ഹരിപ്പാട് കാർത്തികപ്പള്ളിയിൽ പോഷകാഹാരക്കുറവിനെത്തുടർന്ന് രണ്ടുവയസ്സുകാരൻ മരണപ്പെട്ട സംഭവത്തിൽ കുട്ടിയുടെ പിതാവിനെതിരെ കേസെടുക്കുന്നതിന് ആഭ്യന്തരവകുപ്പിനോട് ആവശ്യപ്പെടുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ വ്യക്തമാക്കി.
18-ാം തീയതിയാണ് വലിയകുളങ്ങര തൈമൂട്ടിൽ രാജേഷ്- താര ദമ്പതികളുടെ മകൻ രാഹുൽ (2) മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് നാട്ടുകാരുടെ വെളിപ്പെടുത്തൽ ഇങ്ങനെ: അമ്മ പ്രസവത്തിനായി ആലപ്പുഴ ഗവ.മെഡിക്കൽ കോളജിൽ ചികിത്സയിലായതിനാൽ വീട്ടിൽ കുട്ടികളും പിതാവും മാത്രമാണ് ഉണ്ടായിരുന്നത്.
രാവിലെ കുട്ടിയെ ചലനമറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് മരണവിവരം പൊലീസിനെയോ ആരോഗ്യപ്രവർത്തകരെയോ അറിയിക്കാതെ സ്വന്തം ഓട്ടോറിക്ഷയിൽ മൃതദേഹവുമായി ഇയാൾ കുടുംബവീട്ടിലേക്ക് സംസ്കാരത്തിനായി കൊണ്ടുപോകാൻ ശ്രമിച്ചു.
ഇയാളുടെ അസ്വാഭാവിക പെരുമാറ്റത്തിൽ സംശയം തോന്നിയ ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് തടയുകയായിരുന്നു. മുൻപ് ഇവരുടെ ഏഴുമാസം പ്രായമുള്ള മറ്റൊരു കുഞ്ഞ് ദുരൂഹ സാഹചര്യത്തിൽ മരിച്ചപ്പോഴും ഇതേ രീതിയിൽ ആരുമറിയാതെ സംസ്കാരം നടത്തിയിരുന്നതായി നാട്ടുകാർ ആരോപിക്കുന്നു.
ഈ രണ്ട് മരണങ്ങളും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു. മരിച്ച കുട്ടിയുടെ വീട്ടിലെത്തി വിവരങ്ങൾ തേടിയ മന്ത്രി ബിന്ദു കൃഷ്ണ വിതുമ്പിക്കൊണ്ട് പ്രതികരിച്ചു.
“കുഞ്ഞിന്റെ വയറ്റിൽ ആഹാരത്തിന്റെ അംശം പോലുമില്ലായിരുന്നു എന്ന് അറിഞ്ഞപ്പോൾ നെഞ്ചുപിടഞ്ഞു പോയി. ഞാനും ഒരമ്മയാണ്” എന്നാണ് മന്ത്രി പറഞ്ഞത്.
നിലവിൽ അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിട്ടുള്ളത്. മരിച്ച ആൺകുട്ടിയുടെ നാലു സഹോദരിമാരെ തുറവൂരിലെ സർക്കാർ സംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റിയിട്ടുണ്ട്.
ഇത്തരം ദാരുണ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സമാന സാഹചര്യങ്ങളിൽ കഴിയുന്ന കുട്ടികളെ കണ്ടെത്തി സംരക്ഷിക്കുന്നതിനുള്ള നടപടികൾ കർശനമാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഇതിനായി സംസ്ഥാനതല യോഗം ചേരുമെന്നും അപകടസാധ്യതയിലുള്ള കുട്ടികളുടെ പട്ടിക വിപുലീകരിക്കുമെന്നും അവർ അറിയിച്ചു.
20-ാം തീയതി ആലപ്പുഴയിലെത്തിയ മന്ത്രി ബിന്ദു കൃഷ്ണ, കുഞ്ഞിനെ സംസ്കരിച്ച ഡാണാപ്പണിയിലെ വീട്ടുവളപ്പിലും കാർത്തികപ്പള്ളിയിലെ വീടും സന്ദർശിച്ചു. തുടർന്ന് തുറവൂരിലെ സംരക്ഷണ കേന്ദ്രത്തിലെത്തി കുട്ടികളെയും കണ്ടു.
അയൽവാസികൾ, ആശാ പ്രവർത്തകർ, ജനപ്രതിനിധികൾ എന്നിവരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. കുട്ടികളുടെ അപകടകരമായ സാഹചര്യം സംബന്ധിച്ച് നേരത്തെ റിപ്പോർട്ട് ലഭിച്ചിരുന്നതായും, തുടർന്ന് അമ്മയെയും കുട്ടികളെയും സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയെങ്കിലും ആത്മഹത്യാ ഭീഷണിയെത്തുടർന്ന് ഇവർ മടങ്ങുകയായിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
ചൈൽഡ് വെൽഫെയർ കമ്മിറ്റി ഉദ്യോഗസ്ഥരോടും അങ്കണവാടി പ്രവർത്തകരോടും മാതാപിതാക്കൾ സഹകരിച്ചിരുന്നില്ല. പ്രസവത്തെ തുടർന്ന് ആശുപത്രിയിൽ കഴിയുന്ന അമ്മയ്ക്ക് കൗൺസലിങ് നൽകുമെന്നും അമ്മയെയും നവജാത ശിശുവിനെയും മഹിളാ മന്ദിരത്തിലേക്ക് മാറ്റുമെന്നും സിഡബ്ല്യുസി അധികൃതർ അറിയിച്ചു.
മരണവിവറിനറിഞ്ഞ് മന്ത്രി രമേശ് ചെന്നിത്തലയും ഡാണാപ്പണിയിലെ വീട്ടുവളപ്പിലെത്തി ആദരാജ്ഞലികൾ അർപ്പിച്ചു. കുഞ്ഞിന്റെ ബന്ധുക്കളോട് വിവരങ്ങൾ ചോദിച്ചറിഞ്ഞ അദ്ദേഹം കുട്ടികളുടെ സംരക്ഷണത്തിനായി എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഉറപ്പുനൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

