
കുട്ടനാട് കാണാനെത്തി വഴിതെറ്റി; 5 പേരുമായി കാർ തോട്ടിൽ വീണു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കുട്ടനാട് ∙ കാറിൽ കുട്ടനാട് കാണാനിറങ്ങിയ 5 യുവാക്കൾ വഴിതെറ്റി കാറുമായി തോട്ടിൽ വീണു. കാർ വെള്ളത്തിൽ മുങ്ങിത്താഴ്ന്നെങ്കിലും 5 പേരും രക്ഷപെട്ടു. ഇന്നലെ രാത്രി എട്ടരയോടെ പുളിങ്കുന്ന് സെന്റ് മേരീസ് ഫൊറോന പള്ളിക്കു സമീപമാണ് അപകടം. കായൽപുറം വട്ടക്കായൽ കണ്ടശേഷം പുളിങ്കുന്ന് വലിയ പള്ളി ഭാഗത്തേക്ക് ഗൂഗിൾ മാപ്പ് നോക്കി പോവുകയായിരുന്നു ചങ്ങനാശേരി മാമ്മൂട് സ്വദേശികളായ യുവാക്കൾ.
പുളിങ്കുന്നിലെ പഴയ സർക്കിൾ ഓഫിസ് ഭാഗത്ത് എത്തിയ യുവാക്കൾ വലിയപള്ളിയിലേക്കു പോകേണ്ട റോഡിനു പകരം സമാന്തരമായി തോടിനു മറുകരയുള്ള റോഡിലൂടെയാണു സഞ്ചരിച്ചത്. രണ്ടു റോഡുകളും സാമന്തരമായി ചേർന്നു കിടക്കുന്നതിനാൽ തിരിച്ചറിയാനായില്ല. റോഡിൽ കൂടി കുറേ ദൂരം എത്തിയശേഷം വളവുള്ള ഭാഗത്ത് എത്തി അബദ്ധത്തിൽ തോട്ടിലേക്ക് ഓടിച്ച് ഇറക്കുകയായിരുന്നു.
കാർ അപകടത്തിൽ പെട്ടപ്പോൾ സമീപവാസിയായ ലിജോ ജയിംസ് ഓടിയെത്തിയെങ്കിലും അതിനു മുൻപേ യുവാക്കൾ കാറിൽ നിന്ന് ഇറങ്ങി കരയിലെത്തി. തുടർന്നു മറ്റൊരു കാർ എത്തിച്ച് യുവാക്കൾ പോയി. വെള്ളത്തിൽ മുങ്ങിയ കാർ ഇന്നു ക്രെയിൻ ഉപയോഗിച്ച് കരയ്ക്കു കയറ്റും. ഏതാനും മാസം മുൻപ് ഗൂഗിൾ മാപ്പ് നോക്കി വന്ന ഇതര സംസ്ഥാനക്കാരായ വിനോദ സഞ്ചാരികളും ഇതേ സ്ഥലത്ത് അപകടത്തിൽ പെട്ടിരുന്നു.