കൂറ്റൻ മണ്ണുമാന്തിയുമായി ഖലാസികൾ വന്നു; അവരും പരാജയപ്പെട്ടു മടങ്ങി: തകരുമോ, മത്സ്യകന്യക?
ആലപ്പുഴ∙ ജില്ലാക്കോടതി പാലം നിർമാണം പുരോഗമിക്കുമ്പോൾ ഇവിടെ വാടക്കനാൽ തീരത്തെ മത്സ്യകന്യകയുടെ ശിൽപം തകർക്കാൻ സാധ്യത. ഇവിടെ നിന്നു ഇളക്കിയെടുത്ത് മറ്റൊരിടത്ത് സുരക്ഷിതമായി സ്ഥാപിക്കാൻ ശ്രമിച്ചെങ്കിലും സാങ്കേതികമായി വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നു കഴിഞ്ഞ ദിവസം പി.പി.ചിത്തരഞ്ജൻ എംഎൽഎ സൂചിപ്പിച്ചു.
2019ൽ മെഗാ ടൂറിസം പദ്ധതിയുടെ ഭാഗമായി നിർമിച്ചതാണ് മത്സ്യകന്യകയുടെ ശിൽപം. ജില്ലാക്കോടതി പാലം നവീകരണ പദ്ധതിയുടെ നിർമാണം തുടങ്ങുന്നതിന് മുൻപേ ശിൽപം നീക്കം ചെയ്യാനുള്ള നടപടികൾ ആരംഭിച്ചതാണ്.
ഇവിടെ നിന്നു സുരക്ഷിതമായി ഇളക്കിയെടുത്ത്, ബീച്ചിൽ സ്ഥാപിക്കാനായിരുന്നു ഏകദേശ ധാരണ. അതിനായി ജില്ലാ ഭരണകൂടവും, ടൂറിസം വകുപ്പും സംയുക്തമായി ആലോചനകൾ നടത്തി.
ഇളക്കി മാറ്റാൻ ടെൻഡർ ക്ഷണിച്ചെങ്കിലും കേടുപാട് വരുത്താതെ സാധ്യമല്ലെന്ന കാരണത്താൽ ആരും ഏറ്റെടുത്തില്ല. കൂറ്റൻ മണ്ണുമാന്തിയും മറ്റുമായി ഖലാസികൾ വന്നു.
അവരും പരാജയപ്പെട്ടു മടങ്ങി. പൊതുമരാമത്ത്, ജലസേചനം, റവന്യു വകുപ്പുകളിലെ ഉദ്യോഗസ്ഥ സംഘവും പരിശോധന നടത്തി.
കേടുപാട് വരുത്താതെ ഇളക്കി മാറ്റാൻ പറ്റാത്ത രീതിയിൽ ആഴത്തിൽ നല്ല ബലത്തിൽ കോൺക്രീറ്റ് ചെയ്ത ശേഷം അതിന്റെ പ്രതലത്തിലാണ് ശിൽപം നിർമിച്ചിട്ടുള്ളത്. ഇത് രണ്ടായി അറുത്തുമുറിച്ചു പോലും നീക്കം ചെയ്യാൻ കഴിയില്ലെന്നാണ് വിദഗ്ധ സംഘം റിപ്പോർട്ട് നൽകിയിട്ടുള്ളത്.
ഇതെല്ലാം മനസ്സിലാക്കിയാണ് കഴിഞ്ഞ ദിവസം എംഎൽഎ പ്രതികരിച്ചത്. ശിൽപം ഇപ്പോൾ മാറ്റാൻ കഴിയില്ല.
ചിലപ്പോൾ തകർന്നു പോകാൻ സാധ്യതയുണ്ട്. ഒരു വൻ പദ്ധതി ചെയ്യാൻ ശിൽപം വേണ്ടെന്നു വയ്ക്കേണ്ടി വരുമെന്നും എംഎൽഎ പറഞ്ഞു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]