പൂച്ചാക്കൽ ∙ പെരുമ്പളം പാലത്തിന്റെ അപ്രോച്ച് റോഡുകളുടെ ടാറിങ് നാളെ തുടങ്ങും. മാർച്ച് 3നാണ് പാലം ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത്.
പാലത്തിന്റെ പടിഞ്ഞാറേ കരയായ വടുതല ജെട്ടി ഭാഗം, കിഴക്ക് പെരുമ്പളം ഭാഗം എന്നിവിടങ്ങളിൽ 300 മീറ്റർ വീതം നീളത്തിലും 9.5 മീറ്റർ വീതം വീതിയിലുമാണ് അപ്രോച്ച് റോഡ് നിർമിച്ചിരിക്കുന്നത്. വടുതല ജെട്ടി ഭാഗത്ത് 140 മീറ്റർ നീളത്തിലും മൂന്നര മീറ്റർ വീതിയിലും ഇരുവശത്തും സർവീസ് റോഡുണ്ട്.
പെരുമ്പളം ഭാഗത്ത് 100 മീറ്റർ നീളത്തിലും മൂന്നര മീറ്റർ വീതിയിലുമാണ് സർവീസ് റോഡ്. ഇതിന്റെയെല്ലാം ടാറിങ് തീരാനുണ്ട്.
അതേസമയം പാലത്തിൽ ടാറിങ്ങിന് മുന്നോടിയായി മാസ്റ്റിക് അസ്ഫാൽറ്റ് എന്ന രീതിയും ചെയ്യുന്നുണ്ട്.
പാലത്തിൽ വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കാതെ പരിസ്ഥിതി നാശത്തെയും കനത്ത വാഹന ഗതാഗതത്തെയും അതിജീവിക്കുന്ന കൂടുതൽ കരുത്തുള്ള ഉപരിതലമാണ് അധികം ഉപയോഗത്തിലില്ലാത്ത മാസ്റ്റിക് രീതിക്കുള്ളത്. ഇതിനു മുകളിൽ ടാർ ചെയ്യും.
ശ്രമകരവും ദിവസങ്ങൾ വേണ്ടതുമായ മാസ്റ്റിക് രീതി ഉദ്ഘാടനത്തിന് മുൻപ് പൂർത്തിയാക്കാൻ ശ്രമിക്കുന്നുണ്ട്. 1157 മീറ്റർ നീളവും ഇരുവശങ്ങളിലും നടപ്പാത ഉൾപ്പെടെ 11 മീറ്റർ വീതിയുമാണ് പാലത്തിനുള്ളത്.
പാലത്തിന് മധ്യത്തിൽ മൂന്നു ബോസ്ട്രിങ് ആർച്ചുകളുള്ളിടത്ത് 12 മീറ്റർ വീതിയുണ്ട്.
അപ്രോച്ച് റോഡുകൾക്ക് ഭാവിയിൽ കേടുപാട് വരാതിരിക്കാനും വശങ്ങൾ സുരക്ഷിതമാക്കാനും ജിയോഗ്രിഡ്, ജിയോടെക്സ് ഉൾപ്പെടെ ആധുനിക സംവിധാനങ്ങളാണ് ഉപയോഗിച്ചത്. എണ്ണായിരത്തോളം തെങ്ങിൻ കുറ്റികൾ താഴ്ത്തിയാണ് പെരുമ്പളം ഭാഗത്തെ അപ്രോച്ച് റോഡ് പ്രദേശം ഉയർത്തിയത്.
അവിടെ ചതുപ്പും താഴ്ച്ചയുമായുള്ള പ്രദേശമായതിനാലാണ് തെങ്ങിൻ കുറ്റികൾ ആവശ്യമായത്. പാലത്തിൽ തെരുവു വിളക്കുകൾ സ്ഥാപിക്കലാണ് മറ്റൊരു പ്രധാന പ്രവൃത്തി.
ഇത് കെൽട്രോണിന് കരാർ കൊടുത്തിരിക്കുകയാണ്. പ്രവൃത്തികൾ തുടങ്ങിയിട്ടില്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

