ആലപ്പുഴ ∙ ദേശീയപാത 66ൽ അരൂർ – തുറവൂർ ഉയരപ്പാത നിർമാണത്തിൽ സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചോയെന്ന വിദഗ്ധസംഘത്തിന്റെ പരിശോധന നടക്കുന്നതിനിടെ നിർമാണസ്ഥലത്തു വീണ്ടും അപകടം. ചന്തിരൂർ കൊച്ചുവെളി കവലയ്ക്കു സമീപം ഉയരപ്പാതയുടെ മുകളിൽ നിന്നു കട്ടിയുള്ള റബർ ഷീറ്റ് താഴെ വീഴുകയായിരുന്നു. അപ്പോൾ ആരും താഴെ ഇല്ലാതിരുന്നതിനാൽ മറ്റു പ്രശ്നങ്ങൾ ഉണ്ടായില്ല.
ഇന്നലെ തുറവൂർ മുതൽ എരമല്ലൂർ വരെയുള്ള ഭാഗത്തെ നിർമാണപ്രവർത്തനങ്ങളാണു സംഘം പരിശോധിച്ചത്. അവിടെ നിന്നു രണ്ടു കിലോമീറ്റർ മാത്രം അകലെയാണ് അപകടം ഉണ്ടായത്.
കേന്ദ്ര റെയിൽവേ മന്ത്രാലയത്തിനു കീഴിലുള്ള റൈറ്റ്സ് ലിമിറ്റഡിൽ നിന്നുള്ള നാലംഗ സംഘമാണു പരിശോധന നടത്തിയത്.
പരിശോധന പൂർത്തിയാക്കി ഉച്ചയോടെ ഇവർ മടങ്ങി. എരമല്ലൂർ മുതൽ വടക്കോട്ടുള്ള ഭാഗം കഴിഞ്ഞ ദിവസം പരിശോധിച്ചിരുന്നു. നിർമാണ ജോലികൾ നടക്കുന്നതിനിടെയാണു റോഡിനു സമീപമുള്ള സ്ഥലത്തു റബർ ഷീറ്റ് വീണത്.
പാതയുടെ വശങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ കാനയുമായി ബന്ധപ്പെട്ട പണികൾ നടന്നിരുന്നു.13ന് ഉയരപ്പാത നിർമാണ മേഖലയിൽ എരമല്ലൂരിനു സമീപം കോൺക്രീറ്റ് ഗർഡർ 9 മീറ്റർ ഉയരത്തിൽ നിന്നു പിക്കപ് വാനിലേക്കു വീണു ഡ്രൈവർ പള്ളിപ്പാട് സ്വദേശി സി.ആർ.രാജേഷ് (47) മരിച്ച സംഭവത്തെ തുടർന്നാണു സുരക്ഷാ ഓഡിറ്റ് നടത്തുന്നത്.
ജീവൻ പൊലിഞ്ഞിട്ടും നിരുത്തരവാദപരമായാണു കരാർ കമ്പനി പണികൾ തുടരുന്നതെന്നു നാട്ടുകാർ ആരോപിച്ചു.
ഗർഡർ വീണ ശേഷവും താഴെക്കൂടി വാഹനങ്ങൾ കടന്നുപോകുമ്പോൾ ഇരുമ്പ് ബീം ഇളക്കുന്നത് ഉൾപ്പെടെ പണികൾ കമ്പനി തുടർന്നിരുന്നു. ചന്തിരൂരിൽ 14ന് പ്ലൈവുഡ് പാളിയും നിലംപൊത്തിയിരുന്നു.ഉയരപ്പാത നിർമാണ സ്ഥലത്തെ അപകടങ്ങൾ സംബന്ധിച്ചു പൊലീസിന്റെയും മോട്ടർവാഹന വകുപ്പിന്റെയും റിപ്പോർട്ടുകളും റൈറ്റ്സ് സംഘം ശേഖരിക്കുന്നുണ്ട്. തുടർന്നു വിശദമായ റിപ്പോർട്ട് ദേശീയപാത അതോറിറ്റിക്കു സമർപ്പിക്കും.
ഇതിന്റെ അടിസ്ഥാനത്തിലാകും കരാർ കമ്പനിക്കെതിരെ നടപടി വേണോയെന്നതിൽ തീരുമാനമാകുക. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

