
ആലപ്പുഴ∙ വള്ളങ്ങൾ നിരയൊത്തു വരുമ്പോൾ മത്സരം തുടങ്ങാനുള്ള വെടിപൊട്ടും; ഫിനിഷിങ് ലൈനിൽ നഗ്നനേത്രങ്ങൾ കൊണ്ടു വിധിയെഴുതും, അതിൽ തർക്കമുണ്ടാകുന്നതും കയ്യാങ്കളിയും വള്ളംകളിയിലെ പതിവു സംഭവങ്ങൾ… രണ്ടു പതിറ്റാണ്ടു മുൻപു വരെയും നെഹ്റു ട്രോഫി വള്ളംകളിയുടെ സ്ഥിതി ഇങ്ങനെയായിരുന്നു. അടിസ്ഥാന സജ്ജീകരണങ്ങൾ മാത്രം തയാറാക്കി നടത്തിയിരുന്ന നെഹ്റു ട്രോഫി വള്ളംകളി ഓരോ വർഷവും മെച്ചപ്പെട്ട് ഇപ്പോൾ ലോകത്തിലെ തന്നെ മികച്ച സാങ്കേതികവിദ്യകളാണ് ഉപയോഗിക്കുന്നതെന്നു ചീഫ് സ്റ്റാർട്ടർ കെ.കെ.ഷാജുവും ചീഫ് മാസ്റ്റർ ഓഫ് സെറിമണി ആർ.കെ.കുറുപ്പും പറയുന്നു.
പണ്ടു നാട്ടിലെ ഏതെങ്കിലും പ്രമാണിയെ സ്റ്റാർട്ടറാക്കുകയായിരുന്നു ചെയ്തിരുന്നത്. പ്രമാണിക്കു സ്വന്തം കരയോടുള്ള താൽപര്യം സ്റ്റാർട്ടിങ്ങിലും പ്രതിഫലിച്ചിരുന്നു.
ഇത്തരം ആരോപണങ്ങൾ തുടരെ വന്നതോടെയാണു നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റിയുടെ നിർദേശപ്രകാരം ജലവിഭവ വകുപ്പിന്റെ മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗം സ്റ്റാർട്ടിങ് സംവിധാനം സജ്ജമാക്കിയത്. സ്റ്റാർട്ടിങ് പോയിന്റിലെ ഷട്ടറിനു സമാനമായ സംവിധാനത്തിലേക്ക് ഓരോ വള്ളവും മുട്ടിച്ചു നിർത്തണം. വെടി പൊട്ടുന്നതിനൊപ്പം ഈ ഷട്ടറുകളും താഴ്ത്തുകയാണു ചെയ്തിരുന്നത്.
മത്സരം തുടങ്ങുന്നതു കാണാൻ ഭംഗിയുണ്ടെങ്കിലും വള്ളം മുട്ടുന്നതോടെ ഷട്ടർ താഴ്ന്നു പോകുന്നതു പരിമിതിയായിരുന്നെന്നു ഷാജു പറയുന്നു.
വള്ളം വീണ്ടും പിന്നിലേക്ക് എടുത്ത് ഷട്ടർ ഉയർത്തിയാലേ മത്സരം തുടങ്ങാനാകൂ. ഈ സ്ഥിതി മറികടക്കാനാണു വള്ളത്തെ പിന്നിൽ നിന്നു പിടിച്ചുകെട്ടുന്ന സംവിധാനം (സ്റ്റിൽ സ്റ്റാർട്ട്) ആലോചിച്ചത്.
തുടർന്നാണു 2017ൽ മുഹമ്മ സ്വദേശി ഋഷികേശിന്റെ മെക്കാനിക്കൽ സംവിധാനം ഉപയോഗിച്ചു തുടങ്ങിയത്. ഇതിന്റെ തന്നെ കുറച്ചുകൂടി ആധുനിക പതിപ്പാണ് ഏതാനും വർഷങ്ങളായി വള്ളംകളി സ്റ്റാർട്ടിങ്ങിന് ഉപയോഗിക്കുന്നത്. ഇത്തവണ ഈ സംവിധാനത്തിനൊപ്പം മുൻപിൽ ബഫർ സോണും ഷട്ടറും ഉൾപ്പെടെയുള്ള സജ്ജീകരണമാണ് ഒരുങ്ങുന്നതെന്നും ഷാജു പറഞ്ഞു.
ഓരോ ഹീറ്റ്സിലും ആദ്യം എത്തുന്ന വള്ളങ്ങൾക്കു ഫൈനൽ യോഗ്യത നൽകുകയാണു മുൻപു ചെയ്തിരുന്നതെന്ന് ആർ.കെ.കുറുപ്പ് പറയുന്നു.
കരുത്തരായ രണ്ടു ടീമുകൾ ഒരു ഹീറ്റ്സിൽ മികച്ച പ്രകടനം നടത്തിയാലും വിജയിക്കേ ഫൈനലിലെത്താനാകൂ. ഈ സ്ഥിതി ഒഴിവാക്കാനാണു ഫൈനൽ പ്രവേശനം സമയാധിഷ്ഠിതമാക്കിയത്.
2015 മുതൽ പൂർണമായും സമയാധിഷ്ഠിതമായാണു മത്സരങ്ങൾ നടത്തുന്നത്. 2017ൽ സ്റ്റിൽ സ്റ്റാർട്ട് വന്നതോടെ ഡിജിറ്റൽ ടൈമറും ഉപയോഗിച്ചു തുടങ്ങി. വെടി പൊട്ടുമ്പോൾ സ്റ്റാർട്ടറുടെ കയ്യിലെ സെൻസറാണു ടൈമർ ഓൺ ചെയ്യുന്നത്.
ഓരോ വള്ളവും ഫിനിഷിങ് ലൈൻ തൊടുമ്പോൾ ടൈമർ ഓഫാക്കുകയാണു ചെയ്യുന്നത്.
ഈ സംവിധാനത്തിനൊപ്പം സെക്കൻഡിൽ 3000 ചിത്രങ്ങൾ പകർത്തുന്ന ഫോട്ടോഫിനിഷ് സംവിധാനവും ഉപയോഗിക്കുന്നുണ്ട്. ഒളിംപിക്സിൽ ഉൾപ്പെടെ ഉപയോഗിക്കുന്ന സെൻസറുകളാണ് ഉപയോഗിക്കുന്നത്. കഴിഞ്ഞ വർഷം തർക്കമുണ്ടായ പശ്ചാത്തലത്തിൽ ഇത്തവണ ഓരോ ട്രാക്കിനും വ്യത്യസ്ത ടൈമറുകളും സെക്കൻഡിൽ 6000 ചിത്രങ്ങളെടുക്കുന്ന ഫോട്ടോഫിനിഷ് സംവിധാനവും ഉപയോഗിക്കാനാണു ശ്രമമെന്ന് ആർ.കെ.കുറുപ്പ് പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]