
അതിതീവ്ര മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രത: ഇന്നും നാളെയും ആലപ്പുഴ ജില്ലയിൽ ഓറഞ്ച് അലർട്ട്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ആലപ്പുഴ∙ ജില്ലയിൽ ഇന്നും നാളെയും അതിതീവ്ര മഴയ്ക്കു സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നു കേന്ദ്ര കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 27, 28 തീയതികളിൽ മഴയുടെ ശക്തി അൽപം കുറയുമെന്നാണു കരുതുന്നത്. അന്നു മഞ്ഞ മുന്നറിയിപ്പാണ്. ഒറ്റപ്പെട്ട ഇടങ്ങളിൽ അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളപ്പോഴാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുന്നത്. 24 മണിക്കൂറിൽ 115.6– 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കും. ഒറ്റപ്പെട്ട ശക്തമായ മഴയെങ്കിൽ മഞ്ഞ അലർട്ട്.
ജില്ലാ കൺട്രോൾ റൂമുകൾ തുടങ്ങി
24 മണിക്കൂറും പ്രവർത്തിക്കുന്ന താലൂക്ക്, ജില്ലാ കൺട്രോൾ റൂമുകൾ തുടങ്ങി. 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാം. ദുരിതാശ്വാസ ക്യാംപുകൾ തൽക്കാലം തുറന്നിട്ടില്ല. റോഡിലെ വെള്ളക്കെട്ടിലേക്കു വൈദ്യുതി ലൈൻ പൊട്ടിവീണ് അപകടങ്ങൾക്കു സാധ്യതയുണ്ട്. ലൈൻ പൊട്ടിവീണതു ശ്രദ്ധയിൽപെട്ടാൽ ഉടനെ 1912 എന്ന നമ്പറിൽ കെഎസ്ഇബിയെ അറിയിക്കണം.
മത്സ്യബന്ധനം: പ്രത്യേകം ശ്രദ്ധിക്കുക
കടലാക്രമണ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യതയുള്ളപ്പോൾ കടലിലേക്കു യാനങ്ങൾ ഇറക്കുന്നതും കരയ്ക്കടുപ്പിക്കുന്നതും അപകടകരമാണ്. ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെ എല്ലാ പ്രവർത്തനങ്ങളും പൂർണമായി ഒഴിവാക്കണം.
മറ്റു ജാഗ്രതാ നിർദേശങ്ങൾ
∙ സ്ഥിരമായി വെള്ളക്കെട്ട് ഉണ്ടാകാറുള്ള താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ സുരക്ഷിത സ്ഥലത്തേക്കു മാറണം.
∙ ശക്തമായ കാറ്റുണ്ടാകാം. അടച്ചുറപ്പില്ലാത്ത വീടുകളിലും മേൽക്കൂര ശക്തമല്ലാത്ത വീടുകളിലും താമസിക്കുന്നവർ ജാഗ്രത പുലർത്തണം.
∙ സ്വകാര്യ- പൊതു ഇടങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ, മതിലുകൾ തുടങ്ങിയവ സുരക്ഷിതമാക്കണം.
∙ നദികൾ മുറിച്ചു കടക്കാനോ, ജലാശയങ്ങളിൽ കുളിക്കാനോ മീൻപിടിക്കാനോ ഇറങ്ങാൻ പാടില്ല.
∙ അത്യാവശ്യമല്ലാത്ത യാത്രകളും വെള്ളച്ചാട്ടങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള വിനോദയാത്രകളും മഴ മുന്നറിയിപ്പ് മാറുന്നതു വരെ ഒഴിവാക്കണം.
∙ കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും അപകട സാധ്യതയുണ്ട്. മുൻകരുതൽ നടപടികൾ https://sdma.kerala.gov.in/windwarning/ എന്ന ലിങ്കിൽ ലഭ്യമാണ്.
താലൂക്ക് കൺട്രോൾ റൂം നമ്പർ
കുട്ടനാട് 0477 270 2221
ചെങ്ങന്നൂർ 0479 245 2334
അമ്പലപ്പുഴ 0477 225 3771
ചേർത്തല 0478 281 3103
കാർത്തികപ്പള്ളി 0479 241 2797
മാവേലിക്കര 0479 230 2216