
ദുഃഖമുറഞ്ഞുകൂടിയ ഒരു കണ്ണീർത്തുള്ളി പോലെയായിരുന്നു ഇന്നലെ പറവൂരിലെ വേലിക്കകത്ത് വീട്. വി.എസ്.അച്യുതാനന്ദന്റെ സജീവ രാഷ്ട്രീയ ജീവിതത്തിനു സാക്ഷ്യം വഹിച്ച വീട്ടുവളപ്പിൽ ഇന്നലെ ദുഃഖം തളം കെട്ടിനിന്നു.
വിഎസിന്റെ മരണവാർത്ത അറിഞ്ഞതുമുതൽ വീട്ടിലേക്ക് ആളുകൾ ഒഴുകിയെത്തി. മരണം വരെ തുടർന്ന ആ പോരാട്ടത്തിന്റെ ഓർമകളിൽ അവർ കണ്ണുതുടച്ചു.
‘വിഎസ് എന്നും ജനങ്ങൾക്കൊപ്പം’ എന്നെഴുതിയ വലിയ ഫ്ലെക്സ് ബോർഡ് പ്രവർത്തകർ വീടിനു പുറത്തു സ്ഥാപിച്ചു. മുൻ മന്ത്രി ജി.സുധാകരൻ മരണവാർത്ത അറിഞ്ഞയുടൻ വേലിക്കകത്തു വീട്ടിലെത്തി.
വിഎസിന്റെ ഓർമകൾ നിറഞ്ഞ സ്വീകരണമുറിയിലിരുന്ന് ആ ഓർമകളിൽ മിഴിപൂട്ടി. മുൻ എംഎൽഎ സി.സദാശിവനും മുൻ അമ്പലപ്പുഴ ഏരിയ സെക്രട്ടറി പി.ഷാജിയുമെല്ലാമെത്തിയപ്പോൾ പാർട്ടിക്കുള്ളിലെ പോരാട്ടത്തിന്റെ ഓർമകൾ ഒഴുകിയെത്തി.
സമരങ്ങളുടെ തീവെയിലിൽ നിന്ന് വിഎസ് ഓടിയെത്താറുള്ള തണലിടമായിരുന്നു പറവൂരിലെ വേലിക്കകത്ത് വീട്.
58 വർഷം മുൻപാണ് വിഎസും കുടുംബവും ഈ വീട്ടിൽ താമസം തുടങ്ങിയത്. ഏതു തിരക്കുകൾക്കിടയിലും തിരുവോണത്തിനു ഇവിടെയെത്തുന്ന പതിവ് രോഗശയ്യയിലാകും വരെ മുടങ്ങാതെ കാത്തു.
ഓണത്തിന് എത്തുമ്പോഴെല്ലാം കോടിയുമായി സഹോദരി ആഴിക്കുട്ടിയെ കാണാൻ പോയിരിക്കും. വേലിക്കകത്ത് വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ അപ്പുറത്താണ് ആഴിക്കുട്ടിയുടെ വീട്.
കുടുംബവീട് ‘വെന്തലത്തറ’ ഇരുന്ന അതേ സ്ഥലത്തു പിന്നീട് പണിത വീടാണ്. പേര് അതേപടി നിലനിർത്തി.
വിഎസ് എത്തുമ്പോഴെല്ലാം വേലിക്കകത്തു വീട്ടുമുറ്റം ജനനിബിഡമാകാറുണ്ടായിരുന്നെന്ന് അദ്ദേഹത്തിന്റെ ഭാര്യ വസുമതിയുടെ സഹോദരീപുത്രൻ വി.രാജീവൻ ഓർക്കുന്നു. രാജീവനും കുടുംബവുമാണ് ഇവിടെ ഇപ്പോൾ താമസിക്കുന്നത്.
2015 ലെ സിപിഎം സംസ്ഥാന സമ്മേളനം നടന്ന ഓഡിറ്റോറിയത്തിലേക്കും ഈ വീട്ടിൽ നിന്ന് അൽപദൂരം മാത്രം.
രൂക്ഷമായ വിമർശനങ്ങളിൽ മനംമടുത്ത് സമ്മേളനത്തിൽ നിന്നിറങ്ങിപ്പോന്ന വിഎസ് നേരെയെത്തിയത് ഈ വീട്ടിലേക്കാണ്. പോരാട്ടങ്ങളുടെ സമരജീവിതത്തിനൊടുവിൽ വിഎസ് അവസാനമായി ഇന്ന് വീണ്ടും ഇവിടെയെത്തും.
അദ്ദേഹത്തിന് അന്ത്യാഭിവാദ്യമേകാൻ കണ്ണീരോടെ കാത്തിരിക്കുകയാണ് നാട്. മന്ത്രിമാരായ സജി ചെറിയാൻ, പി.പ്രസാദ്, എംഎൽഎമാരായ പി.പി.ചിത്തരഞ്ജൻ, സിപിഎം ജില്ലാ സെക്രട്ടറി ആർ.നാസർ എന്നിവരും ഇന്നലെ വീട്ടിലെത്തി ഒരുക്കങ്ങൾ വിലയിരുത്തി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]