കാരിച്ചാൽ ∙ നദികളാലും തോടുകളാലും ജലാശയങ്ങളാലും സമൃദ്ധമായ വീയപുരം വേനൽക്കാലത്തും മഴക്കാലത്തും ശുദ്ധജല ക്ഷാമത്തിന്റെ പിടിയിൽ. ശുദ്ധജല പദ്ധതികൾ പ്രവർത്തിപ്പിക്കുന്നതിലെ വീഴ്ചകളാണ് പഞ്ചായത്തിലെ ശുദ്ധജല ക്ഷാമത്തിനു പ്രധാന കാരണം.
പായിപ്പാട് വെളിയം ജംക്ഷനിലെ പമ്പ് ഹൗസുകളിൽ നിന്നാണ് പഞ്ചായത്തിൽ മിക്ക പ്രദേശങ്ങളിലും ശുദ്ധജലം എത്തിക്കുന്നത്. 1988ൽ നിർമിച്ച ഓവർ ഹെഡ് ടാങ്കിൽ നിന്നാണ് ജല വിതരണം നടത്തുന്നത്.
എന്നാൽ ശേഷി കുറഞ്ഞ മോട്ടറും കാലപ്പഴക്കത്താൽ തകർന്ന ഓവർ ഹെഡ് ടാങ്കും കാരണം പൂർണ തോതിൽ പമ്പിങ് നടത്താൻ കഴിയാത്ത സാഹചര്യമാണ്.
ഓവർ ഹെഡ് ടാങ്കിന്റെ കോൺക്രീറ്റ് പല ഭാഗത്തും അടർന്ന് നിലം പൊത്താവുന്ന സ്ഥിതിയിലാണ്. ടാങ്കിന്റെ മുകളിലേക്കുള്ള പടവുകൾ തകർന്നതിനാൽ മുകളിലേക്ക് കയറാൻ കഴിയില്ല.
അതിനാൽ ശരിയായ രീതിയിൽ ക്ലോറിനേഷൻ നടത്താൻ കഴിയാറില്ല.
ആർഒ പ്ലാന്റുകൾ പ്രവർത്തിക്കാതായിട്ട് വർഷങ്ങളായി. മേൽപാടം, കാരിച്ചാൽ, പായിപ്പാട്, വീയപുരം കിഴക്ക്, വീയപുരം പടിഞ്ഞാറ് എന്നിവിടങ്ങളിലാണ് ആർഒ പ്ലാന്റ് സ്ഥാപിച്ചത്.
ഇവയുടെ അറ്റകുറ്റപ്പണികൾ യഥാസമയം നടക്കാഞ്ഞതിനെ തുടർന്നാണ് പ്രവർത്തനം പൂർണമായും നിലച്ചത്. നീരേറ്റുപുറത്ത് നിന്നു വീയപുരത്തേക്ക് ശുദ്ധജലം എത്തിക്കാൻ 12 കിലോമീറ്റർ ദൂരത്തിൽ പൈപ്പുകൾ സ്ഥാപിച്ചിട്ടു വർഷങ്ങളായെങ്കിലും ഇതുവരെ ഇതിലൂടെ വെള്ളം എത്തിയിട്ടില്ല.
വെള്ളംകുളങ്ങര, ഇയ്യാംവിരുത്തിൽ, കാരിച്ചാൽ, കല്ലേലി പത്ത് എന്നിവിടങ്ങളിലെ ചെറു സംഭരണിയിൽ നിന്നു ശുദ്ധജലം വിതരണം ചെയ്യുന്നുണ്ടെങ്കിലും അത് ജനങ്ങളുടെ ആവശ്യത്തിനു പര്യാപ്തമല്ല.
തുരുത്തേൽ കടവിൽ സ്ഥാപിച്ച മിനി ശുദ്ധജല പദ്ധതിയുടെ നിർമാണം പാതിവഴിയിൽ നിലച്ചിട്ട് 4 വർഷം കഴിഞ്ഞു. വീയപുരത്ത് പുതിയ ശുദ്ധജല പദ്ധതിക്ക് 16 കോടി അനുവദിച്ചിട്ടും വർഷങ്ങൾ കഴിഞ്ഞു.
കാരിച്ചാൽ കുളമാണ് പദ്ധതിക്കായി ഏറ്റെടുത്തത്. എന്നാൽ നീർത്തട
സംരക്ഷണ നിയമം നിലനിൽക്കുന്നതിനാൽ നിർമാണപ്രവർത്തനം തടസ്സപ്പെട്ടിരിക്കുകയാണ്.
കുട്ടനാട് പാക്കേജിൽ ഉൾപ്പെടുത്തി ശുദ്ധജല വിതരണത്തിന് പദ്ധതിയുണ്ടെങ്കിലും കാലഹരണപ്പെട്ട ഓവർഹെഡ് ടാങ്ക് അതിന് പര്യാപ്തമല്ല.
പഞ്ചായത്തിലെ വീയപുരം കിഴക്ക്, മേൽപാടം, വീയപുരം പടിഞ്ഞാറ്, പായിപ്പാട്, കാരിച്ചൽ, വെള്ളംകുളങ്ങര എന്നിവിടങ്ങളിൽ മിനി ശുദ്ധജല പദ്ധതി നടപ്പിലാക്കിയാൽ ശുദ്ധജല ക്ഷാമത്തിനു ഒരു പരിധിവരെ പരിഹാരമാകും. പഴയ ഓവർഹെഡ് ടാങ്ക് പൊളിച്ച് പുതിയത് നിർമിക്കുകയും വേണം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

