
ഹരിപ്പാട് ∙ നെൽപ്പുരക്കടവ് ഫാം ടൂറിസം പദ്ധതി ഫയലിൽ ഉറങ്ങാൻ തുടങ്ങിയിട്ട് 10 വർഷമായി. കടവിൽ നിന്നു ബോട്ടിൽ സഞ്ചരിച്ച് പ്രകൃതി ഭംഗി ആസ്വദിക്കുന്നതിനും പുഞ്ചകളിലെ കൃഷി രീതികൾ മനസ്സിലാക്കുന്നതിനും ഉപകരിക്കുന്ന വിധത്തിലുള്ള പാക്കേജിനാണ് ടൂറിസം വകുപ്പ് പദ്ധതിയിട്ടത്.
ചെറിയ ശിക്കാര വള്ളങ്ങളിൽ വയലുകൾ കണ്ടു സഞ്ചരിക്കാവുന്ന ഫാം സർക്യൂട്ടും പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായി നെൽപ്പുര കടവിൽ ബോട്ട് ജെട്ടിയും ടിക്കറ്റ് കൗണ്ടറും സ്ഥാപിച്ചു.
കടവിൽ നിന്നു ബോട്ട് ജെട്ടിയിലേക്കുള്ള വഴി ടൈൽസ് ഇടുകയും വശങ്ങളിൽ സ്റ്റീൽ പൈപ്പുകൾ ഉപയോഗിച്ച് വേലി നിർമിച്ച് കടവിലേക്ക് ഇറങ്ങാൻ പടവുകൾ കെട്ടുകയും ചെയ്തു.
നെൽപ്പുരകൾ നിന്നിരുന്ന സ്ഥലത്ത് വോളിബോൾ കോർട്ടും ജിംനേഷ്യവും സ്പോർട്സ് ക്ലബും സ്ഥാപിക്കുകയായിരുന്നു പദ്ധതിലക്ഷ്യം.
അച്ചൻകോവിലാറ്റിൽ നിന്നു നെൽപ്പുര കടവിലേക്കുള്ള തോടിന്റെ ആഴം കൂട്ടി വശങ്ങളിൽ സംരക്ഷണ ഭിത്തി കെട്ടുന്ന പണികൾ പൂർത്തിയാക്കിയിട്ടില്ല. ചരിത്ര പ്രസിദ്ധമായ പായിപ്പാട് ജലോത്സവവുമായി ബന്ധപ്പെട്ട് വള്ളങ്ങൾക്ക് ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ദർശനത്തിന് എത്തുന്നതിനു നഗരസഭയുടെ നേതൃത്വത്തിൽ തോട് വൃത്തിയാക്കുന്ന നടപടികൾ ആരംഭിച്ചിട്ടുണ്ട്. ടൂറിസം വകുപ്പിന്റെ നിയന്ത്രണത്തിലാണ് പദ്ധതികൾ പൂർത്തീകരിക്കേണ്ടത്. എന്നാൽ ടൂറിസം വകുപ്പ് നെൽപ്പുരക്കടവിനോടുള്ള അവഗണന തുടരുകയാണ്.
പദ്ധതി നഗരസഭയ്ക്ക് വിട്ടുനൽകുമെന്ന് വാഗ്ദാനം മാത്രം
ഹരിപ്പാട് ∙ നെൽപ്പുരക്കടവ് ടൂറിസം പദ്ധതി നഗരസഭയ്ക്ക് വിട്ടു നൽകാൻ തയാറാണെന്ന് ടൂറിസം വകുപ്പ് അറിയിച്ചിരുന്നു.
എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും ടൂറിസം വകുപ്പ് നടപടി സ്വീകരിച്ചിട്ടില്ല. നഗരസഭയ്ക്ക് വിട്ടു തന്നാൽ ചരിത്ര പ്രാധാന്യമുള്ള നെൽപ്പുര കടവിനെ മികച്ച ടൂറിസം ഹബ് ആക്കി മാറ്റാൻ കഴിയുമെന്ന് നഗരസഭാ ചെയർമാൻ കെ.കെ.രാമകൃഷ്ണൻ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]