
ആലപ്പുഴ∙ ബീച്ച് -ഇഎസ്ഐ റോഡിൽ ബൈപാസ് മേൽപാലത്തിന് താഴെനിന്നു തിങ്കളാഴ്ച വൈകിട്ട് ആറു കിലോ കഞ്ചാവുമായി അറസ്റ്റിലായത് റെയിൽവേയിലെ താൽക്കാലിക ജീവനക്കാർ.ധൻബാദ് ബാങ്ക് കോളനി റോഡിൽ എം.ഡി മുർഷിദ് (35), ബിഹാർ പ്രയയുഷ്ഗിയപരിയ മറപ്പുർ രാജീവ് കുമാർ (36) എന്നിവരെയാണ് ആലപ്പുഴ സൗത്ത് പൊലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് അറസ്റ്റ് ചെയ്തത്.ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി റെയിൽവേ സ്റ്റേഷൻ, കെഎസ്ആർടിസി സ്റ്റാൻഡ് എന്നിവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്.
കഴിഞ്ഞ കുറെ മാസങ്ങളായി ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡ് ധൻബാദ് ട്രെയിനിലെ ജീവനക്കാരെയും നിരീക്ഷിച്ചു വരികയായിരുന്നു. ട്രെയിനിൽ എത്തിക്കുന്ന കഞ്ചാവ് മാലിന്യം കളയാൻ എന്ന വ്യാജേന റെയിൽവേ സ്റ്റേഷന് പുറത്ത് എത്തിച്ച് ആവശ്യക്കാർക്ക് കൈമാറുകയാണ് ചെയ്തു വന്നത്.4 മാസം മുൻപ് 10 കിലോ കഞ്ചാവ് ഇവിടെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
ഇതിനെത്തുടർന്ന് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡ് നിരന്തരം റെയിൽവേ സ്റ്റേഷനും പരിസരവും നിരീക്ഷിച്ചു വരികയായിരുന്നു. ഓരോ പ്രാവശ്യവും കഞ്ചാവ് വൻതോതിൽ ഇവർ ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ കൊണ്ടുവന്ന് കൈമാറ്റം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
നർകോട്ടിക് സെൽ ഡിവൈഎസ്പി ബി.പങ്കജാക്ഷന്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ആലപ്പുഴ ഡിവൈഎസ്പി മധു ബാബുവിന്റെ നേതൃത്വത്തിൽ എസ്ഐ ഉണ്ണിക്കൃഷ്ണൻ നായർ, എഎസ്ഐ വിജു, പ്രബേഷൻ എസ്ഐ കണ്ണൻ എസ്.നായർ, സിപിഒമാരായ സജീഷ്, മാർട്ടിൻ, ശ്യാം എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]