മങ്കൊമ്പ് ∙ കുട്ടനാട്ടിലെ 2 ബ്ലോക്ക് പഞ്ചായത്തിലും ഭരണത്തിലേറുമെന്ന ആത്മവിശ്വാസത്തോടെയാണു യുഡിഎഫ് സത്യപ്രതിജ്ഞ ചെയ്തത്. ചമ്പക്കുളം ബ്ലോക്കിൽ വ്യക്തമായ ഭൂരിപക്ഷമുണ്ടെങ്കിലും വെളിയനാട് ബ്ലോക്കിൽ എൽഡിഎഫിനും യുഡിഎഫിനും ഒപ്പത്തിനൊപ്പം സീറ്റാണുള്ളത്.
ഇവിടെ എൻഡിഎയുടെ നിലപാടാണു നിർണായകമാകുക.
∙ ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തിൽ മുതിർന്ന അംഗം വി.കെ.സേവ്യർ ആണു അംഗങ്ങൾക്കു സത്യവാചകം ചൊല്ലിക്കൊടുത്തത്. ആകെയുള്ള 14 സീറ്റുകളിൽ യുഡിഎഫ് 8, എൽഡിഎഫ് 6 സീറ്റാണു കരസ്ഥമാക്കിയത്.
എൻഡിഎക്ക് ഉണ്ടായിരുന്ന ഒരു സീറ്റ് നിലനിർത്താൻ സാധിച്ചില്ലെന്നു മാത്രമല്ല കഴിഞ്ഞ തവണ വിജയിച്ച ഡിവിഷനിൽ സ്ഥാനാർഥിയെ നിർത്താൻ പോലും സാധിച്ചില്ല.
കഴിഞ്ഞ തവണ യുഡിഎഫും എൽഡിഎഫും ഒപ്പത്തിനൊപ്പം എത്തിയ ബ്ലോക്കിൽ എൻഡിഎ അംഗം വിട്ടുനിന്നതോടെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനം നറുക്കെടുപ്പിലൂടെയാണു കണ്ടെത്തിയത്. നറുക്കെടുപ്പിൽ പ്രസിഡന്റ് പദം യുഡിഎഫിനൊപ്പവും വൈസ് പ്രസിഡന്റ് പദം എൽഡിഎഫിനൊപ്പവുമായിരുന്നു.
∙ കഴിഞ്ഞ തവണ എൽഡിഎഫ് വലിയ ഭൂരിപക്ഷത്തിൽ വിജയിച്ച ബ്ലോക്കാണു വെളിയനാട് ബ്ലോക്ക് പഞ്ചായത്ത്.
മുതിർന്ന അംഗം വിജയമ്മ ജയപ്രകാശ് സത്യവാചകം ചൊല്ലിക്കൊടുത്തു. 14 അംഗ ഭരണസമിതിയിൽ എൽഡിഎഫിനും യുഡിഎഫിനും 6 വീതം സീറ്റും എൻഡിഎക്ക് 2 സീറ്റുമാണുള്ളത്.
എൻഡിഎയിലെ ഘടക കക്ഷിയായ ബിഡിജെഎസിനെ ഒപ്പം നിർത്തി ഭരണം പിടിക്കാനുള്ള ശ്രമം യുഡിഎഫിലും എൽഡിഎഫിലും നടക്കുന്നുണ്ട്.
ഏതാനും മാസത്തിനകം നിയമസഭാ തിരഞ്ഞെടുപ്പു വരുന്നതിനാൽ ബിഡിജെഎസ് അതിനു മുതിരില്ലെന്ന സൂചനയാണു പാർട്ടി നേതൃത്വം നൽകുന്നത്. നിയമസഭ തിരഞ്ഞെടുപ്പിൽ മുൻ വർഷങ്ങളിൽ ബിഡിജെഎസിനാണു എൻഡിഎ കുട്ടനാട് സീറ്റ് നൽകിയിരുന്നത്.
കഴിഞ്ഞ വർഷം ചമ്പക്കുളത്തു നടന്നതുപോലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്നു വെളിയനാട് ബ്ലോക്ക് പഞ്ചായത്തിലെ എൻഡിഎ അംഗങ്ങൾ വിട്ടു നിന്നാൽ നറുക്കെടുപ്പിലൂടെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് പദവികളിൽ തീരുമാനമെടുക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

