
കോഴിക്കോട് ∙ നഗരത്തിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ അഞ്ചു പേർ പിടിയിൽ. പാളയത്ത് നിന്നും യുവാവിനെ തട്ടികൊണ്ടു പോയ കേസിലാണ് മഞ്ചേരി സ്വദേശികളായ വക്കത്തടി മുഹമ്മദ് ഖൽസാഹ് (33), ഇരുവെട്ടി ചുങ്കത്തലങ്ങൽ വീട്ടിൽ അൽഫയാദ് (25), ചേളാരി സ്വദേശി പുളിമുക്ക് കോരൻ കണാരി വീട്ടിൽ ഷംസുദ്ദീൻ (39), അരക്കിണർ സ്വദേശി പുളിയഞ്ചേരി പറമ്പിൽ മുഹമ്മദ് നബീൽ (37), പുളിക്കൽ സ്വദേശി ചുണ്ടാബലത്ത് വീട്ടിൽ മുഹമ്മദ് നിഹാൽ (25 )എന്നിവരെ കസബ പൊലീസ് പിടികൂടിയത്.
ചൊവ്വാഴ്ച പുലർച്ചെ കാരന്തൂർ സ്വദേശിയായ ഷാജിത്ത് എന്നയാളെ കോഴിക്കോട് ചിന്താവളപ്പിലെ ലോഡ്ജ് മുറിയിൽ നിന്നും പ്രതികൾ കാറിൽ തട്ടിക്കൊണ്ടുപോകുകയും തടയാൻ ശ്രമിച്ച സുഹൃത്തുക്കളെ അടിച്ചുപരുക്കേൽപ്പിക്കുകയും മൊബൈൽ ഫോൺ തട്ടിയെടുക്കുകയുമായിരുന്നു.
തുടർന്ന് കസബ പൊലീസ് കേസ് റജിസ്റ്റർ ചെയ്യുകയും സംഭവ സ്ഥലത്തെയും സമീപപ്രദേശങ്ങളിലെയും നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെയും അവർ തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച വാഹനവും തിരിച്ചറിയുകയുമായിരുന്നു.
സൈബർ സെല്ലിന്റെ സഹായത്തോടുകൂടി നടത്തിയ തുടരന്വേഷണത്തിൽ പ്രതികളുടെ ലൊക്കേഷൻ മനസ്സിലാക്കുകയും കസബ ഇൻസ്പെക്ടർ ജിമ്മിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കൊണ്ടോട്ടിയിൽ പ്രതികളെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. പ്രതികൾ ഓടിച്ച വാഹനത്തിൽ നിന്നും മാരകായുധങ്ങളും പൊലീസ് കണ്ടെടുത്തു.
അനധികൃത പണമിടപാടുമായിബന്ധപ്പെട്ടുള്ള തർക്കമാണ് സംഭവത്തിനു പിന്നിലെന്നും കണ്ടെത്തി.
പിടിയിലായ മുഹമ്മദ് നിഹാലിനു പുളിക്കൽ സ്വദേശിനിയെ വീട്ടിൽ കയറി അക്രമിച്ചതിന് കൊണ്ടോട്ടി സ്റ്റേഷനിലും മലപ്പുറം സ്വദേശിയെ കാർ ഇടിച്ചു വീഴ്ത്തി കമ്പിപ്പാര കൊണ്ട് അടിച്ചതിനായി ഷംസുദ്ദീന് തിരൂരങ്ങാടി സ്റ്റേഷനിലും തിരുവണ്ണൂർ സ്വദേശിയെ മാരകായുധം ഉപയോഗിച്ച് അക്രമിച്ചതിനു പ്രതികൾ തട്ടിക്കൊണ്ടു പോയ ഷാജിത്തിനും കേസ് ഉള്ളതായി പൊലീസ് പറഞ്ഞു. കസബ സ്റ്റേഷൻ എസ്ഐ സജിത്ത് മോൻ.
എസ്സിപിഒമാരായ ചാൾസ്, വിപിൻ ചന്ദ്രൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]