
ചേർത്തല∙ തെക്കൻ കേരളത്തിലെ പ്രമുഖ ധന്വന്തരി ക്ഷേത്രമായ ചേർത്തല മരുത്തോർവട്ടം ധന്വന്തരി ക്ഷേത്രത്തിൽ നാളെ നടക്കുന്ന കർക്കടക വാവിന് ഒരുക്കങ്ങൾ പൂർത്തിയായി. പതിനായിരത്തിലധികം പേർ എത്തുമെന്ന് പ്രതീക്ഷിക്കുന്ന ഇത്തവണ തിരക്കില്ലാതെ തൊഴാനും നമസ്കാരത്തിനുമുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
പിതൃപ്രീതിക്കായി നടത്തുന്ന നമസ്കാരവും ഔഷധമായി കണക്കാക്കുന്ന താൾ കറിയും മുക്കുടിയും അട്ടയും കുഴമ്പും കർക്കടക മരുന്നു കഞ്ഞിയും ക്ഷേത്രത്തിൽ ഏറെ പ്രാധാന്യമുള്ളതാണ്. താൾ കറിക്കു വേണ്ടിയുള്ള താൾ ശേഖരിക്കൽ ഇന്നലെ തുടങ്ങി.
നാളെ രാവിലെ 6ന് ചടങ്ങുകൾ തുടങ്ങുമെന്ന് പ്രസിഡന്റ് ജി. സജികുമാർ, മാനേജർ ജി.സജി, സെക്രട്ടറി ഡി.ജയകുമാർ എന്നിവർ അറിയിച്ചു.
യാത്രാസൗകര്യം
∙ ചേർത്തലയിൽ നിന്നും മുഹമ്മയിൽ നിന്നും കെഎസ്ആർടിസി, സ്വകാര്യ ബസുകൾ ക്ഷേത്രം വഴി സർവീസ് നടത്തും.
വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. സുരക്ഷയുടെ ഭാഗമായി സിസിടിവി ക്യാമറകൾ സ്ഥാപിക്കും.
തണ്ണീർമുക്കം പിഎച്ച്സിയുടെ നേതൃത്വത്തിൽ മെഡിക്കൽ സംഘത്തെയും സജ്ജമാക്കിയിട്ടുണ്ട്.
വാവ് ദിനത്തിൽ 40,000 ലീറ്റർ താൾ കറി
കാട്ടുതാൾ ഉപയോഗിച്ച് പ്രത്യേക ചേരുവകൾ ചേർത്ത് തയാറാക്കുന്ന താൾ കറിക്ക് ഔഷധ ഗുണമുണ്ട്. 40,000 ലീറ്റർ താൾ കറിയാണ് ഇത്തവണ ഒരുക്കുന്നത്.
തുറവൂർ, കായിപ്പുറം, വാരനാട്, ചേർത്തല തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് ക്ഷേത്ര ഭരണ സമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും നേതൃത്വത്തിലാണ് താളുകൾ ശേഖരിക്കുന്നത്. ക്ഷേത്രത്തിൽ എത്തിക്കുന്ന താൾ മുറിച്ച് വൃത്തിയാക്കി കറിയാക്കും.
ക്ഷേത്രത്തിൽ എത്തുന്ന മുഴുവൻ ഭക്തർക്കും താൾ കറി നൽകുന്നതിനുള്ള ക്രമീകരണം ഒരുക്കിയിട്ടുണ്ട്. 400 പറ അരിയുടെ നമസ്കാരച്ചോറ് ഇത്തവണ ഒരുക്കുന്നുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]