
ആലപ്പുഴ ∙ പോരാട്ടങ്ങൾ തന്നെയായിരുന്ന യാത്രകൾ അവസാനിപ്പിച്ചു വിഎസ് ഇന്നു സ്വന്തം മണ്ണിലേക്കു തിരിച്ചെത്തും. നാലു വയസ്സുകാരനായിരുന്നപ്പോൾ അമ്മ വിട
പറഞ്ഞ നാളിൽ തുടങ്ങിയതാവും നൂറ്റാണ്ടോളം നീണ്ട ആ പോരാട്ടം.
ഒടുവിൽ, കേരളം കണ്ട ഏറ്റവും വലിയ പോരാട്ടങ്ങളിലൊന്നിൽ ചോര ചിന്തി മരിച്ച സഖാക്കൾക്കു നടുവിലാണ് ഒടുങ്ങാത്ത സ്മരണകൾക്കു തുടക്കമിട്ട് ആ യാത്ര അവസാനിക്കുന്നത്.
രാഷ്ട്രീയ പോരാട്ടങ്ങളുടെ കടുപ്പമെല്ലാം മാറ്റിവച്ച് ഓണമുണ്ണാനെത്തിയിരുന്ന പറവൂർ വേലിക്കകത്തു വീട്ടിൽ ഇന്നു രാത്രിയോടെ വിഎസ് അവസാനമായെത്തും. നാളെ രാവിലെ വരെ അവിടെയാണു പൊതുദർശനം.
തുടർന്ന്, തൊഴിലാളിശക്തിയിൽനിന്നു വിഎസ് പടുത്ത പാർട്ടിയുടെ ജില്ലാ കമ്മിറ്റി ഓഫിസിൽ 11 വരെ.
ബീച്ചിനു സമീപം റിക്രിയേഷൻ ഗ്രൗണ്ടിൽ സജ്ജമാക്കുന്ന വേദിയിൽ തുടർന്ന് 3 മണിവരെ ആലപ്പുഴയിലെ പൗരാവലിക്ക് പ്രിയപ്പെട്ട സഖാവിന് ആദരമർപ്പിക്കാം.
അവിടെ നിന്ന് അന്ത്യയാത്ര. നാലുമണിക്കു വലിയ ചുടുകാട്ടിൽ വിപ്ലവമുദ്രകൾ സ്വീകരിച്ചു പുന്നപ്ര – വയലാർ പോരാളികളുടെ ഓർമകളോടൊപ്പം നിത്യവിശ്രമം.
എല്ലാ പോരാട്ടങ്ങളുടെയും അങ്കത്തട്ടായിരുന്ന ആലപ്പുഴയിൽ ആ നീണ്ട യാത്ര അവസാനിക്കുകയാണ്.
പുന്നപ്രയിലെ വെന്തലത്തറ വീട്ടിൽനിന്നു പ്രൈമറി സ്കൂളിലേക്കു പോയ നാളുകളിൽത്തന്നെ വിവേചനങ്ങളോടു പടവെട്ടിയതാണു വിഎസ്. ജാതിയുടെ പേരിൽ ആക്ഷേപിച്ച ജന്മിക്കുട്ടികളെ അച്ഛൻ നൽകിയ അരഞ്ഞാണം വീശി അടിച്ചോടിച്ച ചെറുത്തുനിൽപാണ് ആ ജീവിതത്തിന്റെ അടിസ്ഥാനം.
പാടത്തു വിയർത്തിട്ടു കൂലി ചോദിക്കാൻ പോലും ഭയന്ന കുട്ടനാട്ടിലെ കർഷകത്തൊഴിലാളികളെ പോരാടാൻ പഠിപ്പിച്ചാണ് അദ്ദേഹം രാഷ്ട്രീയദൗത്യം തുടങ്ങിയത്. പുന്നപ്ര – വയലാർ പോരാട്ടത്തിനു സഖാക്കളെ സംഘടിപ്പിക്കുമ്പോഴാണ് അദ്ദേഹത്തിന് പാർട്ടിയുടെ നിർദേശപ്രകാരം ഒളിവിൽ പോകേണ്ടിവന്നത്.
ചില വലിയ തിരിച്ചടികൾ അദ്ദേഹം നേരിട്ടതും ആലപ്പുഴയിൽ തന്നെയാണ്.
മാരാരിക്കുളം നിയമസഭാ മണ്ഡലത്തിൽ 1996ലെ പരാജയവും 2015ൽ ജന്മനാട്ടിൽ നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തിൽനിന്നു വിമർശനങ്ങളുടെ കൂരമ്പുകൾക്കിടയിലൂടെയുള്ള ഇറങ്ങിപ്പോക്കും കേരള രാഷ്ട്രീയ ചരിത്രത്തിൽ ഇന്നും ചർച്ച ചെയ്യപ്പെടുന്ന സംഭവങ്ങളാണ്. ഏതു പ്രതിസന്ധികൾക്കിടയിലും അദ്ദേഹം മുടക്കാത്ത രണ്ട് ആലപ്പുഴപ്പതിവുകൾ ഉണ്ടായിരുന്നു.
പുന്നപ്ര – വയലാർ രക്തസാക്ഷി അനുസ്മരണവും വേലിക്കകത്തു വീട്ടിലെ ഓണസദ്യയും. രണ്ടും അവസാനം നടന്നതു 2019ലാണ്. ഓണത്തിനു വന്നു മടങ്ങിയ വിഎസ് ഒക്ടോബറിൽ പുന്നപ്ര – വയലാർ രക്തസാക്ഷിത്വ വാർഷികത്തിനും എത്തി.
അപ്പോഴേക്കും അദ്ദേഹം ക്ഷീണിതനായിരുന്നു. പിന്നെ ആലപ്പുഴ യാത്രകൾ നടന്നില്ല.
ഇന്ന് അവസാന യാത്ര ചേതനയറ്റാണെങ്കിലും ജനങ്ങളുടെ മനസ്സിൽ ആ ചിത്രം സജീവമായിരിക്കും. മുട്ടുവരെ ജൂബ തെറുത്തുവച്ച് ഉയർത്തിപ്പിടിച്ച മുഷ്ടി, അനീതിയോടു വിട്ടുവീഴ്ചയില്ലായ്മയുടെ ഗൗരവമുള്ള മുഖം.
ആരെക്കൊണ്ടും ഇങ്ക്വിലാബ് വിളിപ്പിക്കാൻ പോന്ന കാഴ്ച. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]