അമ്പലപ്പുഴ ∙ വചന പ്രഘോഷകനും പുന്നപ്ര ഐഎംഎസ് ധ്യാന ഭവൻ ഡയറക്ടറുമായ ഫാ.പ്രശാന്ത് ഐഎംഎസ് (71)അന്തരിച്ചു. കൊച്ചിയിലെ ആശുപത്രിയിൽ ഇന്നലെ രാവിലെ ആയിരുന്നു അന്ത്യം.
സംസ്കാരം 23ന് വൈകിട്ട് 3ന് ഐഎംഎസ് ധ്യാന ഭവനിൽ. പുന്നപ്ര മരിയഭവൻ, മരിയധാം, മരിയാലയം, പള്ളിത്തോട് മരിയ സദൻ എന്നീ അഗതിമന്ദിരങ്ങളുടെ സ്ഥാപകനാണ്.
പള്ളിത്തോട് അറുകുലശേരി വീട്ടിൽ ഉമ്മച്ചന്റെയും എർണമ്മയുടെയും മകനാണ്.
സഹോദരങ്ങൾ: ഫെലിസിറ്റ മാർട്ടിൻ, ലിറ്റിൽ ഫ്ലവർ, ക്രിസ്റ്റഫർ, ഹാപ്പിമോൾ.1967 ൽ ഇന്ത്യൻ മിഷനറി സൊസൈറ്റിയിലെ (ഐഎംഎസ്) വൈദിക വിദ്യാർഥിയായി ചേർന്ന് പുന്നപ്ര പറവൂർ, വാരാണസി, അലഹാബാദ്, റാഞ്ചി, ഹരിയാന, മണിപ്പുർ എന്നിവിടങ്ങളിൽ സെമിനാരി പഠനം പൂർത്തിയാക്കി. 1981 ഡിസംബർ 28ന് ആലപ്പുഴ രൂപത ബിഷപ് ഡോ.മൈക്കിൾ ആറാട്ടുകുളത്തിൽ നിന്നു വൈദിക പട്ടം സ്വീകരിച്ചു.
പ്ലാസിഡ് എന്നായിരുന്നു കുട്ടിക്കാലത്തെ പേര്.
അതിന്റെ അർഥമായ പ്രശാന്തം എന്ന വാക്കിൽനിന്ന് ഫാ. പ്രശാന്ത് എന്ന പേരു സ്വീകരിക്കുകയായിരുന്നു.
മനക്കോടം ഫൊറോന പള്ളിയിലും 1982 മുതൽ 1989 വരെ മണിപ്പൂരിൽ ആദിവാസി മേഖലയിലെ പള്ളിയിലും സേവനം ചെയ്തു.
1996ൽ ഐഎംഎസ് ധ്യാനഭവൻ തുടങ്ങിയപ്പോൾ മുതൽ ഫാ.പ്രശാന്ത് ആയിരുന്നു പ്രധാന ദൈവവചന പ്രഘോഷകൻ.മൃതദേഹം നാളെ രാവിലെ 8ന് പള്ളിത്തോട്ടിലെ വീട്ടിൽ കൊണ്ടുവരും. അവിടെനിന്ന് 9ന് മരിയ സദനിലും 10ന് പള്ളിത്തോട് ഇടവക ദേവാലയത്തിലും വൈകിട്ട് 3ന് പുന്നപ്ര മരിയ സദനിലും 3.30 മുതൽ ഐഎംഎസിലും പൊതുദർശനത്തിനു വയ്ക്കും. തുടർന്നു ചൊവ്വാഴ്ച വൈകിട്ട് 3ന് ഐഎംഎസിൽ സംസ്കരിക്കും.
ആശ്വാസതീരം തേടി എത്തിയവർക്ക് തുണയായത് പ്രശാന്തച്ചൻ
ആലപ്പുഴ ∙ പ്രശാന്തച്ചൻ വിട
പറയുമ്പോൾ ഹൃദയം വിങ്ങുന്നത് ദുഃഖവും ദുരിതവും നിറഞ്ഞ ജീവിതത്തിൽ നിന്ന് ആശ്വാസത്തിന്റെ തീരം തേടി എത്തിയ ലക്ഷക്കണക്കിന് ആളുകൾക്കാണ്. കമ്യൂണിസ്റ്റ് വിപ്ലവത്തിന്റെ വളക്കൂറുള്ള പുന്നപ്രയുടെ കടൽത്തീര ഗ്രാമത്തിൽ പ്രശാന്തച്ചൻ ബാക്കി നിർത്തിപ്പോയത് സ്നേഹത്തിന്റെ മുഖം.
കഷ്ടപ്പെടുന്നവരുടെയും വേദനിക്കുന്നവരുടെയും ഇടയിൽ സേവനം ചെയ്യണമെന്ന ആഗ്രഹമാണ് ചേർത്തല പള്ളിത്തോട് തീരദേശ ഗ്രാമത്തിൽ ജനിച്ച പ്ലാസിഡിനെ ഇന്ത്യൻ മിഷനറി സൊസൈറ്റിയിൽ വൈദിക പഠനത്തിനു ചേരാൻ പ്രേരിപ്പിച്ചത്.
വൈദികനായ ശേഷം ഫാ.പ്രശാന്ത് എന്ന പേരിൽ അദ്ദേഹം സേവനം തുടങ്ങിയത് മണിപ്പൂരിലെ ആദിവാസി ഗ്രാമങ്ങളിലായിരുന്നു.
പുതിയ ദൗത്യവുമായി 1993ൽ ആണ് ഫാ.പ്രശാന്ത് പുന്നപ്ര പറവൂരിൽ തിരിച്ചെത്തിയത്. അവിടെ ഇന്ത്യൻ മിഷനറി സൊസൈറ്റിയുടെ ഭാരതറാണി പ്രേഷിത ഭവൻ ധ്യാന കേന്ദ്രമായി മാറ്റാനായിരുന്നു തീരുമാനം.
ഫാ.പ്രശാന്ത് അവിശ്രമം നടത്തിയ പ്രവർത്തനങ്ങൾ വഴി ഐഎംഎസ് കേരളത്തിലെ പ്രധാനപ്പെട്ട ധ്യാന കേന്ദ്രമായി വളർന്നു.
പ്രതീക്ഷ തകർന്നവർ, തീരാവ്യാധികളുമായി അലഞ്ഞവർ എന്നിങ്ങനെ എല്ലാവരും ജാതിമത വ്യത്യാസമില്ലാതെ ഐഎംഎസിൽ എത്തി പ്രശാന്തച്ചന്റെ സമാശ്വാസ വാക്കുകൾ കേട്ടു.
അങ്ങനെ രക്ഷപ്പെട്ടവർ അച്ചനെയും ഐഎംഎസിനെയും മറന്നില്ല. അങ്ങനെയുള്ളവരുടെ സഹായത്തോടെ അശരണരെ സംരക്ഷിക്കാൻ പുന്നപ്രയിലും പള്ളിത്തോട്ടും മന്ദിരങ്ങൾ തുടങ്ങി. അനാഥരെ സംരക്ഷിക്കാൻ പുന്നപ്രയിൽ ശാന്തിഭവൻ നടത്തുന്ന മാത്യു ആൽബിനെപ്പോലെ ത്യാഗ സന്നദ്ധരായ നൂറുകണക്കിന് ആളുകൾ ഫാ.പ്രശാന്തിന്റെ കൂടെ സേവനത്തിൽ പങ്കാളികളായി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

