കുട്ടികളിലും കൗമാരക്കാരിലും അനുദിനം വർധിച്ചുവരുന്ന അക്രമവാസനയും കുറ്റകൃത്യങ്ങളും സമൂഹത്തിന് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. സങ്കടകരവും ഭയപ്പെടുത്തുന്നതുമായ ഇത്തരം പ്രവണതകൾക്കെതിരെ ശക്തമായ പ്രതിരോധ നടപടികൾ അടിയന്തരമായി ഉണ്ടാകേണ്ടതുണ്ട്.
ബന്ധുക്കളെ ആക്രമിക്കുന്ന കുട്ടികൾ, സഹപാഠികളെ കൂട്ടംചേർന്നു മർദിക്കുന്ന കൗമാരക്കാർ, മോഷണം, ലഹരി ഉപയോഗം, ലൈംഗിക കുറ്റകൃത്യങ്ങൾ എന്നിവ ശീലമാക്കുന്ന കുട്ടിക്കൂട്ടങ്ങൾ എന്നിവ വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ, തിരുവനന്തപുരം എസ്എടി ആശുപത്രി ബിഹേവിയറൽ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ പഠനവും ചർച്ചയും ഏറെ പ്രധാർഹമാവുന്നു. ഈ വിഷയത്തിൽ നടന്ന ഗൗരവമേറിയ ചർച്ചയിൽ തിരുവനന്തപുരം ഗവ.
മെഡിക്കൽ കോളജ് എസ്എടി ആശുപത്രിയിലെ ബിഹേവിയറൽ പീഡിയാട്രിക്സ് യൂണിറ്റിൽ പീഡിയാട്രിക്സ് പ്രഫസറും ചൈൽഡ് സൈക്യാട്രിസ്റ്റുമായ ഡോ. ആർ.
ജയപ്രകാശ്, യുകെയിലെ സീനിയർ കൺസൽറ്റന്റ് ന്യൂറോ സൈക്യാട്രിസ്റ്റും കോട്ടയം ബ്രെയിൻവർക്സ് ന്യൂറോ സൈക്യാട്രി ആൻഡ് ചൈൽഡ് ഡവലപ്മെന്റ് സെന്റർ മെഡിക്കൽ ഡയറക്ടറുമായ ഡോ. ജോബി സ്കറിയ എന്നിവർ പങ്കെടുത്തു.
കുട്ടികളിലെ ക്രിമിനൽ വാസനയ്ക്കുള്ള മുഖ്യകാരണങ്ങൾ വിശകലനം ചെയ്തുകൊണ്ട് വിദഗ്ധർ മുന്നോട്ടുവെച്ച നിർദേശങ്ങൾ താഴെ പറയുന്നവയാണ്: കുട്ടികളെ പൂർണ്ണമായി മാറ്റിനിർത്തിക്കൊണ്ട് അവരെക്കുറിച്ച് മാത്രം സംസാരിക്കുന്ന പഴഞ്ചൻ രീതി ഇനി തുടരേണ്ടതില്ല. പകരം, പുതിയ കാലഘട്ടത്തിന് അനുയോജ്യമായ രീതിയിൽ കുട്ടികളെയും സജീവമായി പങ്കാളികളാക്കിക്കൊണ്ടുള്ള സാമൂഹിക, മാനസിക, സാംസ്കാരിക, വിദ്യാഭ്യാസ പരിഷ്കരണങ്ങളും മുന്നേറ്റങ്ങളും ഉണ്ടാകേണ്ടതുണ്ട്.
ആധുനിക കാലത്ത് സോഷ്യൽ മീഡിയയും സ്മാർട്ട് ഫോണുകളും ഒഴിവാക്കാനാവാത്ത ഘടകങ്ങളാണെന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞുകൊണ്ട്, അവയ്ക്ക്മേൽ പ്രായോഗികമായ നിയന്ത്രണങ്ങളും കൃത്യമായ മേൽനോട്ടവും ശക്തമായ ബോധവൽക്കരണവും വ്യാപകമാക്കണം. വരണമൊരു ‘ഓപ്പറേഷൻ യങ്സ്റ്റാർ’ അപാരമായ കഴിവും ഊർജ്ജവുമുള്ള നമ്മുടെ കുട്ടികൾ സമൂഹത്തിന്റെ വലിയൊരു സമ്പത്താണ്.
അവരുടെ കഴിവുകളെ ശരിയായ ദിശയിലേക്ക് തിരിച്ചുവിടാനും, സ്വഭാവ-പെരുമാറ്റ വൈകല്യങ്ങളിൽ നിന്ന് പൂർണ്ണമായി മോചിപ്പിക്കാനും, നല്ല സൗഹൃദങ്ങളും മികച്ച ശാരീരിക-മാനസിക ആരോഗ്യവും വളർത്തിയെടുക്കാനും ‘ഓപ്പറേഷൻ യങ്സ്റ്റാർ’ പോലുള്ള പദ്ധതികൾ അനിവാര്യമാണ്. കുട്ടികളിൽ ഉത്തരവാദിത്തബോധവും യാഥാർത്ഥ്യചിന്തയും ഊട്ടിയുറപ്പിക്കാൻ ഇതിലൂടെ സാധിക്കും.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ, സാംസ്കാരിക, കായിക, ശിശുക്ഷേമ വകുപ്പുകൾ, ഒപ്പം കേരള പൊലീസിന്റെയും നേതൃത്വത്തിൽ നടപ്പിലാക്കുന്ന ദീർഘകാല സമഗ്ര പദ്ധതികൾ നമ്മുടെ കുട്ടികളെ കൂടുതൽ ഊർജസ്വലരാക്കട്ടെയെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

