അപകടാവസ്ഥയിലായ വീട്ടിൽ അതിജീവനത്തിനായി പൊരുതിയ കുടുംബത്തിന്റെ ദയനീയ വിവരങ്ങളാണ് പുറത്തുവരുന്നത്. ഹരിപ്പാട് മേഖലയിലാണ് നടുക്കുന്ന സംഭവം നടന്നിരിക്കുന്നത്.
കുട്ടികളിലൊരാൾ തെരുവുവിളക്കിന്റെ വെളിച്ചത്തിൽ മറിച്ചു നോക്കിയ പാഠപുസ്തകം മുഷിഞ്ഞ തുണികൾക്കു സമീപം നിലത്തു കിടപ്പുണ്ട്, പണ്ടെന്നോ സ്കൂളിൽ പോയതിന്റെ ബാക്കിപത്രംപോലെ. മൂക്കുപൊത്താതെ മുറികളിലേക്കു പ്രവേശിക്കാൻ സാധിക്കില്ല.
ഒരുമുറിയിലും വെളിച്ചമില്ല. പണത്തിനായി വാതിലുകളും ജനലുകളും പൊളിച്ചു മാറ്റിയ വീട്ടിലാണ് പോഷകാഹാരക്കുറവുമൂലം മരിച്ച രണ്ടുവയസ്സുകാരനും കുടുംബവും ജീവിച്ചിരുന്നത്.
ഏതുനിമിഷവും ഇടിഞ്ഞുപൊളിഞ്ഞ് വീഴാവുന്ന നിലയിലാണ് വീട്. നാലു പെൺകുട്ടികളും അമ്മയും അടങ്ങുന്ന കുടുംബം ഉപയോഗിച്ചിരുന്ന ശുചിമുറി മറച്ചിരുന്നത് തുണി ഉപയോഗിച്ചാണ്.
ഒരു കിടക്ക നിലത്ത് വിരിച്ചാണ് നാലുപെൺകുട്ടികളും രണ്ടുവയസ്സുകാരനും അച്ഛനും അമ്മയും അടങ്ങുന്ന ഏഴംഗ കുടുംബം കിടന്നിരുന്നത്. പലപ്പോഴും വീട്ടിൽ ഭക്ഷണം പോലും ഉണ്ടാക്കിയിരുന്നില്ല.
കട്ടൻചായയിലും പാലുംവെള്ളത്തിലും ബിസ്കറ്റ് കുതിർത്തു നൽകിയാണ് മരണപ്പെട്ട രണ്ടുവയസ്സുകാരന്റെ വിശപ്പ് അകറ്റിയിരുന്നത്.
അഞ്ചുകുട്ടികൾക്കും അയൽവീട്ടുകാർ പലപ്പോഴും ഭക്ഷണം നൽകിയിരുന്നു. പാചകം ചെയ്യാറുണ്ടെന്ന് അച്ഛൻ രാജേഷ് പറയുന്നുണ്ടെങ്കിലും വിറകോ പാചകവാതകമോ അടുക്കളയിൽ ഇല്ല.
പലപ്പോഴും തട്ടുകടയിൽ നിന്നാണ് ഭക്ഷണം വാങ്ങിയിരുന്നത്. കുഞ്ഞിനുവേണ്ടി നൽകിയ അമൃതംപൊടി പാചകം ചെയ്യാനാറിയില്ലെന്നുപറഞ്ഞ് അമ്മ കൊടുക്കാറില്ലെന്ന് അയൽവാസികൾ പറയുന്നു.
വീട്ടുമുറ്റത്തെ കിണറിന് മൂടിയില്ല. ഭക്ഷണാവശിഷ്ടങ്ങളും മറ്റുമാലിന്യങ്ങളും കൂട്ടിയിട്ടിരിക്കുന്ന വീട്ടുവളപ്പിൽ കളിക്കാൻ സാധിക്കാത്തതിനാൽ വീടിനു സമീപത്തെ പറമ്പാണ് കുട്ടികളുടെ കളിസ്ഥലം.
എപ്പോഴും മൂത്ത പെൺകുട്ടികളിലൊരാൾ മരിച്ച രണ്ടുവയസ്സുകാരനെ എടുത്ത് നടക്കുമായിരുന്നു. ശ്വാസംമുട്ടലും നടക്കാൻ ബുദ്ധിമുട്ടുമുണ്ടായിരുന്ന കുഞ്ഞനുജനെ ചേച്ചിമാർ നടത്തിക്കാറില്ല.
അമ്മ താരയും അച്ഛൻ രാജേഷും പലപ്പോഴും രാത്രിയിൽ പുറത്തുപോയി മദ്യപിക്കുമെന്നും ഈസമയം വീട്ടിൽ മക്കൾ ഒറ്റയ്ക്കാണെന്നും അയൽവാസികൾ പറയുന്നു. അമ്മ പകൽ ബോധരഹിതയായി കിടന്നുറങ്ങുമ്പോൾ കുഞ്ഞിനെ കുളിപ്പിക്കുന്നതും ഭക്ഷണംനൽകുന്നതടക്കമുള്ള കാര്യങ്ങൾ ചെയ്തിരുന്നത് 11 വയസ്സുള്ള മൂത്ത കുട്ടിയാണ്.
മരണപ്പെട്ട അന്ന് രാത്രി മൂത്ത കുട്ടിയുടെ കൂടെ കിടത്തിയിരുന്ന കുഞ്ഞിനെ ചലനമറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു.
കളിച്ചു നടക്കേണ്ട പ്രായത്തിൽ താഴെയുള്ള സഹോദരങ്ങൾക്ക് അമ്മയുടെ സ്ഥാനത്തുനിന്ന് പരിചരണം നൽകേണ്ടി വന്ന പതിനൊന്നുകാരിയുടെ ജീവിതമാണ് നാട്ടുകാരുടെ മനസ്സിൽ.
സ്കൂളിൽ പോയി അക്ഷരങ്ങൾ പഠിക്കാനോ കൂട്ടുകാരോടൊപ്പം കളിക്കാനോ കഴിയാതെ അടച്ചുറപ്പില്ലാത്ത കൂരയ്ക്കുള്ളിൽ സഹോദരങ്ങളെ വിശപ്പറിയിക്കാതെ നോക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു മൂത്ത പെൺകുട്ടി. അമ്മ ഏഴാമത്തെ പ്രസവത്തിനായി ആശുപത്രിയിലായ ദിവസങ്ങളിൽ മാത്രമല്ല, അതിനു മുൻപും വീട്ടുജോലികളുടെയും കുഞ്ഞുങ്ങളുടെ പരിപാലനത്തിന്റെയും ഭാരം ഈ ബാലികയുടെ ചുമലിലായിരുന്നു.
മൂടിയില്ലാത്ത കിണറ്റിൽനിന്നു വെള്ളം കോരിയെടുക്കുന്നതും താഴെയുള്ള കുരുന്നുകളുടെ വിശപ്പകറ്റാൻ ശ്രമിക്കുന്നതുമെല്ലാം ഈ കുട്ടിയായിരുന്നുവെന്ന് സമീപവാസികൾ പറഞ്ഞു. കുട്ടിയെ സുരക്ഷിതമല്ലാത്ത കിണറ്റിൽ നിന്നു വെള്ളം കോരിക്കരുതെന്ന് സമീപവാസികൾ പല തവണ മാതാപിതാക്കളോട് പറഞ്ഞിട്ടുണ്ടെങ്കിലും ചെവികൊള്ളാറില്ലെന്നാണ് ഇവരുടെ പരാതി.
വീട്ടിൽ അടുപ്പു പുകയാത്ത ദിവസങ്ങളിൽ സുമനസ്സുകൾ നൽകുന്ന ഭക്ഷണപ്പൊതികൾ വാങ്ങി സഹോദരങ്ങൾക്കു നൽകിയിരുന്നതും ഈ കുട്ടിയാണ്. രണ്ടുവയസ്സുകാരന്റെ മരണം ഇതുവരെ കുഞ്ഞിന്റെ അമ്മ താരയെയും നാലു സഹോദരിമാരേയും അറിയിച്ചിട്ടില്ല.
നിലവിൽ ഏഴാമത്തെ പ്രസവത്തിനുശേഷം ആശുപത്രിയിൽ വിശ്രമത്തിലാണ് താര. രക്താധിസമ്മർദമുള്ളതിനാൽ അറിയിക്കേണ്ടതില്ലെന്നാണ് ഡോക്ടർമാർ പറഞ്ഞതെന്ന് ഭർത്താവ് രാജേഷ് പറഞ്ഞു.
അനിയന് സുഖമില്ലാത്തതിനാൽ ആശുപത്രിയിലാണെന്നാണ് സഹോദരിമാരോടു പറഞ്ഞിരിക്കുന്നത്. നിലവിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണത്തിലാണ് ഇവർ.താരയ്ക്ക് ഇപ്പോൾ ജനിച്ച കുഞ്ഞിന് മറ്റ് ആരോഗ്യപ്രശ്നങ്ങളില്ല.
കുഞ്ഞിനെ അമ്മയുടെ പരിചരണത്തിൽ തന്നെ നിർത്താനാണ് തീരുമാനം. മറ്റു ഏഴ് പ്രസവങ്ങളുടെ സമയത്തും താര കൃത്യമായി ചികിത്സ തേടിയിരുന്നില്ല.
പ്രസവ സമയത്ത് മാത്രമാണ് ആശുപത്രിയിൽ പോകുന്നത്. രക്താധിസമ്മർദമുള്ളതിനാൽ ആശുപത്രിയിൽ പോകണമെന്ന് പലതവണ ആശാ പ്രവർത്തകർ ആവശ്യപ്പെട്ടിരുന്നെങ്കിലും ഒരുതവണ മാത്രമാണ് ചികിത്സ തേടിയത്.
പോഷകാഹാരക്കുറവുമൂലം രണ്ടു വയസ്സുള്ള കുട്ടി മരിച്ച കുടുംബത്തിന് രണ്ടുമാസം മുൻപ് 4 സെന്റ് സ്ഥലവും വീടും വാഗ്ദാനം ചെയ്തിരുന്നതായി പത്തനാപുരം ഗാന്ധിഭവൻ അധികൃതർ അറിയിച്ചു. പിതാവ് രാജേഷിന് ഡ്രൈവർ ജോലി നൽകാമെന്നും കുഞ്ഞുങ്ങളുടെയും അമ്മയുടെയും സംരക്ഷണച്ചുമതല ഏറ്റെടുക്കാം എന്ന് അറിയിച്ചിെങ്കിലും ഇത് സ്വീകരിക്കാൻ രാജേഷും ഭാര്യ താരയും തയാറായില്ലെന്നു ഗാന്ധിഭവൻ അധികൃതർ പറഞ്ഞു.
ഓഗസ്റ്റ് 3ന് മന്ത്രി രമേശ് ചെന്നിത്തലയുടെ നിർദേശപ്രകാരം ഇവരെ ഗാന്ധിഭവനിലേക്ക് മാറ്റിയെങ്കിലും താര തിരിച്ചു പോകണമെന്ന് പറഞ്ഞ് ആത്മഹത്യാഭീഷണി മുഴക്കുകയും വാടക വീട് ശരിയായി എന്നു പറഞ്ഞ് നാട്ടിലേക്ക് മടങ്ങുകയും ചെയ്തെന്ന് ഗാന്ധിഭവൻ അധികൃതർ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

