
ഒറ്റയ്ക്കൊരമ്മ; മൂന്നു മക്കളും ഓട്ടിസം ബാധിതർ; ഭർത്താവ് മരിച്ചിട്ട് 3 വർഷം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചേർത്തല ∙ കരഞ്ഞു കണ്ണീർ വറ്റിയ കണ്ണുകളുമായി ഓട്ടിസം ബാധിതരായ മൂന്നു മക്കളെ ചേർത്തുപിടിച്ചു നിൽക്കുന്ന ഈ അമ്മ സഹനത്തിന്റെ പര്യായമാണ്. മക്കളുടെ നിഷ്കളങ്കമായ മുഖത്തേക്ക് നോക്കുമ്പോൾ നിസ്സഹായതയുടെ തേങ്ങലാണ് സുഷമ്മയുടെ നെഞ്ചിലത്രയും. വർഷങ്ങളോളം ചെറിയ ജോലികളും മറ്റും ചെയ്താണ് കടക്കരപ്പള്ളി 9 ാം വാർഡ് തെക്കേമഠം വീട്ടിൽ സുഷമ കുടുംബം പോറ്റിയത്. നിർമാണത്തൊഴിലാളിയായിരുന്ന ഭർത്താവ് പ്രസന്നൻ 3 വർഷം മുൻപ് ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു.
ഓട്ടിസം ബാധിതനായ മൂത്ത മകൻ അഭിജിത്തിന് 29 വയസ്സുണ്ട്. 27 ആഴ്ച മാത്രം വളർച്ചയെത്തിയപ്പോൾ ജനിച്ചതോടെ കാലിനു സ്വാധീനം നഷ്ടപ്പെട്ട രണ്ടാമത്തെ മകൾ അമൃതയ്ക്ക് വയസ്സ് 18. ഇളയ മകളായ ആരാധ്യയും (13) ഓട്ടിസം ബാധിതയാണ്. അഭിജിത്തിനും ആരാധ്യയ്ക്കും അപസ്മാരമുള്ളതിനാൽ ഇവരെ തനിച്ചാക്കി ജോലിക്കു പോകാൻ കഴിയാത്ത അവസ്ഥയിലാണു സുഷമ്മ. മാസത്തിൽ രണ്ടു തവണയെങ്കിലും വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ മക്കളുമായി ചികിത്സയ്ക്ക് എത്തണം.
അടിക്കടിയുണ്ടാകുന്ന തലകറക്കവും ഇയർ ബാലൻസ് പ്രശ്നങ്ങളും പ്രമേഹവും രക്ത സമ്മർദവും സുഷമ്മയെ അലട്ടുന്നു. അപ്പോൾ, ഈ അമ്മയുടെ നെഞ്ചിൽ കനലായി നീറുന്നത് വലിയൊരു ചോദ്യചിഹ്നമാണ്: തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ മക്കളെ ആരു നോക്കും? വീടിനു സമീപമുള്ള ചെറിയ കടയിൽ മുറുക്കാനും മറ്റു സാധനങ്ങളും വിൽക്കുന്നുണ്ടെങ്കിലും 50 രൂപ പോലും ദിവസവരുമാനം ലഭിക്കാറില്ല. മക്കളുടെ മരുന്ന് മുടങ്ങിയാൽ അപസ്മാരമുണ്ടാകുമെന്നതിനാൽ കടം വാങ്ങിയും പഞ്ചായത്തിൽ നിന്നു ലഭിക്കുന്ന പെൻഷൻ തുക ഉപയോഗിച്ചുമാണ് സുഷമ്മ ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കുന്നത്.
വീടിനു സമീപമുള്ള കൊട്ടാരം സ്കൂളിലാണ് മക്കൾ പഠിച്ചത്. ഇവിടെ നിന്നു ലഭിക്കുന്ന ഭക്ഷണമാണ് ഇന്നും തന്റെയും മക്കളുടെയും ജീവൻ നിലനിർത്തുന്നതെന്നും വേനലവധിക്ക് സ്കൂൾ അടയ്ക്കുന്നതോടെ എന്തു ചെയ്യുമെന്നറിയില്ലെന്നും സുഷമ്മ പറയുന്നു. സുഷമ്മയുടെ സഹോദരങ്ങളും നാട്ടിലെ ചില സുമനസ്സുകളും ചേർന്നാണ് ആശുപത്രിയിൽ പോകാൻ സൗകര്യമൊരുക്കുന്നത്. സുഷമ്മയ്ക്കും മക്കൾക്കും ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ മനുഷ്യത്വത്തിന്റെ കരതലം ആവശ്യമാണ്.
കനറാ ബാങ്ക് ചേർത്തല ശാഖയിൽ സുഷമയുടെ പേരിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്:
അക്കൗണ്ട്: 110085609588.
ഐഎഫ്എസ്സി: സിഎൻആർബി0005110.
ഫോൺ: 8138842510.