
എടത്വ ∙ കൊല്ലം തേവലക്കര സ്കൂളിൽ വിദ്യാർഥി ഷെഡിനു മുകളിൽ നിന്നും ചെരിപ്പ് എടുക്കാൻ ശ്രമിക്കുന്നതിനിടയിൽ തെന്നി വീഴാൻ നേരം സമീപത്തെ വൈദ്യുതി കമ്പിയിൽ പിടിക്കുകയും ഷോക്കേറ്റ് മരിക്കുകയും ചെയ്ത സംഭവം ഓർമപ്പെടുത്തുന്ന വിധത്തിലാണ് ചങ്ങങ്കരി ദേവസ്വം യുപി സ്കൂളിലേക്കു കുരുന്നു കുട്ടികൾ പോകുന്ന ചങ്ങങ്കരി കൊട്ടാരം പാലം. വളരെ ഉയരത്തിൽ ഉള്ള പാലത്തിന്റെ വശങ്ങളിലെ കൈവരി നശിച്ചു പോയിട്ട് ഒരു വർഷത്തിലേറെയായി. അതിനോട് ചേർന്ന് ഒരു മീറ്റർ പോലും അകലമില്ലാതെ വൈദ്യുതി കമ്പികൾ കടന്നു പോകുന്നുണ്ട്.
വീതി കുറഞ്ഞ പാലത്തിൽ കാലൊന്നു തെന്നി തോട്ടിലേക്ക് ചെരിഞ്ഞാൽ പിടിക്കുന്നത് ഈ വൈദ്യുതി കമ്പിയിൽ ആയിരിക്കും.
ഈ അപകട ഭീഷണി കണ്ടില്ലെന്നു നടിക്കുകയാണ് അധികൃതർ.
ഒട്ടേറെ വിദ്യാർഥികളും മറ്റു യാത്രക്കാരും ഈ പാലം ഉപയോഗിക്കുന്നുണ്ട്. മാത്രമല്ല സന്ധ്യയ്ക്കു ചങ്ങങ്കരി ക്ഷേത്രത്തിലേക്ക് പോകുന്ന ഭക്തജനങ്ങളും ഈ പാലമാണ് ഉപയോഗിക്കുന്നത്. എടത്വ 15–3 വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലത്തിന്റെ കിഴക്കേ കരയിൽ സ്ഥിതി ചെയ്യുന്ന ചങ്ങങ്കരി പള്ളിയിലേക്കും വിശ്വാസികൾ പോകുന്നതും വരുന്നതും ഈ പാലം വഴി തന്നെയാണ്.
ഈ നടപ്പാലത്തിന്റെ സ്റ്റെപ്പും തകർന്നിട്ടുണ്ട്.
ഇതിതിനു സമാന്തരമായി എടത്വ തായങ്കരി റോഡിൽ പാലം നിർമിച്ചിട്ടുണ്ട്. എന്നാൽ അതുവഴി പോകുന്നതു ദൂരക്കൂടുതൽ ആയതിനാൽ യാത്രക്കാരിലേറെയും ഇപ്പോഴും ഈ പാലം ഉപയോഗിക്കുന്നു.
പാലത്തിന്റെ അറ്റകുറ്റപ്പണി നടത്തി സഞ്ചാരയോഗ്യം ആക്കണമെന്നത് വർഷങ്ങളായുള്ള ആവശ്യമാണ്. അപകടം സംഭവിച്ച ശേഷം പരിഹാരം കാണുന്നതിലും ഭേദം അപകടം ഒഴിവാക്കുന്നതാണ് നല്ലതെന്ന് അധ്യാപകരും രക്ഷകർത്താക്കളും പറയുന്നു. ഇതിനേക്കാൾ ഭീകരമായ തകർച്ചയിലാണ് ഇതിനോടു ചേർന്നുള്ള തൂക്കു പാലം.
13– 3 വാർഡുകളെ ബന്ധിപ്പിച്ച് പമ്പാ നദിക്കു കുറുകെയുള്ള തൂക്കു പാലത്തിന്റെ വലിയൊരുഭാഗം ദ്രവിച്ച അവസ്ഥയിലാണ്. പാലത്തിന്റെ തകർച്ച അറിയാതെ ഒട്ടേറെ ആളുകൾ ഫോട്ടോ ഷൂട്ടിനും മറ്റും പാലത്തിൽ കയറുന്നുമുണ്ട്.
ഇതും അപകടകരമല്ലാതാക്കാൻ നടപടിയില്ല.
“പതിറ്റാണ്ടുകൾ പഴക്കമുള്ള ചങ്ങങ്കരി കൊട്ടാരം പഴയപാലത്തിനു കൈവരികൾ പിടിപ്പിക്കാൻ പോലും അധികൃതർക്ക് കഴിയുന്നില്ല. സ്കൂൾ വിട്ടാൽ കുട്ടികൾ വീട്ടിലെത്തുന്നതു വരെ അധ്യാപകർക്കും രക്ഷാകർത്താക്കൾക്കും പേടിയാണ്.
ബോട്ടു ജെട്ടിയിലേക്ക് പോകാൻ എളുപ്പമായതിനാൽ പല യാത്രക്കാരും ഓടിവന്നു കയറുന്നതും ഈ പാലത്തിലാണ്. പാലം അറ്റകുറ്റപ്പണി നടത്തി കൈവരികൾ സ്ഥാപിക്കാൻ നടപടി വേണം.”
ബി.
അശോകൻ വൈപ്പിശേരി, പിടിഎ പ്രസിഡന്റ്, ചങ്ങങ്കരി ദേവസ്വം യുപി സ്കൂൾ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]