
ദേശീയപാത 66 നിർമാണം: കായംകുളം കോളജ് ജംക്ഷനിലെ ഗതാഗത പരിഷ്കരണം വിനയായി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കായംകുളം∙ ദേശീയപാതിൽ അടിപ്പാത നിർമാണവുമായി ബന്ധപ്പെട്ട് കോളജ് ജംക്ഷനിൽ വരുത്തിയ ഗതാഗത പരിഷ്കരണം യാത്രക്കാർക്ക് വിനയാകുന്നു. അശാസ്ത്രീയമായ രീതിയിൽ ഏർപ്പെടുത്തിയിട്ടുള്ള പരിഷ്കാരം കാരണം അപകട പരമ്പരയാണ് ഇവിടെ നടക്കുന്നത്. നാല് ദിക്കുകളിൽ നിന്നും വാഹനങ്ങൾ എത്തുന്ന ജംക്ഷനെന്ന നിലയിൽ വ്യക്തമായ ആസൂത്രണമില്ലാതെയാണ് വാഹന ഗതാഗതം തിരിച്ചുവിടുന്നതെന്ന് തുടക്കം മുതൽ ആരോപണം ഉയർന്നിരുന്നു.
തീരദേശ റോഡിൽ നിന്നും മാർക്കറ്റിൽ നിന്നും വാഹനങ്ങൾ നേരിട്ട് ദേശീയപാതയിലേക്ക് കയറുന്ന വിധത്തിൽ വരുത്തിയ ഗതാഗത മാറ്റമാണ് ഇവിടെ അപകടങ്ങൾ വർധിപ്പിക്കുന്നതെന്ന് ചൂണ്ടിക്കാട്ടുന്നുണ്ട്. ദേശീയപാതയിൽ ഇരുദിശയിൽ നിന്നും തുടരെ വാഹനങ്ങൾ എത്തുന്നതിന്റെ മധ്യത്തിലേക്കാണ് ഇടറോഡുകളിൽ നിന്ന് വാഹനങ്ങൾ എത്തിപ്പെടുന്നത്. ഇതാണ് അപകടങ്ങൾക്ക് പ്രധാന കാരണമാകുന്നത്.
ഇടറോഡുകളിൽ നിന്ന് എത്തുന്ന വാഹനങ്ങൾ ദേശീയപാതയുടെ ഇടതുവശത്തേക്ക് ആദ്യം തിരിച്ചുവിട്ട ശേഷം ദേശീയപാതയിലേക്ക് കയറുന്ന വിധത്തിൽ ഗതാഗത പരിഷ്കാരം ഏർപ്പെടുത്തിയിരുന്നു എങ്കിൽ വാഹനങ്ങൾ സ്ഥിരമായി അപകടത്തിൽപ്പെടുന്ന സാഹചര്യം ഒഴിവാക്കാമായിരുന്നുവെന്ന് നഗരസഭ കൗൺസിലർ എ.പി.ഷാജഹാൻ പറഞ്ഞു. മറ്റ് പല ജംക്ഷനുകളിലും അടിപ്പാത നിർമാണത്തിന്റെ ഭാഗമായി കുറ്റമറ്റ രീതിയിലാണ് പരിഷ്കാരം ഏർപ്പെടുത്തിയിട്ടുള്ളത്. ഇവിടെയും ഈ രീതി അവലംബിക്കണമെന്നാണ് ആവശ്യം.