
അച്ഛന്റെ പിറന്നാൾ ആഘോഷിക്കണമെന്ന ആഗ്രഹം ബാക്കി; അഭിമന്യു യാത്രയായി, വിയോഗം താങ്ങാനാവാതെ നാട്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഹരിപ്പാട് ∙ അച്ഛന്റെ പിറന്നാൾ ആഘോഷിക്കണമെന്ന ആഗ്രഹം ബാക്കിയാക്കിയാണ് അഭിമന്യു വിടവാങ്ങിയത്. കേക്കിന് ഓർഡർ ചെയ്ത്, അച്ഛന് പുത്തൻ ഷർട്ടും വാങ്ങി പിറന്നാൾ ആഘോഷിക്കാൻ തയാറെടുത്തിരുന്ന അഭിമന്യുവിന്റെ ആകസ്മിക വിയോഗം കുടുംബത്തിനു താങ്ങാവുന്നതിലും അപ്പുറമായിരുന്നു. തിങ്കളാഴ്ച വൈകിട്ട് കൂട്ടുകാർക്ക് ഒപ്പം പല്ലനയാറ്റിൽ കുളിക്കാനിറങ്ങി മുങ്ങിമരിച്ച അഭിമന്യുവിന്റെ അച്ഛൻ അനീഷിന്റെ പിറന്നാൾ ഇന്നലെ ആയിരുന്നു. പിറന്നാൾ ആഘോഷം നടക്കേണ്ട വീട്ടിലേക്ക് അഭിമന്യുവിന്റെ ചേതനയറ്റ ശരീരം ഇന്നലെ ഉച്ചയോടെ എത്തിയതോടെ വിലാപം ഉയർന്നു.
കരുവാറ്റ പുണർതം വീട്ടിൽ അനീഷ്–രഞ്ജിനി ദമ്പതികളുടെ മകൻ അഭിമന്യു(14)വിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നൽകാൻ നാടാകെ ഒഴുകിയെത്തുകയായിരുന്നു. കരുവാറ്റ എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപകരും സഹപാഠികളും തങ്ങളുടെ പ്രിയപ്പെട്ട അഭിമന്യുവിന് നിറകണ്ണുകളോടെയാണ് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയത്. ഇന്നലെ രാവിലെ സ്കൂളിൽ പരീക്ഷ എഴുതാൻ എത്തിയ സഹപാഠികൾക്ക് അഭിമന്യുവിന്റെ വിയോഗം സഹിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു.
അധ്യാപകർ സമാധാനിപ്പിച്ചാണ് കുട്ടികളെ പരീക്ഷാ ഹാളിൽ ഇരുത്തിയത്. എല്ലാ കുട്ടികളുമായി നല്ല സൗഹൃദത്തിലായിരുന്ന അഭിമന്യു ക്ലാസിലെ ഏറ്റവും സമർഥനായ വിദ്യാർഥിയായിരുന്നു. ഒൻപതാം ക്ലാസ് വിദ്യാർഥിയായിരുന്ന അഭിമന്യു അടുത്ത വർഷം എല്ലാ വിഷയത്തിനും എപ്ലസ് ലഭിക്കുന്ന വിദ്യാർഥിയായിട്ടാണ് അധ്യാപകർ കണക്കാക്കിയിരുന്നത്. ശാസ്ത്രമേളയിൽ സ്ഥിരമായി സമ്മാനങ്ങളും നേടിയിരുന്നു.
പ്രിയ സുഹൃത്തിനു വിട പറഞ്ഞ് കൂട്ടുകാർ
അമ്പലപ്പുഴ∙ തോട്ടപ്പള്ളി മലങ്കര സെന്റ് തോമസ് സെൻട്രൽ സ്കൂളിലേക്ക് ആൽഫിൻ ജോയിയുടെ ചേതനയറ്റ ശരീരം കൊണ്ടുവന്നപ്പോൾ സഹപാഠികളുടെയും അധ്യാപകരുടെയും അടക്കി വച്ചിരുന്ന കരച്ചിൽ കൂട്ട നിലവിളിയായി മാറി. ഉച്ചയ്ക്ക് 12 മുതൽ 1.15 വരെ സ്കൂളിൽ നടത്തിയ പൊതുദർശനത്തിൽ പ്രിൻസിപ്പൽ വർഗീസ് കെ.സാമുവൽ, മാനേജർ ഫാ.എബി പാലവിളയിൽ എന്നിവർ ആദരാഞ്ജലി അർപ്പിച്ചു. മൃതദേഹം പിന്നീടു സ്കൂളിലെ ദേവാലയത്തിലേക്കു കൊണ്ടുപോയി. ആൽഫിൻ ജോയി നാട്ടിലെ ഫുട്ബോൾ താരം കൂടിയാണ്. കൂട്ടുകാർക്കൊപ്പം കരുവാറ്റയിലെ ടർഫിൽ ഫുട്ബോൾ കളിക്കാൻ പോകുന്നുവെന്നു പറഞ്ഞാണ് വീട്ടിൽനിന്ന് പോയത്.
പരീക്ഷ കഴിഞ്ഞു വീട്ടിൽ എത്തിയ ശേഷം കുടുംബത്തിനൊപ്പം ഇരുന്ന് ആഹാരവും കഴിച്ചു.മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ആൽഫിൻ ജോയിയുടെ മൃതദേഹം നേരെ സ്കൂളിലേക്കാണു കൊണ്ടുപോയത്. തുടർന്ന് വീട്ടിലെത്തിച്ചു. പിന്നീടു തോട്ടപ്പള്ളി പള്ളിച്ചിറ സെന്റ് ആന്റണീസ് ദേവാലയത്തിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കരിച്ചു. കെ.സി.വേണുഗോപാൽ എംപി, എച്ച്.സലാം എംഎൽഎ എന്നിവർ അനുശോചനം അറിയിച്ചു.കുമാരകോടി പാലത്തിനു സമീപം പല്ലനയാറ്റിൽ ആൽഫിനും മറ്റ് ആറു പേരും കുളിക്കാൻ എത്തിയതായിരുന്നു. ആൽഫിനും അഭിമന്യുവും ആറ്റിലേക്കു ചാടിയതിനെ തുടർന്നു മുങ്ങി താഴുകയായിരുന്നു.
എങ്ങനെ രക്ഷിക്കാം
വെള്ളത്തിൽ വീണ് ഒരാൾ കൈകാലിട്ടടിക്കുന്നതു കണ്ടാലുടൻ എടുത്തുചാടരുത്. മരണസംഖ്യ കൂട്ടുന്നത് ഇത്തരം എടുത്തുചാട്ടങ്ങളാണ്. സ്ഥലപരിചയമുള്ള, നന്നായി നീന്തലറിയുന്നവർ മാത്രം അതിനായി ശ്രമിക്കുക. അല്ലാത്തവർ, അപകടത്തിൽ പെട്ടവർക്കു കമ്പോ കയറോ നീളമുള്ള വസ്ത്രമോ ഇട്ടുനൽകി രക്ഷപ്പെടുത്താൻ നോക്കുക. അപകടത്തിൽ പെട്ടവർ ശരീരത്തു പിടിക്കാന്ഡ രക്ഷാപ്രവർത്തകർ അനുവദിക്കരുത്.
ഈ പിടിത്തം രണ്ടുപേരെയും മുക്കിക്കളയും. മുങ്ങിപ്പൊങ്ങുന്നയാളുടെ തലയും കാലും കഴിയുന്നത്ര സമാന്തരമായി നിർത്തി മെല്ലെ കരയിലേക്കു തുഴയണം. അരയ്ക്കു താഴേക്കുള്ള ഭാഗം കുത്തനെ താഴേക്കു പോകുമ്പോഴാണു മുങ്ങാൻ തുടങ്ങുന്നത്. വെള്ളത്തിൽ വീണയുടൻ പരിഭ്രമിച്ചു മിക്കവരും തല പൊക്കിനിർത്താൻ ശ്രമിക്കും. അപ്പോഴാണു നേരെ താഴേക്കു പോകുന്നത്.