തുറവൂർ ∙ മരണ വിവരം ബന്ധുക്കളെ അറിയിക്കാതെ മകൻ വീടിനുള്ളിൽ കുഴിച്ചു മൂടിയ അമ്മയുടെ മൃതദേഹം റവന്യു ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ പൊലീസ് പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി. മരണം വാർധക്യ സഹജമായ അസുഖത്തെ തുടർന്നെന്നും മറ്റ് അസ്വാഭാവികതകൾ ഇല്ലെന്നുമാണു പോസ്റ്റ്മോർട്ടം റിപ്പോർട്ട് എന്നറിയുന്നു.
ഇന്നലെ രാവിലെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു പോസ്റ്റ്മോർട്ടം.
ചൊവ്വാഴ്ച രാവിലെ മരിച്ച തുറവൂർ പഞ്ചായത്ത് 18-ാം വാർഡ് പടിഞ്ഞാറേ മനക്കോടം കാട് നികർത്തിൽ രാധ (75)യുടെ മൃതദേഹം ഇന്നലെ ഉച്ചയോടെയാണ് പുറത്തെടുത്തത്. ഫൊറൻസിക് വിഭാഗവും ഡോഗ് സ്ക്വാഡും കുത്തിയതോട് പൊലീസും ചേർന്നു നടത്തിയ പരിശോധനയിൽ രാധയുടേത് സ്വാഭാവിക മരണമെന്നാണു പ്രാഥമിക നിഗമനം.
മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന നാട്ടുകാരുടെ പരാതിയെത്തുടർന്ന് രാധയുടെ മകൻ ഗിരീഷി(49)നെ കുത്തിയതോട് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഗിരീഷും അമ്മയും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്.
ചൊവ്വാഴ്ച രാവിലെ അമ്മ രാധ മരിച്ചെന്നു പറഞ്ഞ് ഗിരീഷ് മക്കളെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു വരുന്നത്.
പിന്നീട് വീടിനു പുറത്ത് കുഴിയെടുക്കാൻ ശ്രമിച്ചെങ്കിലും ചതുപ്പ് സ്ഥലമായതിനാൽ കുഴിയെടുക്കുമ്പോൾ വെള്ളം നിറഞ്ഞതിനാൽ ശ്രമം ഉപേക്ഷിച്ചു. തുടർന്ന് വീടിനോട് ചേർന്നുള്ള അടുക്കളയിൽ കുഴിയെടുത്ത ശേഷം മക്കളുടെ സാന്നിധ്യത്തിൽ മൃതദേഹം കുഴിച്ചിടുകയായിരുന്നു.
തുടർന്ന് കുട്ടികളെ ഭാര്യയുടെ അടുത്തു കൊണ്ടു ചെന്നാക്കി. മൃതദേഹം കുഴിച്ചുമൂടിയതിനു ശേഷം മണിക്കൂറുകൾക്കു ശേഷമാണ് ഇക്കാര്യം ഗിരീഷ് തന്നെ അയൽവാസികളോടു പറയുന്നത്.
ഗിരീഷിന്റെ ബന്ധുക്കൾ സമീപത്ത് ഉണ്ടെങ്കിലും ഇവർ ആരും വിവരം അറിഞ്ഞിരുന്നില്ല. അയൽവാസികൾ വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസ് എത്തിയതോടെയാണ് മിക്കവരും വിവരമറിയുന്നത്.
വീട്ടുമുറ്റം നിറയെ വെള്ളമായതിനാലും മരണാനന്തര ചടങ്ങുകൾ നടത്താനുള്ള പണം ഇല്ലാത്തതിനാലുമാണ് ആരെയും അറിയിക്കാതെ വീടിനുള്ളിൽ കുഴിച്ചു മൂടിയതെന്നുമാണ് ഗിരീഷ് പൊലീസിനു നൽകിയ മൊഴി.
ചേർത്തല തഹസിൽദാർ ഷീജ, പട്ടണക്കാട് പൊലീസ് സ്റ്റേഷൻ ഓഫിസർ ജയൻ, ഫൊറൻസിക് വിദഗ്ധർ, ഡോഗ് സ്ക്വാഡ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

