ആലപ്പുഴ ∙ പ്രതിസന്ധിക്കിടെ പ്രതീക്ഷയായി ജില്ലയിലെ ഹോട്ടലുകളിൽ പാചകവാതകം ലഭിച്ചുതുടങ്ങി. കഴിഞ്ഞ ദിവസങ്ങളിൽ നൂറോളം ഹോട്ടലുകളിൽ സിലിണ്ടർ ലഭിച്ചു.
ഇതോടെ ഇന്നലെ പല ഹോട്ടലുകളും തുറന്നു. ഇന്നു കൂടുതൽ ഹോട്ടലുകൾക്കു സിലിണ്ടർ ലഭിച്ചേക്കുമെന്ന പ്രതീക്ഷയിലാണ് ഉടമകൾ.
രണ്ടാഴ്ചയ്ക്കിടെ ജില്ലയിൽ 1500ലേറെ ഹോട്ടലുകളാണു പാചകവാതക ക്ഷാമം കാരണം അടയ്ക്കേണ്ടി വന്നത്.
ഹോട്ടലുകൾക്കു നൽകിക്കൊണ്ടിരുന്നതിന്റെ 20% പാചകവാതകം നൽകാമെന്ന് അധികൃതർ കഴിഞ്ഞ ദിവസം വാക്ക് നൽകിയിരുന്നു. ഇതിനു പിന്നാലെയാണു സിലിണ്ടർ ലഭിച്ചുതുടങ്ങിയത്.
ഇന്നലെ അവധിദിനമായിട്ടും ചിലയിടങ്ങളിൽ സിലിണ്ടറുകൾ എത്തിച്ചു നൽകി. ഇന്ന് ഉച്ചയോടെ സിലിണ്ടർ ലഭിച്ചാൽ വൈകിട്ടു തുറക്കാനുള്ള ക്രമീകരണങ്ങൾ നടത്തുകയാണെന്നു ഹോട്ടലുകാർ പറയുന്നു.
കൂടുതൽ പാചകവാതകം ലഭിക്കുന്നതോടെ അടുത്ത ദിവസങ്ങളിൽ ഹോട്ടലുകൾ പൂർണമായി പ്രവർത്തന സജ്ജമാകും. ഇതോടെ, നാട്ടിലേക്കു മടങ്ങിയ അതിഥിത്തൊഴിലാളികളെ തിരികെ എത്തിക്കാനും ശ്രമം തുടങ്ങി.
ഓരോ വിഭവത്തിനും പ്രത്യേക പാചകക്കാരൻ വേണമെന്നതിനാൽ ജീവനക്കാർ തിരിച്ചെത്താതെ ഹോട്ടൽ തുറക്കാനാകാത്ത സ്ഥിതിയാണ്.
സിലിണ്ടർ എത്തുന്നതോടെ ബേക്കറികളും സജീവമാകും. നിലവിൽ പകുതിയോളം ബോർമകൾ മാത്രമാണു പ്രവർത്തിക്കുന്നത്.
പാചകവാതകത്തിനു ക്ഷാമം നേരിട്ടതോടെ വിറക് അടുപ്പ് സജ്ജമാക്കിയാണു പല ഹോട്ടലുകളും ബോർമകളും പ്രവർത്തിക്കുന്നത്. ഹോട്ടലുകളിൽ വിഭവങ്ങൾ കുറയ്ക്കുകയും വില കൂട്ടുകയും ചെയ്തിരുന്നു.
പാചകവാതകവുമായി കൂടുതൽ കപ്പലുകൾ എത്തുന്നതും ശുഭ പ്രതീക്ഷയാണ്.
പൊതുവിതരണ വകുപ്പിന്റെ കേരള എൽപിജി സപ്ലൈ ട്രാക്കർ വഴിയാണു സിലിണ്ടറുകൾക്ക് അനുമതി നൽകുന്നത്. ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്കു ശേഷം ഹോട്ടലുകൾക്കും മുൻഗണന നൽകിയാണു സിലിണ്ടർ അനുവദിച്ചു നൽകുന്നത്.
400ലേറെ അപേക്ഷകളാണ് ഇതുവരെ പോർട്ടലിൽ ലഭിച്ചിട്ടുള്ളത്. 6.54 ടൺ പാചകവാതകമാണു വാണിജ്യ സിലിണ്ടറുകൾക്കായി ജില്ലയിൽ ഒരു ദിവസം എത്തുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

