
നാൽവർ സംഘം ഒരുമയോടെ, ജനനത്തിൽ മാത്രമല്ല വിജയത്തിലും; പ്ലസ്ടുവിന് മികച്ച വിജയം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചാരുംമൂട് ∙ ഒരുമയോടെ പിറന്നുവീണ് വിജയങ്ങളെല്ലാം ഒന്നിച്ച് കീഴടക്കിയ നാൽവർ സംഘത്തിന് പ്ലസ്ടുവിലും ഒരുമിച്ച് വിജയം. നൂറനാട് ആദിക്കാട്ടുകുളങ്ങര നെടിയപറമ്പിൽ ശാന്തൻ–മായ ദമ്പതികളുടെ ഒരുമിച്ച് പിറന്ന മക്കളായ ആശാലക്ഷ്മി, അശ്വിൻ, അതുൽ, അർജുൻ എന്നിവരാണ് ഒരുമിച്ച് പ്ലസ്ടു പരീക്ഷ എഴുതി വിജയിച്ചത്. ഫലം വന്നതോടെ വീട്ടിൽ കാത്തിരുന്ന സുഹൃത്തുക്കളോടും കൂട്ടികളോടും ബന്ധുമിത്രാദികളോടുമൊപ്പം മധുരം നുണഞ്ഞ് ആഹ്ലാദം പങ്കിട്ടു. പ്ലസ്ടുവിന് കൊമേഴ്സ് ഗ്രൂപ്പ് എടുത്ത നാല് പേരും നൂറനാട് പടനിലം എച്ച്എസ്എസിൽ ബി ഫോർ ക്ലാസിലെ വിദ്യാർഥികൾ ആയിരുന്നു. മാതാപിതാക്കളുടെ രോഗാതുരമായ അവസ്ഥയിലാണ് ഇവരുടെ വിജയം. ഏഴ് വർഷം മുൻപ് വിദേശത്തു നിന്ന് മടങ്ങി വന്ന പിതാവ് ശാന്തൻ ഇരുചക്രവാഹനം അപകടത്തിൽപെട്ടതിനെ തുടർന്ന് പരസഹായം കൂടാതെ എഴുന്നേൽക്കാൻ കഴിയാത്ത അവസ്ഥയിലാണ്.
മാതാവ് മായയ്ക്ക് ഹൃദയസംബന്ധമായ അസുഖവുമാണ്. അപകടത്തെ തുടർന്ന് ശാന്തൻ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിഞ്ഞിരുന്നപ്പോൾ അതുലും അർജുനുമായിരുന്നു അച്ഛന് ആശുപത്രിയിലെ കൂട്ടിരിപ്പുകാർ. പരീക്ഷാ സമയങ്ങളിൽ ആശുപത്രിയിൽ നിന്ന് പുലർച്ചെ തന്നെ തിരിച്ച് വീട്ടിലെത്തിയ ശേഷമായിരുന്നു പരീക്ഷയെഴുതാൻ പോയിരുന്നത്. ആശുപത്രിയിലിരുന്നായിരുന്നു പഠനം. പ്ലസ്ടുവിന് നാല് പേർക്കും പ്രതീക്ഷിച്ചത്ര എ പ്ലസുകൾ ലഭിച്ചില്ല.
ഒൻപത് വർഷത്തെ കാത്തിരിപ്പിന് ശേഷം 2006 ഓഗസ്റ്റ് 15നാണ് ശാന്തനും മായയ്ക്കും നാല് മക്കൾ പിറന്നത്. മാതാപിതാക്കളുടെ രോഗാവ്ഥയും കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതിയും മൂലം നാലുപേരുടെയും തുടർപഠനം അനിശ്ചിതത്വത്തിലാണ്. മുൻ വർഷങ്ങളിൽ അധ്യാപകരാണ് ഇവരുടെ പഠന ചെലവുകൾ ഏറ്റെടുത്തത്.