ആലപ്പുഴ ∙ ജില്ലാ സ്കൂൾ കലോത്സവത്തിൽ ചവിട്ടുനാടക വേദിയിൽ വിധികർത്താവിനു വധഭീഷണി; പിന്നാലെ മത്സരഫലം പ്രഖ്യാപിച്ചപ്പോൾ വേദിയിൽ സംഘർഷം. ഉച്ചയ്ക്കു രണ്ടരയോടെ രണ്ടാം വേദിയിലായിരുന്നു സംഭവം.എറണാകുളം സ്വദേശിയായ വിധികർത്താവിനെ ഇന്നലെ രാവിലെ അജ്ഞാതൻ കത്തികാട്ടി ഭീഷണിപ്പെടുത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. പിന്നീട് മത്സരം തുടങ്ങിയപ്പോൾ ഇയാൾ സ്റ്റേജിനു സമീപത്തെത്തി അസഭ്യ ആംഗ്യം കാണിക്കുകയും ഭീഷണി ആവർത്തിക്കുകയും ചെയ്തു.
ഇതോടെ വിധികർത്താവ് സംഘാടകർക്കു പരാതി നൽകി.
പ്രശ്നത്തിൽ വിധികർത്താവിനെ അനുകൂലിച്ചും പ്രതികൂലിച്ചും ചിലർ രംഗത്തെത്തിയതോടെ വാക്കേറ്റമായി. ഇതിനിടെ മത്സരഫലംകൂടി പ്രഖ്യാപിച്ചതോടെ വേദിയിൽ വാക്കേറ്റം രൂക്ഷമായി.
ഒന്നാംസ്ഥാനം മാന്നാർ നായർ സമാജം എച്ച്എസ്എസിനാണു ലഭിച്ചത്. ഇതോടെ അർത്തുങ്കൽ സെന്റ് ഫ്രാൻസിസ് അസീസി എച്ച്എസ്എസിലെ വിദ്യാർഥികൾ പ്രതിഷേധിക്കുകയായിരുന്നു. വിധികർത്താക്കളെയും സംഘാടകരെയും തടയാനും കയ്യേറ്റം ചെയ്യാനും ശ്രമമുണ്ടായി.ഇതിനിടെ വിദ്യാർഥികൾക്കൊപ്പം എത്തിയ അധ്യാപക സംഘം വിദ്യാഭ്യാസ ഉപ ഡയറക്ടർ ഇ.എസ്.ശ്രീലതയുമായി ചർച്ച നടത്തിയെങ്കിലും വിദ്യാർഥികൾ പ്രതിഷേധവുമായി വീണ്ടുമെത്തി.
പൊലീസെത്തിയാണു സംഘർഷ സ്ഥിതി ഒഴിവാക്കിയത്.പൊലീസ് സംരക്ഷണത്തിൽ വിധികർത്താക്കളെ സ്ഥലത്തു നിന്നു മാറ്റാൻ ശ്രമിച്ചെങ്കിലും വിദ്യാർഥികൾ വാഹനം തടഞ്ഞു കയ്യേറ്റം ചെയ്യാനും ശ്രമം നടത്തി.
പിന്നാലെ വിദ്യാർഥികൾ തമ്മിലും വാക്കേറ്റമുണ്ടായി. സംഭവത്തെ തുടർന്നു സ്കൂളിനെ അയോഗ്യരാക്കാൻ നടപടി സ്വീകരിക്കുമെന്നും സംഭവം ചെങ്ങന്നൂർ ആർഡിഡിക്കു റിപ്പോർട്ട് ചെയ്തെന്നും ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ പറഞ്ഞു.
സംഘാടകർ ബലപ്രയോഗം നടത്തിയെന്നു വിദ്യാർഥികളും ആരോപിച്ചു.
മാതാ പിതാ ഗുരു
∙ ഹൈസ്കൂൾ വിഭാഗം (ആൺ) ഭരതനാട്യത്തിൽ എ ഗ്രേഡ് നേടിയ ദേവനാരായണന്റെ ഗുരുക്കന്മാർ അമ്മയും അച്ഛനുമാണ്. അച്ഛൻ നൂറനാട് തത്തമ്മുന്ന ആക്കനാട്ട് വീട്ടിൽ വികാസും അമ്മ ജിഷയും നാട്യതരംഗ് എന്ന നൃത്തവിദ്യാലയം നടത്തുകയാണ്. പടനിലം എച്ച്എസ്എസിലെ എട്ടാംക്ലാസ് വിദ്യാർഥിയായ ദേവനാരായണൻ കുച്ചിപ്പുഡിയിലും മത്സരിക്കുന്നുണ്ട്.
കഴിഞ്ഞവർഷം യുപി വിഭാഗത്തിൽ ദേവനാരായണൻ മത്സരിച്ചിരുന്നു. സഹോദരി നൂറനാട് സിബിഎം സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥി ദേവനന്ദന കുച്ചിപ്പുഡി, മോഹിനിയാട്ടം, കേരളനടനം എന്നിവയിൽ മത്സരിക്കുന്നുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

