയതിനെത്തുടർന്നാണ് തർക്കമുണ്ടായത്. തുടർന്ന് സ്ഥലത്തെത്തിയ പൂച്ചാക്കൽ പൊലീസ് സനീഷിനെ ചോദ്യം ചെയ്ത് നടത്തിയ പരിശോധനയിലാണ് സനീഷിന്റെ കയ്യിൽ നിന്നും ലഹരിമരുന്നു കണ്ടെത്തിയത്.
യുവാക്കൾക്കും വിദ്യാർഥികൾക്കും ലഹരിമരുന്ന് എത്തിക്കുന്നതിൽ പ്രധാനകണ്ണിയാണ് സനീഷെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റ് ചെയ്ത സനീഷിനെ ചേർത്തല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി. എസ്ഐമാരായ ജോസ് ഫ്രാൻസിസ്, ജെ. സണ്ണി, എഎസ്ഐ എം.കെ.അമ്പിളി, ജുബിൻ സി.മാത്യു, ബി. ബിജീഷ്, കിങ് റിച്ചാർഡ്, ജോബി കുര്യാക്കോസ് എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.