തുറവൂർ∙ അരൂർ–തുറവൂർ ഉയരപ്പാത നിർമാണം ധൃതഗതിയിൽ. ഒന്നാം റീച്ചിൽ കോൺക്രീറ്റ് ഗർഡറുകൾ സ്ഥാപിക്കുന്ന ജോലി പൂർത്തിയായി.
2566 ഗർഡറുകൾ സ്ഥാപിക്കാനുള്ളതിൽ 2548 ഗർഡറുകൾ സ്ഥാപിച്ചു. ഇനി പില്ലർ നമ്പർ 25,26,27 എന്നിവിടങ്ങളിലായി 14 ഗർഡറുകൾ മാത്രമാണ് സ്ഥാപിക്കാനുള്ളത്.
ഇവിടെ കെഎസ്ഇബിയുടെ 11 കെവി ലൈൻ വലിക്കുന്ന കാലതാമസമാണ് ഗർഡറുകൾ സ്ഥാപിക്കാൻ വൈകുന്നത്. രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയ ഉയരപ്പാതയായ അരൂർ– തുറവൂർ ഉയരപ്പാത നിർമാണം ഉദേശിച്ചതിലും വേഗത്തിലാണ് നടക്കുന്നത്. 1086 ദിവസം പിന്നിടുമ്പോൾ 86 ശതമാനം ജോലികൾ പൂർത്തിയായി.
കരാർ പ്രകാരമുള്ളതിനെക്കാൾ വേഗത്തിലാണ് ജോലികൾ.
ഇടയ്ക്ക് തുറവൂരിൽ സീ ബിം വീണും ചമ്മനാട് കോൺക്രീറ്റ് ഗർഡർ വീണുമുണ്ടായ അപകടങ്ങളെ തുടർന്ന് 2 മാസത്തോളം നിർമാണം മന്ദഗതിയിലായിരുന്നു. മഴയും നിർമാണത്തെ സാരമായി ബാധിച്ചിരുന്നു. നിർമാണം ഏപ്രിൽ ആദ്യവാരത്തോടെ പൂർത്തിയാക്കണമെന്നാണ് കരാർ വ്യവസ്ഥ. അരൂർ മുതൽ തുറവൂർ വരെ 12.75 കിലോമീറ്ററാണ് ഉയരപ്പാത നിർമാണം നടത്താനിരുന്നത്.
തുറവൂർ ജംക്ഷനിൽ നിന്നു 350 മീറ്റർ അപ്രോച്ച് റോഡ് മണ്ണിട്ടുയർത്തി ഇറങ്ങുന്നതിനും കയറുന്നതിനുമായി സൗകര്യമായിരുന്നു ആദ്യ ഡിസൈൻ.
എന്നാൽ തുറവൂർ ജംക്ഷനിലെ വികസനം ഇല്ലാതാകുമെന്ന് പരാതിയെത്തുടർന്ന് 480 മീറ്ററായി വർധിപ്പിച്ചു. ഇതോടെ 12.75 കിലോ മീറ്റർ എന്നത് 13 കിലോ മീറ്റർ ഉയരപ്പാതയായി വർധിച്ചു.27 മീറ്റർ വീതിയുള്ള ദേശീയപാതയ്ക്കു മുകളിൽ ഒറ്റ തൂണിൽ 24.5 മീറ്റർ വീതിയുള്ള 6 വരിപ്പാതയാണ് ഒരുങ്ങുന്നത്.
ആകെ 354 തൂണുകളാണ് പാതയ്ക്കായി സ്ഥാപിച്ചത്. നിർമാണ മേഖലയിലെ സ്ഥല സൗകര്യക്കുറവും സുരക്ഷാ സംവിധാനം ഒരുക്കാത്ത സർവീസ് റോഡുകളിലൂടെയുള്ള യാത്രയിലുമായി നാൽപതോളം പേരുടെ ജീവനാണ് ഇതിനകം പാതയിൽ പൊലിഞ്ഞത്.ഉയരപ്പാത നിർമാണം 5 റീച്ചുകളിലായി.
∙ ആദ്യ റീച്ചായ അരൂർ ബൈപാസ് കവല മുതൽ കെൽട്രോൺ ജംക്ഷൻ വരെയുള്ള 2.5 കിലോമീറ്റർ ഭാഗത്ത് പില്ലർ നമ്പർ 1 മുതൽ 5 വരെയുള്ള ഭാഗത്ത് 14 കോൺക്രീറ്റ് ഗർഡറുകൾ മാത്രമാണ് സ്ഥാപിക്കാനുള്ളത്. ഒന്നാമത്തെ റിച്ചും 2 മാത്തെ റിച്ചുമായി ബന്ധിപ്പിക്കാനുണ്ട്.
ഇതു കൂടാതെ രണ്ടാമത്തെ റീച്ചായ കെൽട്രോൺ ജംക്ഷനിൽ നിന്നു എരമല്ലൂർ കൊച്ചുവെളിക്കവല അവസാനിക്കുന്ന ഭാഗത്ത് പാലത്തിന്റെ മുകളിൽ കോൺക്രീറ്റ് പൂർത്തിയാക്കാനുണ്ട്.
മൂന്നാമത്തെ റീച്ചായ കൊച്ചുവെളിക്കവല മുതൽ മോഹം ആശുപത്രി, 4–മത്തെ റീച്ചായ മോഹം ആശുപത്രി മുതൽ കുത്തിയതോട് പാലം, 5–മത്തെ റീച്ചായ കുത്തിയതോട് പാലം– തുറവൂർ ജംക്ഷൻ എന്നിവിടങ്ങളിൽ പാതയുടെ കോൺക്രീറ്റിങ് പൂർത്തിയായി.കൈവരികളുടെയും പാതയുടെ മധ്യത്തിൽ മീഡിയൻ, പാതയുടെ ഇരുവശങ്ങളിലും ശബ്ദമലനീകരണം നിയന്ത്രിക്കുന്നതിനായി നോയിസ് ബാരിയർ നിർമാണം തുടങ്ങി.
കാന നിർമാണം: ജനം ആശങ്കയിൽ
∙ ഉയരപ്പാതയുടെ ഭാഗമായി നിർമിക്കുന്ന കാനയുടെ നിർമാണം പൂർത്തിയാകുമ്പോൾ കാനയിൽ നിന്നുള്ള വെള്ളം ഇട തോടുകളിലേക്ക് ഒഴുക്കിവിടുന്നതിനാണ് തീരുമാനം.
ഇത് ഉൾപ്രദേശങ്ങളിലെ വീടുകൾ വെള്ളക്കെട്ടിലാകുമെന്ന ഭീതി നാട്ടുകാർക്കുണ്ട്. ഉയരപ്പാതയുടെ മുകളിൽ നിന്നുള്ള വെള്ളം തൂണുകളിൽ സ്ഥാപിച്ചിരിക്കുന്ന പൈപ്പുകൾ വഴി കാനയിലേക്ക് ഒഴുക്കി വിടുന്നതിനാണ് പദ്ധതി. നിലവിൽ ചെറു മഴമതി ദേശീയപാത വെള്ളക്കെട്ടിലാകാൻ.
12.75 കിലോമീറ്റർ പാതയിൽ 10 കിലോമീറ്റർ ഭാഗത്ത് കാന നിർമാണം പൂർത്തിയായി.
സൈക്കിൾ പാത നിർമാണം തുടങ്ങി
∙ തുറവൂർ ജംക്ഷനിൽ നിന്നു വടക്കോട്ടു നിർമാണം പൂർത്തിയാക്കിയ പാതയുടെ പടിഞ്ഞാറ് ഭാഗത്ത് സൈക്കിൾ യാത്രികർക്കായി 1.5 മീറ്റർ മുതൽ 2.5 മീറ്റർ വരെ വീതിയിൽ കോൺക്രീറ്റ് ഇന്റർ ലോക്ക് ടൈൽ പാകി പാതയൊരുക്കുന്നുണ്ട്. ഇതിനൊപ്പം സർവീസ് റോഡുകളുടെ നിർമാണവും പുരോഗമിക്കുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

