
മുതുകുളം∙ കാർത്തികപ്പള്ളി ഗവ. യുപി സ്കൂളിന്റെ മേൽക്കൂര തകർന്നു വീണതിലുള്ള പ്രതിഷേധങ്ങളെത്തുടർന്നു സ്കൂൾ വളപ്പ് സംഘർഷ ഭൂമിയായി.
ഇന്നലെ രാവിലെ പത്തോടെ തുടങ്ങിയ പ്രതിഷേധ പരമ്പര 12 വരെ തുടർന്നു. ഇതിനിടയിൽ യൂത്ത് കോൺഗ്രസ്– കെഎസ്യു പ്രവർത്തകരും സിപിഎം പ്രവർത്തകരും സ്കൂളിനുള്ളിൽ ഏറ്റുമുട്ടി.
സ്കൂളിലെ കസേരകളും കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകാനുള്ള പാത്രങ്ങളും പരസ്പരം വലിച്ചെറിഞ്ഞു. മണ്ണുവീണു കുട്ടികൾക്കുള്ള ചോറ് ഉപയോഗയോഗ്യമല്ലാതായി.
ഇത്രയും സമയവും പുറത്തെ സംഘർഷം കണ്ടു പേടിച്ചു വിദ്യാർഥികൾ ക്ലാസ് മുറികളിലിരുന്നു.
150 വർഷത്തോളം പഴക്കമുള്ള പഴയകെട്ടിടം 19നു രാവിലെ 8നാണു തകർന്നു വീണത്. ഈ കെട്ടിടത്തിനു ഫിറ്റ്നസ് ഇല്ലാതിരുന്നതിനാൽ വിദ്യാർഥികളെ പ്രവേശിപ്പിച്ചിരുന്നില്ലെന്നു സ്കൂൾ അധികൃതർ പറയുമ്പോഴും ക്ലാസുകൾ നടന്നിരുന്നെന്നു വിദ്യാർഥികളും രക്ഷിതാക്കളും വെളിപ്പെടുത്തിയിരുന്നു.
അപകടത്തിനു പിന്നാലെ ഇവിടെ നിന്നു ബെഞ്ചും ഡെസ്കും നീക്കി. സ്കൂൾ വളപ്പിൽ ഒരു മാസത്തോളം മുൻപു പണിത കെട്ടിടമുണ്ടെങ്കിലും ഫിറ്റ്നസില്ലാത്തതും ഇലക്ട്രിക്കൽ ജോലികൾ നടത്താത്തതും കാരണം ക്ലാസ് നടത്താനായിരുന്നില്ല.
പ്രാഥമിക പരിശോധനകൾക്കു ശേഷം ഇന്നലെ ഈ കെട്ടിടത്തിലാണു വിദ്യാർഥികളെ പ്രവേശിപ്പിച്ചത്.
ഫിറ്റ്നസ് ലഭിക്കാത്ത കെട്ടിടത്തിൽ വിദ്യാർഥികളെ പ്രവേശിപ്പിച്ചെന്നാരോപിച്ചു യൂത്ത് കോൺഗ്രസ്– കെഎസ്യു പ്രവർത്തകർ നടത്തിയ മാർച്ചിനിടെ പൊലീസിനെ മറികടന്നു ഗേറ്റ് തള്ളിത്തുറന്നു സ്കൂൾ വളപ്പിൽ പ്രവേശിക്കുകയായിരുന്നു. പുതിയ കെട്ടിടത്തിനു മുൻപിലെത്തിയ പ്രതിഷേധക്കാരും സിപിഎം പ്രവർത്തകരുമായി വാക്കുതർക്കം ഉണ്ടാവുകയും സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു.
സംഘർഷത്തിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഡാനി സത്യൻ, മാതൃഭൂമി ന്യൂസ് സീനിയർ ക്യാമറമാൻ ബോണി എം.വർഗീസ് എന്നിവരുടെ തലയ്ക്കു പരുക്കേറ്റു. സംഭവത്തിൽ 11 യൂത്ത് കോൺഗ്രസ്– കെഎസ്യു പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു.
കലക്ടർക്കു റിപ്പോർട്ട് നൽകും
ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഇ.എസ്.ശ്രീലത തകർന്ന കെട്ടിടവും പുതിയ കെട്ടിടവും പരിശോധിച്ചു.
പ്രധാനാധ്യാപകൻ ഉൾപ്പെടെയുള്ളവരിൽ നിന്നു വിശദീകരണവും കേട്ടു. വിശദമായ റിപ്പോർട്ട് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്കും കലക്ടർക്കു സമർപ്പിക്കുമെന്ന് ശ്രീലത പറഞ്ഞു.
തീരദേശ വികസന അതോറിറ്റി നിർമിച്ച പുതിയ കെട്ടിടത്തിന്റെ ഇലക്ട്രിക്കൽ ജോലികൾക്കു രണ്ടു തവണ ടെൻഡർ വിളിച്ചിട്ടും കരാർ ഉറപ്പിക്കാനായിരുന്നില്ലെന്നും അടുത്തിടെ ടെൻഡർ പൂർത്തിയായതിനാൽ വർക്ക് ഓർഡർ നൽകി ഉടൻ പണി തുടങ്ങുമെന്നും കാർത്തികപ്പള്ളി തഹസിൽദാർ വി.ദീപു പറഞ്ഞു.
‘ഫിറ്റ്നസ് നൽകാത്ത കെട്ടിടത്തിൽ ക്ലാസ് നടത്തിയതു വിദ്യാഭ്യാസ വകുപ്പിന്റെ പരാജയം’
മുതുകുളം∙ കാർത്തികപ്പള്ളി ഗവ. യുപി സ്കൂളിൽ പഞ്ചായത്ത് ഫിറ്റ്നസ് നൽകാത്ത കെട്ടിടത്തിൽ ക്ലാസ് നടത്തിയതു വിദ്യാഭ്യാസ വകുപ്പിന്റെ പരാജയമാണെന്നു യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഡോ.
എം.പി.പ്രവീൺ ആരോപിച്ചു. യൂത്ത് കോൺഗ്രസ് -കെഎസ്യു ഹരിപ്പാട് നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചിൽ പ്രസംഗിക്കുകയായിരുന്നു പ്രവീൺ.
നിലവിലെ കെട്ടിടം തകർന്നുവീഴുന്ന അവസ്ഥയിലും പുതിയ കെട്ടിടത്തിന്റെ പണി പൂർത്തിയാക്കി ഫിറ്റ്നസ് അനുവദിച്ചു ക്ലാസുകൾ പുനഃക്രമീകരിക്കാതിരുന്നതു സർക്കാരിന്റെ അനാസ്ഥയാണെന്നും പ്രവീൺ പറഞ്ഞു. പ്രകടനം സ്കൂൾ ഗേറ്റിനു മുന്നിൽ പൊലീസ് തടഞ്ഞെങ്കിലും പ്രവർത്തകർ സ്കൂളിലേക്കു തള്ളിക്കയറി പുതിയ കെട്ടിടത്തിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു.
യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് അനന്തനാരായണൻ, അബ്ബാദ് ലുത്ഫി, വി.കെ.നാഥൻ, മനു നങ്ങ്യാർകുളങ്ങര, അഖിൽ കൃഷ്ണൻ, സുജിത് സി.കുമാരപുരം, വൈശാഖ് പൊന്മുടിയിൽ, ഇർഫാൻ ചിങ്ങോലി, വിപിൻ ചേപ്പാട്, രാഹുൽ രാജൻ തുടങ്ങിയവർ പ്രസംഗിച്ചു.
കേസ് എടുക്കുമെന്ന് ബാലാവകാശ കമ്മിഷൻ
ആലപ്പുഴ∙ കാർത്തികപ്പള്ളി ഗവ. യുപി സ്കൂൾ കെട്ടിടം തകർന്നു വീണതിലും സ്കൂൾ വളപ്പിൽ സംഘർഷവും പൊതുമുതൽ നശിപ്പിക്കുന്ന സ്ഥിതിയും ഉണ്ടായ സാഹചര്യത്തിലും സ്വമേധയാ കേസ് എടുക്കുമെന്നു ബാലാവകാശ കമ്മിഷൻ അംഗം ജലജ ചന്ദ്രൻ പറഞ്ഞു.
സ്കൂൾ വളപ്പിലുണ്ടായ സംഘർഷം കുട്ടികൾക്കെതിരെയുള്ള അതിക്രമമാണ്. ഈ സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നു. സ്കൂൾ കെട്ടിടം തകർന്നുവീണതു പഞ്ചായത്തിന്റെ കൂടി വീഴ്ചയാണെന്നും സംഭവങ്ങൾ പരിശോധിക്കുമെന്നും ജലജ ചന്ദ്രൻ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]