
വീടിനുചുറ്റും മലിനജലം : രോഗ ഭീതിയിൽ കുടുംബങ്ങൾ; വെള്ളത്തിൽ ചവിട്ടിയാൽ ചൊറിച്ചിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചെറുതന ∙ വീടിനു ചുറ്റും മലിനജലം കെട്ടിക്കിടക്കുന്നതിനാൽ സാംക്രമിക രോഗ ഭീതിയിൽ കുടുംബങ്ങൾ. വീയപുരം കൃഷി ഭവന്റെ പരിധിയിലുള്ള അച്ചനാരി കുട്ടങ്കേരി പാടശേഖരത്തിന്റെ ചുറ്റും താമസിക്കുന്നവരാണ് ദുരിതം അനുഭവിക്കുന്നത്. രണ്ടാഴ്ചയായി വെള്ളം കെട്ടിക്കിടക്കുകയാണ്. ശുചിമുറി പോലും ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയാണ്. വെള്ളത്തിന് ദുർഗന്ധവുമുണ്ട്. വെള്ളത്തിൽ ചവിട്ടിയാൽ ചൊറിച്ചിൽ അനുഭവപ്പെടുന്നതായി നാട്ടുകാർ പറഞ്ഞു. കുട്ടികൾക്ക് വീടിനു പുറത്ത് ഇറങ്ങാൻ പോലും കഴിയുന്നില്ല. പ്രദേശത്ത് കൊതുകുശല്യവും രൂക്ഷമാണ്. അച്ചനാരി കുട്ടങ്കേരി പാടശേഖരത്തിലെ മോട്ടർ തറയിലെ പെട്ടിയും പറയും മാറ്റാത്തത് വെള്ളം ഒഴുകി മാറുന്നതിന് തടസ്സമാകുന്നത്.
മറ്റു പാടശേഖരങ്ങളിൽ കൃഷി കഴിഞ്ഞപ്പോൾ പെട്ടിയും പറയും മാറ്റി നീരൊഴുക്ക് സുഗമമാക്കി. ഇൗ പാടശേഖരത്തിലെ വെള്ളം പുത്തൻതുരുക്ക് വട്ടടിച്ചിറ തോട്ടിലേക്ക് ഒഴുകി മാറുന്നതിന് പെട്ടിയും പറയും തടസ്സമായിരിക്കുകയാണ്. പാടശേഖര സമിതിയും പമ്പിങ് കരാറുകാരനും തമ്മിലുള്ള തർക്കമാണ് പെട്ടിയും പറയും മാറ്റാത്തതിന് കാരണം. പ്രശ്നം പരിഹരിക്കുന്നതിന് കൃഷി വകുപ്പിലും ആരോഗ്യ വകുപ്പ് അധികൃതർക്കും പരാതി നൽകുമെന്ന് നാട്ടുകാർ പറഞ്ഞു.